16 September 2024, Monday
KSFE Galaxy Chits Banner 2

യാദൃച്ഛികതയോ വിരോധാഭാസമോ; ജനങ്ങൾ തീരുമാനിക്കട്ടെ

Janayugom Webdesk
September 4, 2024 5:00 am

സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ രാജ്യത്ത് വർധിച്ചുവരുന്ന അതിക്രമങ്ങളിൽ ജനങ്ങൾ അത്യധികം ഉത്ക്കണ്ഠാകുലരാണ്. ഓഗസ്റ്റ് ഒമ്പതിന് കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരു യുവ ഡോക്ടർ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊലചെയ്യപ്പെട്ട സംഭവം രാജ്യത്തൊട്ടാകെ വൻ ജനകീയ പ്രതിഷേധത്തിന് കാരണമായി. കക്ഷിരാഷ്ട്രീയത്തിന് അതീതമായ പ്രതിഷേധം, കൊൽക്കത്തയും ഡൽഹിയുമടക്കം മെട്രോനഗരങ്ങളിൽ വൻതോതിൽ മെഡിക്കൽ വിദ്യാർത്ഥികളും ഡോക്ടർമാരും ചലച്ചിത്ര താരങ്ങളും കലാ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരുമടക്കം വിദ്യാസമ്പന്നരുടെയും ഇടത്തരക്കാരുടെയും പങ്കാളിത്തംകൊണ്ട് ശ്രദ്ധേയവും വാർത്താ പ്രാധാന്യം കൈവരിക്കുന്നതുമായി. രാഷ്ട്രപതി ദ്രൗപദി മുർമു പ്രമുഖ വാർത്താ ഏജൻസി പിടിഐക്ക് തന്റെ ഒപ്പോടുകൂടി നൽകിയ പ്രസ്താവനയിൽ സംഭവത്തെ ശക്തമായ ഭാഷയിൽ അപലപിക്കുകയുണ്ടായി. സ്ത്രീകളോടുള്ള സമൂഹത്തിന്റെ സമീപനത്തെ നിശിതമായി വിമർശിച്ച രാഷ്ട്രപതി, സംഭവത്തെ കൊടിയ അന്യായമായി രാഷ്ട്രം വിലയിരുത്തണമെന്നും ആഹ്വാനംചെയ്തു. രാഷ്ട്രപതിയുടെ അസാധാരണമായ പ്രതികരണം സംഭവത്തോടുള്ള രാഷ്ട്രത്തിന്റെ ധാർമ്മിക രോഷത്തെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നു കരുതുന്നതിൽ തെറ്റില്ല. രാഷ്ട്രപതിയോടൊപ്പം രാജ്യത്തെ അനേകം പ്രമുഖവ്യക്തികളും പ്രധാന സംഘടനകളും രംഗത്തുവരികയുണ്ടായി. അത്തരം പ്രതികരണങ്ങളിൽ ഏറെ ശ്രദ്ധേയമായ ഒന്നാണ് തിങ്കളാഴ്ച പാലക്കാട് സമാപിച്ച രാഷ്ട്രീയ സ്വയംസേവക് സംഘിന്റെയും ഇതര സംഘ്പരിവാർ സംഘടനകളുടെയും ‘അഖിൽ ഭാരതീയ സമന്വയ ബൈഠക്’ സ്ത്രീ സുരക്ഷയെ സംബന്ധിച്ച് പ്രകടിപ്പിച്ച ഉത്ക്കണ്ഠ. സംഘ്പരിവാറിന്റെയും രാഷ്ട്രപതി സ്ഥാനത്തേക്കുള്ള അവരുടെ നിർദേശമായിരുന്ന ദ്രൗപദി മുർമുവിന്റെയും ഉത്ക്കണ്ഠകൾക്ക് ഒരേ തരംഗദൈർഘ്യം ഉണ്ടാകുന്നതിൽ അസ്വാഭാവികതയില്ല. എന്നാൽ അതിനെ ശ്രദ്ധേയമാക്കുന്നത് കൊൽക്കത്തയിലെ സംഭവത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും രാജ്യത്ത് ദിനംപ്രതിയെന്നോണം അരങ്ങേറുന്ന സമാന സംഭവങ്ങളെപ്പറ്റി നിശബ്ദത പാലിക്കുകയും ചെയ്യുന്നുവെന്നതാണ്. രാജ്യത്ത് ബിജെപി ഭരണത്തിൽ നടന്ന ബലാത്സംഗങ്ങളിലും ബലാത്സംഗക്കൊലപാതകങ്ങളിലും പ്രകടമാകാത്ത തീവ്ര പ്രതികരണമാണ് ബിജെപിയും സംഘ്പരിവാറും പശ്ചിമബംഗാളിൽ കാഴ്ചവയ്ക്കുന്നത്. മുർമുവിന്റെയും പരിവാറിന്റെയും സ്ത്രീസുരക്ഷയിലുള്ള ഉത്ക്കണ്ഠ ഈ പശ്ചാത്തലത്തിൽവേണം വിലയിരുത്തപ്പെടാൻ. കൊൽക്കത്ത സംഭവം നടന്ന് രണ്ടാഴ്ച തികയുമ്പോഴാണ് ഉത്തർപ്രദേശിലെ ഫറൂഖാബാദിൽ പതിനഞ്ചും പതിനെട്ടും വയസുള്ള രണ്ട് ദളിത് പെൺകുട്ടികളെ ഒരേ ദുപ്പട്ടയുടെ രണ്ടറ്റങ്ങളിലായി മാവിന്‍കൊമ്പിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. അസ്വാഭാവികമായ സംഭവത്തെ ആത്മഹത്യയായി വ്യാഖ്യാനിക്കുകയായിരുന്നു ആദിത്യനാഥിന്റെ യുപി പൊലീസ്. പെൺകുട്ടികളെ കൊന്നു കെട്ടിത്തൂക്കിയതാണെന്ന് ഒരു പെൺകുട്ടിയുടെ അച്ഛനും കുടുംബാംഗങ്ങളും ആരോപിക്കുന്നു. യുപിയിലെ ബദായു ജില്ലയിൽ സമാനരീതിയിൽ രണ്ട് ദളിത് പെൺകുട്ടികൾ ഒരു ദശകം മുമ്പ് കൊല്ലപ്പെട്ടിരുന്നു. കൊൽക്കത്ത സംഭവ കാലയളവിൽത്തന്നെയാണ് മഹാരാഷ്ട്രയിലെ ബദൽപൂരിൽ കേവലം നാലുവയസ് മാത്രം പ്രായമുള്ള രണ്ട് പെൺകുട്ടികൾ ലൈംഗികാതിക്രമത്തിന് ഇരയായതിനെത്തുടർന്ന് വൻപ്രതിഷേധം ഉയർന്നത്. ഭരണമുന്നണിയിലെ ശിവസേനയെ പിളർത്തി വിമതപക്ഷത്തിന്റെ ഒത്താശയിൽ ബിജെപി, ഭരണത്തിന്റെ ശീതളച്ഛായ ആസ്വദിക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. കായികരംഗത്ത് രാജ്യത്തിന്റെ യശസുയർത്തിയ ഗുസ്തിതാരങ്ങളെ വർഷങ്ങളായി അതിക്രമങ്ങൾക്ക് ഇരകളാക്കിയ ഇന്ത്യൻ ഗുസ്തി ഫെഡറേഷന്റെ മുന്‍ അധ്യക്ഷനും ബിജെപി ലോക്‌സഭാംഗവുമായിരുന്ന ബ്രിജ്ഭൂഷൺ ചരൺ സിങ്ങിനെതിരെ വനിതാ ഗുസ്തിതാരങ്ങൾ നടത്തിയ ധീരോദാത്ത പോരാട്ടത്തിന്റെ ഓർമ്മകൾ ഇനിയും രാഷ്ട്രത്തിന്റെ പൊതുബോധത്തിൽനിന്നും മാഞ്ഞിട്ടില്ല. ഇവിടങ്ങളിലോ, കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ രാജ്യത്ത് സ്ത്രീഅവകാശങ്ങൾക്കെതിരെ ഉണ്ടായ എണ്ണമറ്റ കടന്നുകയറ്റങ്ങളിലോ സംഘ്പരിവാറിന്റെ ഉത്ക്കണ്ഠ പ്രകടിപ്പിക്കപ്പെട്ടതായി കണ്ടിട്ടില്ല. എന്നുമാത്രമല്ല അത്തരം പലസംഭവങ്ങളിലും ബിജെപിയും സംഘ്പരിവാറും അതിന്റെ നേതാക്കളും ഇരകളോടൊപ്പമല്ല വേട്ടക്കാരോടൊപ്പമാണ് നിലകൊണ്ടിട്ടുള്ളത്. ലോകമാകെ ചർച്ചചെയ്യപ്പെട്ട, ആർക്‌ലൈറ്റുകളുടെ വെള്ളിവെളിച്ചത്തിൽ നടന്ന, വനിതാ ഗുസ്തിതാരങ്ങളുടെ പോരാട്ടത്തിൽപ്പോലും ബിജെപിയുടെയോ സംഘ്പരിവാറിന്റെയോ എന്തിന് ആദരണീയയായ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പോലുമോ അനുഭാവം ഇരകൾക്ക് ഉണ്ടായില്ലെന്ന് മാത്രമല്ല അവരൊറ്റക്കെട്ടായി പീഡകന് സുരക്ഷാവലയം ഒരുക്കുന്ന കാഴ്ചയാണ് കാണാനായത്. സ്ത്രീസ്വാതന്ത്ര്യത്തെ ഹനിക്കുന്നതും സ്ത്രീകളുടെ അവകാശങ്ങളെ നിഷേധിക്കുന്നതും അവർക്കെതിരായ വിവേചനത്തെ സ്ഥാപനവല്‍ക്കരിക്കുന്നതുമായ മനുസ്മൃതിയുടെ പുനഃസ്ഥാപനം ലക്ഷ്യമാക്കിയുള്ള പ്രത്യയശാസ്ത്രമാണ് ആർഎസ്എസിനെയും സംഘ്പരിവാറിനെയും അതിന്റെ രാഷ്ട്രീയമുഖമായ ബിജെപിയെയും നയിക്കുന്നത്. അത്തരക്കാർ സ്ത്രീസുരക്ഷ, സ്ത്രീ-പുരുഷ തുല്യത, അവരുടെ അവകാശങ്ങൾ എന്നിവയെപ്പറ്റി നടത്തുന്ന ഏത് ജല്പനവും ചെകുത്താൻ വേദമോതുന്നതിനപ്പുറം ഒന്നുമല്ല. സ്ത്രീകൾക്കെതിരായ കൊടിയ അതിക്രമങ്ങൾക്ക് ശിക്ഷിക്കപ്പെട്ട് തുറുങ്കിലടയ്ക്കപ്പെട്ടവരെ രാഷ്ട്രീയ അധികാരം ഉപയോഗിച്ച് തുറന്നുവിടുക മാത്രമല്ല മാനവികതയ്ക്കെതിരായ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട അവരെ തിലകവും പുഷ്പഹാരങ്ങളും നൽകി ആദരിച്ച പാരമ്പര്യമാണ് പരിവാറിന്റേത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തിലാണ് ബിൽക്കിസ് ബാനു കേസിൽ ശിക്ഷിക്കപ്പെട്ട കൊലപാതകികളെയും ബലാത്സംഗവീരന്മാരെയും പൊതുസമൂഹത്തിലേക്ക് തുറന്നുവിട്ടത്. അതേപ്പറ്റി ഒരക്ഷരം പറയാൻ വിസമ്മതിച്ച മുർമുവും സംഘ്പരിവാറുമാണ് ഇപ്പോൾ സ്ത്രീസുരക്ഷയുടെ സുവിശേഷവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യൻ ഐതിഹാസികതയിൽ സ്ത്രീക്കുനേരെ നടന്ന ഏറ്റവും ക്രൂരവും സംഘടിതവുമായ അതിക്രമമായിരുന്നു പാണ്ഡവ പത്നി ദ്രൗപദിക്കുനേരെ കൗരവസദസിൽ അരങ്ങേറിയത്. ബിജെപി ഭരണത്തിൽ സ്ത്രീകൾക്കുനേരെ അഭൂതപൂർവമായ അതിക്രമങ്ങൾ അരങ്ങേറുമ്പോൾ രാഷ്ട്രപതിഭവനിൽ പ്രഥമ പൗരത്വം വഹിക്കുന്നത് മറ്റൊരു ദ്രൗപദിയാണെന്നത് കേവലം യാദൃച്ഛികതയോ വിരോധാഭാസമോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.