
പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യ ലിമിറ്റഡിന്റെ (സിഐഎല്‍) കീഴിലുള്ള എട്ട് ഉപകമ്പനികളെയും 2030-ഓടെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാൻ പ്രധാനമന്ത്രിയുടെ ഓഫിസ് (പിഎംഒ) നിര്‍ദേശം നൽകി. ഭരണപരമായ സുതാര്യത വര്‍ധിപ്പിക്കുന്നതിനും പൊതുമേഖലാ സ്ഥാപനങ്ങളുടെ മൂല്യം ഉയർത്തുന്നതിനുമാണ് ഈ സുപ്രധാന നീക്കം. കൽക്കരി മന്ത്രാലയം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാരിന്റെ നടപടി.
ലിസ്റ്റിങ് പ്രക്രിയയുടെ ആദ്യഘട്ടമെന്ന നിലയിൽ ഭാരത് കോക്കിങ് കോൾ ലിമിറ്റഡ് (ബിസിസിഎല്‍), സെൻട്രൽ മൈൻ പ്ലാനിംഗ് ആൻഡ് ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ട് (സിഎംപിഡിഐഎല്‍) എന്നീ രണ്ട് സ്ഥാപനങ്ങൾ 2026 മാർച്ചോടെ ഓഹരി വിപണിയിൽ എത്തും. ഇതിനായുള്ള കരട് രേഖകൾ സെബിക്ക് സമർപ്പിച്ചു കഴിഞ്ഞു. ബിസിസിഎല്ലിന്റെ ഓഹരി വില്പനയ്ക്കായി ആഭ്യന്തര, അന്തർദേശീയ തലങ്ങളിൽ റോഡ് ഷോകൾ പൂർത്തിയായതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യയുടെ ആഭ്യന്തര കൽക്കരി ഉല്പാദനത്തിന്റെ 80 ശതമാനത്തിലധികം കൈകാര്യം ചെയ്യുന്ന കോൾ ഇന്ത്യയുടെ എട്ട് അനുബന്ധ സ്ഥാപനങ്ങളെയും ഘട്ടംഘട്ടമായി വിപണിയിലെത്തിക്കും. സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡ് (എസ്ഇസിഎല്‍), മഹാനദി കോൾഫീൽഡ്സ് ലിമിറ്റഡ് (എംസിഎല്‍), ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡ്, വെസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡ്, നോർത്തേൺ കോൾഫീൽഡ്സ് ലിമിറ്റഡ്, സെൻട്രൽ കോൾഫീൽഡ്സ് ലിമിറ്റഡ് എന്നീ കമ്പനികളാണ് ലിസ്റ്റ് ചെയ്യാനിരിക്കുന്നത്. നിലവിൽ എസ്ഇസിഎൽ, എംസിഎൽ എന്നിവയുടെ ലിസ്റ്റിംഗിന് കോൾ ഇന്ത്യ ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്.
നടപ്പ് സാമ്പത്തിക വർഷം 875 ദശലക്ഷം ടൺ കൽക്കരി ഉല്പാദിപ്പിക്കാനാണ് കോൾ ഇന്ത്യ ലക്ഷ്യമിടുന്നത്. എന്നാൽ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ കമ്പനിയുടെ അറ്റാദായത്തിൽ 32 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. 4,262 കോടി രൂപയാണ് രണ്ടാം പാദത്തിലെ ലാഭം. വില്പനയിലെ കുറവും പ്രവർത്തനച്ചെലവ് 7.1 % വര്‍ധിച്ചതുമാണ് ലാഭക്ഷമതയെ ബാധിച്ചത്. കോൾ ഇന്ത്യയുടെ പ്രവർത്തന വരുമാനം 30,186 കോടി രൂപയായി കുറഞ്ഞു.
ഉപകമ്പനികൾ ലിസ്റ്റ് ചെയ്യുന്നതോടെ കോൾ ഇന്ത്യയുടെ മൊത്തത്തിലുള്ള ആസ്തി മൂല്യം വര്‍ധിക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. കൂടുതൽ മൂലധനം സമാഹരിക്കാനും നൂതന സാങ്കേതികവിദ്യകൾ ഖനന രംഗത്ത് നടപ്പിലാക്കാനും ഇതിലൂടെ സാധിക്കും. കോൾ ഇന്ത്യയുടെ 46.57 കോടി ഇക്വിറ്റി ഷെയറുകൾ ഓഫർ ഫോർ സെയിൽ വഴി വിറ്റഴിക്കാനാണ് ബിസിസിഎൽ ലക്ഷ്യമിടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.