
ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് പണപ്പിരിവ് നടത്തി മുക്കിയതിനെതിരെ വ്യാപക വിമര്‍ശനം. മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി 30 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. പിരിച്ചെടുക്കുന്ന 2.80 കോടി രൂപയും സ്പോൺസർഷിപ്പ് തുകയും ഉപയോഗിച്ച് 30 വീടുകൾ നിർമ്മിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ 10 മാസം കഴിഞ്ഞിട്ടും ഇതുവരെ പണം കൈമാറുകയോ, വീട് നിര്‍മ്മാണം ആരംഭിക്കുകയോ ചെയ്തില്ല.
പ്രഖ്യാപനം നടപ്പിലാക്കാത്തതിൽ കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന പഠന ക്യാമ്പിൽ രൂക്ഷ വിമർശനം ഉയര്‍ന്നിരുന്നു. ഒരു വീടിന്റെ പോലും നിർമ്മാണം തുടങ്ങാനായില്ലെന്നാണ് പ്രതിനിധികള്‍ കുറ്റപ്പെടുത്തിയത്. 84 ലക്ഷം രൂപയാണ് അക്കൗണ്ടിൽ വന്നതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ മറുപടി നല്‍കി. ഒരു മണ്ഡലത്തിൽ നിന്ന് രണ്ടു ലക്ഷം രൂപ പിരിച്ചെടുക്കണം എന്നായിരുന്നു നിർദേശം. പണം പിരിച്ചു തരാത്ത നിയോജക മണ്ഡലം പ്രസിഡന്റുമാരെ മാറ്റുമെന്നും പറഞ്ഞിരുന്നു. ഭൂരിപക്ഷം കമ്മിറ്റികളും പണം നൽകിയിട്ടും വീടുപണി തുടങ്ങിയില്ലെന്നും ഇത് വലിയ നാണക്കേടുണ്ടാക്കിയെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടിയിരുന്നു.
“പണം പിരിക്കുക, മുക്കുക, നക്കുക” എന്നതാണ് യൂത്ത് കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും പതിവെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാപക പരിഹാസം ഉയരുകയാണ്. വയനാട്ടില്‍ ആത്മഹത്യ ചെയ്ത കോണ്‍ഗ്രസ് നേതാവ് എന്‍ എം വിജയന്റെ കുടുംബ ബാധ്യതകള്‍ ജൂണ്‍ 30ന് മുമ്പ് തീര്‍ക്കുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനത്തെക്കുറിച്ചും പലരും ചോദിക്കുന്നുണ്ട്. ദുരന്തബാധിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ കുറ്റം കണ്ടെത്തി സമരം ചെയ്ത സംഘടനയാണ് യൂത്ത് കോണ്‍ഗ്രസ്. അതിനിടയിലാണ് ദുരന്തത്തിന്റെ പേരില്‍ പിരിച്ച തുകയുടെ കാര്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് മറുപടിയില്ലാതെ കുഴങ്ങുന്നത്.
വ്യാപക വിമര്‍ശനങ്ങളുയര്‍ന്നതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വിചിത്ര വാദങ്ങളുമായി രംഗത്തെത്തി. കെപിസിസി നേതൃത്വത്തിലുള്ള സമാന പദ്ധതിയിലേക്ക് പണം കൈമാറുമെന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രസ്താവന. വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിനായി സ്ഥലം സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നാണ് ഷാഫി പറമ്പില്‍ എംപിയുടെ കുറ്റപ്പെടുത്തല്‍. എന്നാല്‍ ഒരു സംഘടനയ്ക്കും അത്തരത്തില്‍ പ്രത്യേകം സ്ഥലം അനുവദിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്നും ടൗണ്‍ഷിപ്പ് പദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ പദ്ധതിയിലേക്കാണ് വിവിധ സംഘടനകളും വ്യവസായികളും മറ്റ് സഹായമനസ്കരുമെല്ലാം പണം നല്‍കിയിട്ടുള്ളത്. ഇക്കാര്യങ്ങളെല്ലാം അറിയാമായിരുന്നിട്ടും പുകമറ സൃഷ്ടിക്കാനാണ് നിരുത്തരവാദപരമായ പ്രസ്താവനയിലൂടെ ഷാഫി പറമ്പിലും ശ്രമിക്കുന്നത്.
മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വീട് വച്ച് നല്‍കുന്നതിനായി ഇടതുയുവജന സംഘടനകള്‍ നടത്തിയത് വിവിധങ്ങളായ കാമ്പയിനുകള്‍. ന്യൂസ് പേപ്പര്‍, ആക്രി, ബിരിയാണി ചലഞ്ചുകളുള്‍പ്പെടെ വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ കണ്ടെത്തിയ പണം സംസ്ഥാന സര്‍ക്കാരിന്റെ കയ്യിലേല്‍പ്പിക്കുകയായിരുന്നു ഡിവൈഎഫ്ഐയും എഐവൈഎഫും ചെയ്തത്. ഡിവൈെഎഫ്ഐ സംസ്ഥാന കമ്മിറ്റി 20 കോടി രൂപയും എഐവൈഎഫ് സംസ്ഥാന കമ്മിറ്റി ഒരു കോടി രൂപയുമാണ് സര്‍ക്കാരിന് കൈമാറിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.