
പൊന്നിന്റെ വില മാനംമുട്ടെ ഉയര്‍ന്നതോടെ സാമ്പത്തിക, സാമൂഹിക രംഗങ്ങളില്‍ വന്‍ ആഘാതമുണ്ടാക്കി സംസ്ഥാനത്തെ സ്വര്‍ണാഭരണ വിപണി. ആഘാതം മാധ്യമ മേഖലയിലും പടര്‍ന്നുകയറിയതോടെ അച്ചടി, ദൃശ്യമാധ്യമങ്ങളുടെ വരുമാനത്തിലും വന്‍ ഇടിവുണ്ടാകും. ഒരു പവന് സ്വര്‍ണത്തിന്റെ വില ഒരു ലക്ഷം രൂപ കടന്നതോടെ ഇക്കഴിഞ്ഞ ജനുവരിയില്‍ വില്പനയില് വന്‍ ഇടിവുണ്ടായതായി ഒരു പ്രമുഖ ജുവലറിയുടെ ചീഫ് പബ്ലിക് റിലേഷന്‍സ് മാനേജര്‍ ‘ജനയുഗ’ത്തോടു വെളിപ്പെടുത്തി. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത 2700ല്‍പ്പരം ജുവലറികളാണ് ഉള്ളത്. ഇവയില്‍ ഇരുപതോളം സ്വര്ണാഭരണശാലകളിലാണ് വ്യാപാരത്തിന്റെ 80% നടക്കുന്നത്. വിലവര്‍ധനവിന്റെ ഇരുട്ടടിയില്‍ ചെറുകിട സ്വര്‍ണാഭരണശാലകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്.
സംസ്ഥാനത്ത് പ്രതിവര്‍ഷം 200 ടണ്ണില്‍പ്പരം സ്വര്‍ണവും സ്വര്‍ണാഭരണവുമാണ് വിറ്റഴിക്കുന്നത്. ഇത് ഇന്ത്യയില്‍ വില്‍ക്കുന്ന സ്വര്‍ണത്തിന്റെ 20% ആണെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്ക്. ഓണക്കാലത്തുമാത്രം 8,000 കോടി രൂപയുടെ സ്വര്‍ണമാണ് സംസ്ഥാനത്ത് വിറ്റഴിക്കപ്പെടുന്നത്. അക്ഷയതൃതീയ ദിനത്തില്‍ 1800 കോടിയും. വില്പന കുത്തനെ താണതിനാല്‍ ജൂവലറികള്‍ പഴയ സ്വര്‍ണം വാങ്ങുന്നതും നിര്‍ത്തി. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ സ്വര്‍ണവിലയിലെ വര്‍ധന 10,000 ഇരട്ടിയായി. കൃത്യം ഒരു നൂറ്റാണ്ടിനു മുമ്പ് 1925 മാര്‍ച്ച് 25ന് കേരളത്തില്‍ പവന്റെ വില വെറും 13.75 രൂപയായിരുന്നു. അഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ അതു 13.57 രൂപയായി താണുവെങ്കിലും തുടര്‍ന്നങ്ങോട്ട് വച്ചടിവച്ചടി കയറ്റമായിരുന്നു. ഒരു പവന്റെ വില 100 രൂപയിലെത്തിയത് 1967ല്‍. നൂറും കടന്ന് 75 ആയപ്പോള്‍ വില പവന് 396 രൂപയായി. ആയിരം രൂപ കടന്നത് 1981ല്‍. 1985ല്‍ 1573, 1990ല്‍ 2,443, 1996ല്‍ 3,784, 2009ല്‍ 10,036, 2015ല്‍ 20,030 എന്നിങ്ങനെ കുതിച്ചുകയറിയ സ്വര്‍ണവില പവന് 32,000 രൂപയായിട്ട് അഞ്ച് വര്ഷമേയാകുന്നുള്ളു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഒരു പവന് 67,400 രൂപയുണ്ടായിരുന്നതാണ് ഒരു വര്‍ഷം തികയുന്നതിന് മുമ്പ് ഇന്നലെ 1.30 ലക്ഷം രൂപയായി കുതിച്ചുപൊങ്ങിയത്.
വിലക്കയറ്റവും വില്പന ഗണ്യമായി കുറയുകയും ചെയ്തതോടെ വലിയൊരു ശതമാനം ജൂവലറികളും അടച്ചുപൂട്ടിത്തുടങ്ങി. ഇതോടെ നൂറുകണക്കിന് ജൂവലറി ജീവനക്കാരാണ് തൊഴിലില്ലായ്മയിലേക്ക് വലിച്ചെറിയപ്പെടുന്നത്. വന്‍കിട ജൂവലറികളിലെ ജീവനക്കാരും ഭാഗികമായ പിരിച്ചുവിടല്‍, ലേ ഓഫ് ഭീഷണിയിലാണ്. യുവതലമുറയില്‍ സ്വര്‍ണത്തോടുള്ള ആഭിമുഖ്യവും ആര്‍ത്തിയും കുറയുന്നതാണ് ഏക ആശ്വാസം. സ്ത്രീധനമായി സ്വര്‍ണം നല്‍കുന്നതിനുപകരം നവദമ്പതികള്‍ക്ക് മനോഹരമായ ഒരു ഭവനം സ്ത്രീധനമായി നല്കുന്ന ട്രെന്‍ഡ് സമ്പന്ന കുടുംബങ്ങള്‍ക്കിടയില്‍ വന്നുകഴിഞ്ഞു. എന്നാല്‍ ദരിദ്രകുടുംബങ്ങള്‍ സ്ത്രീധനമായി അരപ്പവന്റെ താലിയെങ്കിലും നല്കാന് പാടുപെടുന്ന ദയനീയാവസ്ഥയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.