മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന ക്രൂരമായ ചൂഷണങ്ങളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. കാസ്റ്റിങ് കൗച്ച് മലയാള സിനിമയില്‍ ഉണ്ടെന്നതിന്റെ തെളിവുകളാണ് ഇന്നലെ പുറത്തുവന്ന റിപ്പോര്‍ട്ടിലുള്ളത്. മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം ലൈംഗിക ചൂഷണമാണെന്നും റിപ്പോര്‍ട്ടില്‍ അടിവരയിടുന്നു. അവസരങ്ങള്‍ക്കായി വിട്ടുവീഴ്ച ചെയ്യേണ്ടിവരുന്നുവെന്നും ചൂഷണം ചെയ്യുന്നവരില്‍ പലരും ഉന്നതരാണെന്നും നിരവധി പേരാണ് മൊഴി നല്‍യിരിക്കുന്നത്. പൊലീസില്‍ പരാതി നല്‍കാന്‍ പലരും മടിക്കുന്നത് ഭീഷണിയുള്ളതിനാലാണ്. വഴങ്ങാത്തവരെ പിന്നീട് സിനിമയില്‍ നിന്ന് തന്നെ ഒഴിവാക്കുന്ന സ്ഥിതിയാണ്. ഉന്നതരായ നിര്‍മ്മാതാക്കളും, സംവിധായകരും നടന്‍മാരുമെല്ലാം ഇതിന് പിന്നിലുണ്ട്. സഹകരിക്കുന്ന നടിമാര്‍ക്ക് കോഡ് പേരുകള്‍ നല്‍കിയിട്ടുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വിവരവും റിപ്പോര്‍ട്ടിലുണ്ട്.
‘അഡ്ജസ്റ്റ്‌മെന്റുകളും’ ‘കോംപ്രമൈസും’ (വിട്ടുവീഴ്ചയും ഒത്തുതീര്‍പ്പും) എന്നീ രണ്ട് പദങ്ങള്‍ മലയാള നടിമാര്‍ക്ക് സുപരിചിതമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സിനിമയിലേക്ക് അവസരം ചോദിച്ച് വരുന്ന പെണ്‍കുട്ടികളോട് ആദ്യം പറയുന്നതും ഈ രണ്ട് വാക്കുകളാണ്. അവസരം വേണമെങ്കില്‍ നടിമാര്‍ പലരുടെയും ലൈംഗികാവശ്യത്തിന് വഴങ്ങണമെന്ന ധാരണയുണ്ടാക്കിയെടുത്തത് ഈ മേഖലയിലുള്ളവര്‍ തന്നെയാണെന്നും മൊഴി നല്‍കിയവര്‍ വ്യക്തമാക്കുന്നു. ഇവരിലൂടെയാണ് പൊതുസമൂഹത്തിനും അത്തരത്തിലൊരു മിഥ്യാധാരണയുണ്ടായിട്ടുള്ളതെന്നും സാക്ഷികളുടെ മൊഴിയിലുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നാല്‍ ബഹുമാനത്തോടെ കാണുന്ന പല വിഗ്രഹങ്ങളും ഉടഞ്ഞുവീഴുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നടി ആക്രമിക്കപ്പെട്ട സംഭവം ഒറ്റപ്പെട്ടതല്ല. ലൈംഗിക ചൂഷണം നടക്കുന്നുവെന്ന് പുരുഷതാരങ്ങള്‍ തന്നെ പറയുന്നുണ്ട്. പലരും മൊഴി നല്‍കിയത് ഭയത്തോടെയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മൊഴി നല്‍കാന്‍ തയ്യാറായ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ ഭീഷണിപ്പെടുത്തി. ഇത്തരം കാര്യങ്ങളെക്കുറിച്ച് പരാതിപ്പെട്ടാൽ കുടുംബാംഗങ്ങളും പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണിയുള്ളതായി മൊഴി നൽകിയവരുമുണ്ട്.
മാതാപിതാക്കളുടെ കൂടെയല്ലാതെ നടിമാര്‍ക്ക് ഒറ്റയ്ക്ക് സെറ്റില്‍ പോകാന്‍ കഴിയാത്ത അവസ്ഥയാണ്. മറ്റൊരു തൊഴില്‍ മേഖലയിലും സ്ത്രീകള്‍ക്ക് ഇത്രയും സുരക്ഷിതത്വമില്ലായ്മ അനുഭവിക്കേണ്ടി വരുന്നില്ല. പരാതിപ്പെട്ടാല്‍ സമൂഹമാധ്യമങ്ങളില്‍ ആക്രമണം നേരിടേണ്ടി വരുന്ന സ്ഥിതിയുമുണ്ട്. മലയാള സിനിമ ചിലരുടെ കൈകളിലാണെന്നും ക്രിമിനല്‍ സംഘമാണ് നിയന്ത്രിക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു. ആഭ്യന്തര പരാതി പരിഹാര സമിതികളെ ഈ താരങ്ങൾ ഭീഷണിപ്പെടുത്തുന്നു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം വ്യാപകമാണെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ട്. മൊഴിയെടുക്കുന്നതിലും റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിലും കമ്മിറ്റി നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.
സര്‍ക്കാരിന് സമര്‍പ്പിച്ച 299 പേജുള്ള റിപ്പോര്‍ട്ടില്‍ 233 പേജുകളിലെ വിവരങ്ങളാണ് പുറത്തുവന്നത്. സാംസ്കാരിക വകുപ്പിലെ വിവരാവകാശ ഓഫിസറാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാൽ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ 2017ല്‍ റിട്ട. ജസ്റ്റിസ് ഹേമ അധ്യക്ഷയായി രൂപീകരിച്ച കമ്മിറ്റിയില്‍ മുതിര്‍ന്ന നടി ശാരദ, റിട്ട. ഐഎഎസ് ഉദ്യോഗസ്ഥ കെ ബി വത്സലകുമാരി എന്നിവരാണുണ്ടായിരുന്നത്. 2019 ഡിസംബര്‍ അവസാനമാണ് റിപ്പോർട്ട് സര്‍ക്കാരിന് സമർപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.