
വലിയ കുതിപ്പിന് ശേഷം സംസ്ഥാനത്ത് വെളിച്ചെണ്ണ വില പതിയെ കുറയുന്നു. പൊതുവിപണിയിൽ സർക്കാരിന്റെ ഇടപെടലുകളും തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള വൈകിയ വിളവെടുപ്പിലെ പുതിയ കൊപ്ര വരവുമാണ് വില കുറയാനുള്ള പ്രധാന കാരണം. ക്വിന്റലിന് 41,800 എന്ന റെക്കോഡ് വിലയിലെത്തിയതിന് ശേഷമാണ് മൊത്ത വിപണിയിൽ വില കുറഞ്ഞത്. ഈ മാസം നാലിന് 41,100 രൂപയിലെത്തിയ വെളിച്ചെണ്ണ വില ഇന്നലെ 37,300 രൂപയിലെത്തി. രൂക്ഷമായ കൊപ്രക്ഷാമമാണ് വില വർധിക്കാൻ കാരണം. മാസങ്ങളായി തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നും കൊപ്ര ലഭ്യമാവാതെ വന്നത് പ്രതിസന്ധി ശക്തമാക്കി. ആവശ്യത്തിന് കൊപ്ര ലഭിക്കാതെ വന്നതോടെ കേരളത്തിൽ മില്ലുകൾ പലതും അടച്ചിടേണ്ട സ്ഥിതിയുണ്ടായി.
കൊപ്രയ്ക്ക് ആനുപാതികമായിട്ടാണ് ഇപ്പോൾ വെളിച്ചെണ്ണ വിലയും കുറയുന്നത്.
കഴിഞ്ഞ മാസം 29ന് കൊപ്ര വില ക്വിന്റലിന് 25,800 എന്ന റെക്കോഡിലെത്തിയിരുന്നു. ഈ മാസം നാലിന് 24,900 രൂപയുണ്ടായിരുന്ന കൊപ്രയ്ക്ക് ഇന്നലെ 24,300 രൂപയാണ് വില. കഴിഞ്ഞ വർഷം ഓഗസ്റ്റ് നാലിന് 10,500 രൂപ മാത്രമായിരുന്നു ഒരു ക്വിന്റൽ കൊപ്രയുടെ വില. ഈ വർഷം നാലിന് ഇത് 24,900 രൂപയായി. കഴിഞ്ഞ വർഷം ഓഗസ്റ്റ് നാലിന് 16,500 രൂപ മാത്രമുണ്ടായിരുന്ന വെളിച്ചെണ്ണയുടെ വില ഈ വർഷം ഇതേ സമയം 41,100 രൂപയിലെത്തുകയായിരുന്നു. ഇന്നലെ ഈ വിലയിലാണ് ചെറിയ കുറവുണ്ടായിട്ടുള്ളത്. ഇതേ സമയം മൊത്ത വിപണിയിൽ വെളിച്ചെണ്ണ വില കുറയുമ്പോഴും ചില്ലറ വിലയിൽ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല.
സർക്കാർ അടുത്തിടെ പാമോയിൽ, സൺഫ്ലവർ ഓയിൽ തുടങ്ങിയ എണ്ണകളുടെ ഇറക്കുമതി തീരുവ കുറച്ചെങ്കിലും വെളിച്ചെണ്ണ വിലയിൽ അതിന്റെ സ്വാധീനം ഉണ്ടായിട്ടില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. ആളുകൾ വിലക്കുറവുള്ള, നിലവാരം കുറഞ്ഞ വെളിച്ചെണ്ണ ഉൾപ്പെടെ വാങ്ങി ഉപയോഗിക്കാൻ തുടങ്ങി. വ്യാജ വെളിച്ചെണ്ണകളുടെ ഉപയോഗം ഈ കാലയളവിൽ വർധിച്ചതായും വ്യാപാരികൾ പറയുന്നു. വെളിച്ചെണ്ണ വിലയിൽ ഇടപെട്ട സംസ്ഥാന സർക്കാർ ഉല്പാദകരുമായി ഇക്കാര്യത്തിൽ ആശയ വിനിമയം നടത്തിയിരുന്നു. ഓണക്കാലത്ത് വെളിച്ചെണ്ണ വില നിയന്ത്രിക്കാനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്.
ഓണത്തിന് സപ്ലൈകോ വഴി രണ്ട് ലിറ്റർ വെളിച്ചെണ്ണ സബ്സിഡി നിരക്കിൽ നൽകാനും തീരുമാനമെടുത്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.