26 July 2024, Friday
KSFE Galaxy Chits Banner 2

Related news

July 15, 2024
July 14, 2024
July 8, 2024
July 2, 2024
May 22, 2024
May 17, 2024
May 15, 2024
May 9, 2024
May 3, 2024
March 16, 2024

കല്‍ക്കരിയില്‍ അഡാനി തട്ടിപ്പ്

 ഇറക്കുമതി വിലകൂട്ടി കാണിച്ച് ലാഭം കൊയ്തു 
 ഓഹരിവിപണിയില്‍ വന്‍ ഇടിവ് 
Janayugom Webdesk
ന്യൂഡല്‍ഹി
October 13, 2023 10:27 pm

കല്‍ക്കരി വില ഇരട്ടിയാക്കി കാണിച്ച് സാധാരണക്കാരില്‍ നിന്നുള്‍പ്പെടെ അഡാനി കമ്പനി കോടികള്‍ തട്ടിപ്പ് നടത്തിയതായി വിവരങ്ങള്‍ പുറത്ത്. ഇതോടെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് സമമായി ഓഹരിവിപണിയില്‍ അഡാനി ഗ്രൂപ്പിന് വന്‍ ഇടിവും നേരിട്ടു.  സാമ്പത്തിക ദിനപത്രമായ ഫിനാന്‍ഷ്യല്‍ ടൈംസായിരുന്നു അഡാനി തട്ടിപ്പിന്റെ പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 41,640 കോടി രൂപയുടെ കല്‍ക്കരി വില ഇരട്ടിയാക്കി കാണിച്ച് ഇറക്കുമതി ചെയ്യുകയും ഇതുപയോഗിച്ച്‌ ഉല്പാദിപ്പിച്ച വൈദ്യുതിയിലൂടെ കോടിക്കണക്കിന്‌ ഉപയോക്താക്കളിൽനിന്ന്‌ അമിതനിരക്ക്‌ ഈടാക്കി അഡാനി കമ്പനി വന്‍ ലാഭം കൊയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള ചങ്ങാത്തത്തിലൂടെ അഡാനി രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ഊർജ ഉല്പാദകനും തുറമുഖ നടത്തിപ്പുകാരനുമായി മാറി. ഈ സാഹചര്യങ്ങള്‍ തട്ടിപ്പിന് ഉപയോഗപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഹിൻഡൻബർഗ്‌ റിപ്പോർട്ടിൽ അഡാനിയുടെ രഹസ്യ ഓഹരി പങ്കാളിയെന്ന്‌ കണ്ടെത്തിയ തായ്‌വാൻ വ്യവസായിയെ ഇടനിലക്കാരനാക്കിയ കള്ളക്കളിയിലൂടെ 52 ശതമാനം വരെ ലാഭം നേടി.  ഹിൻഡൻബർഗും പിന്നീട് ഫിനാൻഷ്യൽ ടൈംസും ഉന്നയിച്ച കൽക്കരി ഇറക്കുമതി സംബന്ധിച്ച ആരോപണങ്ങൾ അഡാനി നിഷേധിച്ചിരുന്നു. കൽക്കരി ഇറക്കുമതിയിലെ അമിത മൂല്യനിർണയ പ്രശ്നം സുപ്രീം കോടതി പരിഹരിച്ചതാണെന്ന്‌ അഡാനി അവകാശപ്പെടുന്നു. എന്നാൽ അഡാനിയുടെ ”ഇറക്കുമതി രേഖകളിലെ വില അക്കാലത്ത്‌ നടന്ന അനുബന്ധ കയറ്റുമതികളേക്കാൾ വളരെ കൂടുതലാണ്’ എന്ന് ഫിനാൻഷ്യൽ ടൈംസ്‌ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

2019 ജനുവരിയിൽ അഡാനിക്കുവേണ്ടി ഇന്തോനേഷ്യൻ തുറമുഖമായ കലിയോറാങ്ങിൽനിന്ന്‌ 74,820 ടൺ കല്‍ക്കരിയാണ്‌ ഇറക്കുമതി ചെയ്‌തത്‌. കയറ്റുമതി രേഖകളിൽ കൽക്കരിവില 15.8 കോടി രൂപയും ഷിപ്പിങ്, ഇൻഷുറൻസ് എന്നിവയ്ക്ക് 34 ലക്ഷം രൂപയുമാണ്‌ ചെലവ്‌ കാണിച്ചിരുന്നത്‌. അഡാനി നടത്തുന്ന ഗുജറാത്തിലെ മുന്ദ്രയിൽ എത്തിയപ്പോൾ ഇറക്കുമതി മൂല്യം 35 കോടിയായെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതുപോലെ മൂന്ന്‌ വർഷങ്ങൾകൊണ്ട്‌ നിരവധി ഇടപാടുകൾ നടന്നതായും റിപ്പോർട്ട് വെളിപ്പെടുത്തുന്നുണ്ട്.

ഹിന്‍ഡന്‍ബര്‍ഗ് കേസ് മാറ്റി

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അഡാനി ഗ്രൂപ്പിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ സംബന്ധിച്ച കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി. ഈ മാസം 20നായിരിക്കും കേസ് ഇനി പരിഗണിക്കുക. ഇന്നലെ പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ ആദ്യം ഹിന്‍ഡന്‍ബര്‍ഗ് കേസ് ഇടംപിടിച്ചിരുന്നു. എന്നാല്‍ പിന്നീട് പട്ടികയില്‍ നിന്നും കേസ് ഒഴിവാക്കപ്പെട്ടു.
സുപ്രീം കോടതിയിലെ ആശയക്കുഴപ്പം അഡാനി ഗ്രൂപ്പിന്റെ ഓഹരികളെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി. പത്തില്‍ ഒമ്പത് കമ്പനികളും നഷ്ടത്തിലായിരുന്നു. പ്രധാന കമ്പനിയായ അഡാനി എന്റർപ്രൈസസ് മൂന്ന് ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി.

അഡാനിക്കെതിരെ പുതിയ അന്വേഷണം

സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണങ്ങള്‍ ശക്തമായിരിക്കെ ഗൗതം അഡാനിക്കെതിരെ പുതിയ അന്വേഷണം. അഡാനി എന്റര്‍പ്രൈസസിനെതിരെ കോര്‍പറേറ്റ് കാര്യ മന്ത്രാലയമാണ് അന്വേഷണം നടത്തുക.
മുംബൈ അന്താരാഷ്ട്ര വിമാനത്താവളവും നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളവും ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് അന്വേഷണം. രണ്ട് കമ്പനികളുടെയും അക്കൗണ്ട് ബുക്കുകള്‍ അടക്കം ഹാജരാക്കാന്‍ കോര്‍പറേറ്റ് കാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
ഹിന്‍ഡന്‍ബര്‍ഗ്, ഒസിസിആര്‍പി, ഫൈനാന്‍ഷ്യല്‍ ടൈംസ് അന്വേഷണറിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് അഡാനി ഗ്രൂപ്പിനെതിരെ പുതിയ അന്വേഷണം. നിലവില്‍ അഡാനി ഗ്രൂപ്പിന്റെ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്റുകളിന്മേല്‍ കോര്‍പറേറ്റ് കാര്യ മന്ത്രാലയം അന്വേഷണം നടത്തുന്നുണ്ട്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്മേല്‍ സെബിയുടെ അന്വേഷണവും അഡാനിക്കെതിരെ നടന്നുവരുന്നുണ്ട്.

Eng­lish Summary:Adani fraud in coal

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.