
വെളിച്ചെണ്ണ വില കുറയ്ക്കാന്‍ സമഗ്ര ഇടപെടലുമായി സര്‍ക്കാര്‍. ഓണക്കാലത്ത് ജനങ്ങള്‍ക്ക് വില കുറച്ച് വെളിച്ചെണ്ണ നല്‍കാനുള്ള പരിശ്രമത്തിലാണ് കൃഷി വകുപ്പെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. കുറഞ്ഞ വിലയില്‍ വെളിച്ചെണ്ണ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത് പരിശോധിച്ചു വരികയാണ്. ഓണക്കാലത്ത് കേരഫെഡ് വെളിച്ചെണ്ണ വില കുറച്ച് ലഭ്യമാക്കാന്‍ സപ്ലൈകോയുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2026 സെപ്തംബര്‍ വരെ തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില ഉയര്‍ന്നു നില്‍ക്കുമെന്നാണ് ലോക ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കാലാവസ്ഥ വ്യതിയാനവും കീടബാധയുമാണ് വില വര്‍ധനയ്ക്കുള്ള പ്രധാന കാരണങ്ങള്‍. കേരളത്തില്‍ തേങ്ങ ഉല്പാദനത്തില്‍ 25 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. ദക്ഷിണേന്ത്യ ആകെ എടുത്താല്‍ 40 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. ലോകം മുഴുവന്‍ തേങ്ങ ഉല്പാദനത്തില്‍ ഇടിവ് സംഭവിച്ചിട്ടുണ്ടെങ്കിലും ദക്ഷിണേന്ത്യയിലാണ് കാര്യമായി ബാധിച്ചിട്ടുള്ളത്. ഇതിന്റെ പശ്ചാത്തലത്തിലാണ് വില വര്‍ധനവില്‍ സമഗ്രമായി ഇടപെടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
നാളികേരത്തിന്റെ വില കുറയുമ്പോഴാണ് സാധാരണ നിലയില്‍ സംഭരിക്കുന്നത്. കോക്കനട്ട് ഡെവലപ്മെന്റ് ബോര്‍ഡ് നിശ്ചയിക്കുന്ന തേങ്ങയുടെ പൊതുവിപണിയിലെ വിലയേക്കാള്‍ ഒരു രൂപ അധികം നല്‍കി കര്‍ഷകരില്‍ നിന്ന് സംഭരിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഗുണമേന്മയുള്ള വെളിച്ചെണ്ണ ജനങ്ങള്‍ക്ക് നല്‍കണമെന്നതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ കര്‍ഷകരില്‍ നിന്ന് കൊപ്ര സംഭരിക്കുന്നത്. ജൂലൈ ഏഴിന് നാളികേര സംഭരണ കേന്ദ്രം ചെറുപുഴയില്‍ ആരംഭിച്ചു.
കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട തുക നല്‍കിയാണ് തേങ്ങ ശേഖരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഇസാഫ് ബാങ്കുമായി സഹകരിച്ച് സംഭരണ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. തൃശൂരില്‍ സഹകരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് തേങ്ങ സംഭരിക്കാനുള്ള നടപടികള്‍ ആവഷ്കരിച്ചിട്ടുണ്ട്. ഗുണമേന്മയുള്ള വെളിച്ചെണ്ണ ഇതിലൂടെ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കഴിയും. വില മാത്രമല്ല, ഗുണമേന്മയും പ്രധാനമാണ്. ഓണക്കാലത്ത് വിപണിയില്‍ മായം ചേര്‍ത്ത വെളിച്ചെണ്ണ ഉണ്ടാകാതിരിക്കാനും കേര ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കര്‍ഷകരില്‍ നിന്ന് ഹോര്‍ട്ടികോര്‍പ്പ് നേരിട്ട് സ്വീകരിച്ച പച്ചക്കറികളുടെ കുടിശിക വേഗത്തില്‍ നല്‍കാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. മേയ് വരെയുള്ള തുക പൂര്‍ണമായും നല്‍കി. ജൂണിലെ 28 ലക്ഷം കൂടി ഉടന്‍ നല്‍കുമെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.