കല്‍ക്കരി ക്ഷാമത്തെത്തുടര്‍ന്ന് രാജ്യം വലിയ വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. രാജ്യത്ത് പല സംസ്ഥാനങ്ങളിലും എട്ട് മണിക്കൂര്‍ ഊര്‍ജ നിയന്ത്രണം ഏര്‍പ്പെടുത്തി.
കടുത്ത വേനലിൽ വൈദ്യുതി ഉപയോഗം വർധിച്ചതും വൈദ്യുതി പ്രതിസന്ധിക്ക് കാരണമായി ഓൾ ഇന്ത്യ പവർ എഞ്ചിനീയേഴ്സ് ഫെഡറേഷൻ ചൂണ്ടിക്കാണിക്കുന്നു. ഇതിനോടകം തന്നെ പഞ്ചാബ്, ഉത്തർ പ്രദേശ്, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ വൈദ്യുതി ക്ഷാമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇന്ത്യയുടെ വൈദ്യുതോൽപ്പാദനത്തിന്റെ 70 ശതമാനവും കൽക്കരിയിൽ നിന്നാണ് ഉണ്ടാക്കുന്നത്. എന്നാൽ നിലവിൽ കൽക്കരിക്ക് വൻ ക്ഷാമമാണ് നേരിടുന്നത്. 54 താപവൈദ്യുത നിലയങ്ങളിൽ 28 എണ്ണത്തിലും കൽക്കരി ക്ഷാമം അതീവ ഗുരുതരം ആണെന്ന് ഫെഡറേഷൻ ചൂണ്ടിക്കാട്ടുന്നു.
പഞ്ചാബിലെ രാജ്പുര താപ വൈദ്യുത നിലയത്തിലെ അസംസ്കൃത കൽക്കരി സ്റ്റോക്ക് 17 ദിവസത്തേക്ക് മാത്രമേയുള്ളൂ. ഇവിടെത്തന്നെ താൽവണ്ടി സബോ താപവൈദ്യുത നിലയത്തിൽ നാല് ദിവസത്തേക്കുള്ള കൽക്കരി മാത്രമാണ് സ്റ്റോക്ക് ഉള്ളത്. പഞ്ചാബിലെ ജി വി കെ തെർമൽ പ്ലാന്റ് ആവശ്യത്തിന് കൽക്കരി ഇല്ലാതെ പ്രവർത്തനം നിർത്തി.
ഇതോടെ ലോഹങ്ങൾ, ലോഹസങ്കരങ്ങള്‍, സിമന്റ് എന്നിവയുടെ നിർമ്മാതാക്കൾ ഉൾപ്പെടെയുള്ള ചെറുകിട, വൻകിട ബിസിനസ്സുകൾ, ആഭ്യന്തര, ആഗോള വിപണിയിൽ ഊർജത്തിനായി കൂടുതൽ ചെലവഴിക്കേണ്ടിവരുന്നു.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും താപനില കുതിച്ചുയരുകയാണ്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് രാജ്യത്തിന്റെ തലസ്ഥാനമായ ന്യൂഡൽഹിയിൽ ഉയര്‍ന്ന ചൂട് 42.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.
ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും 40 ഡിഗ്രിക്ക് മുകളിലാണ് ചൂട് രേഖപ്പെടുത്തുന്നത്. സ്വഭാവികമായും ഇവിടങ്ങളിലെ വൈദ്യുത ഉപയോഗം ഉയർന്നു. ഇതേ തുടർന്ന് വൈദ്യുത തടസവും പതിവായിട്ടുണ്ട്.
ആഭ്യന്തര ഉല്പാദനം കുറഞ്ഞതും കടൽ ചരക്ക് ഉയർന്നതിനാൽ ഇറക്കുമതി കുറച്ചതുമാണ് രാജ്യത്ത് കൽക്കരി ക്ഷാമത്തിന് കാരണമായത് എന്നാണ് വൈദ്യുതി മന്ത്രാലയം പറയുന്നത്. ഏപ്രിൽ 18 വരെ വൈദ്യുതി ഉല്പാദകർ സ്റ്റോക്ക് കൈവശം വച്ചിരുന്നു.
എന്നാൽ അത് ശരാശരി ഒമ്പത് ദിവസം മാത്രമേ നീണ്ടുനിൽക്കു. ഈ മാസത്തിന്റെ ആദ്യ പകുതിയിൽ ഉല്പാദനം 27 ശതമാനം വർധിപ്പിച്ചെങ്കിലും കൽക്കരിയുടെ ക്ഷാമം വൈദ്യുതി ഉല്പാദനത്തെ നന്നായി ബാധിക്കുന്നുണ്ട്.
English summary; Coal shortage; Eight-hour power cut in many states
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.