
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിന് മുമ്പുതന്നെ ബന്ധപ്പെട്ടവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി ജില്ലാ കളക്ടർ രേണുരാജ് ഹൈക്കോടതിയെ അറിയിച്ചു. ചൂട് കൂടുന്നതിനാൽ ജാഗ്രതവേണമെന്ന നിർദേശം കോർപറേഷനും നൽകിയിരുന്നുവെന്നാണ് കളക്ടര്‍ പറഞ്ഞത്. ഇതുസംബന്ധിച്ച് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ കളക്ടർക്ക് നിർദേശം നൽകി. ബ്രഹ്മപുരം തീപിടുത്തം സംബന്ധിച്ച ഹർജിയിൽ കളക്ടറോട് ഹാജരാകാൻ നിർദേശിച്ചിട്ടും ഹാജരാകാതിരുന്നതിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. തുടർന്നാണ് ഇന്നലെ വീണ്ടും ഹാജരാകാൻ നിർദേശിച്ചത്. കേസ് പരിഗണിച്ച കൃത്യം 1.45നു തന്നെ കളക്ടർ ഹാജരായി.
സംഭവം സംബന്ധിച്ച് കളക്ടർക്ക് എന്താണ് പറയാൻ ഉള്ളതെന്ന് കോടതി ചോദിച്ചപ്പോഴാണ് ഉദ്യോഗസ്ഥർ തന്നെ തെറ്റിദ്ധരിപ്പിച്ചെന്നും തീപിടുത്തം ഉണ്ടാകുമെന്ന മുന്നറിയിപ്പ് നൽകിയിരുന്നെന്നും കളക്ടർ ബോധിപ്പിച്ചത്. തുടര്‍ന്ന് രൂക്ഷ വിമർശനമാണ് കളക്ടർക്കെതിരെ ഹൈക്കോടതി നടത്തിയത്. രണ്ട് ദിവസം കൊണ്ട് പുക അണയ്ക്കുമെന്ന് പറഞ്ഞിരുന്നോ എന്ന് കോടതി ആരാഞ്ഞു. അങ്ങനെയുള്ള റിപ്പോർട്ടാണ് ഫയർ ഉദ്യോഗസ്ഥർ നൽകിയതെന്ന് കളക്ടർ വിശദീകരിച്ചു. ജില്ലാ കളക്ടർക്ക് വിഷയത്തിൽ നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്ന് കോടതി മുന്നറിയിപ്പ് നൽകി.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസാണ് ഹൈക്കോടതി പരിഗണിച്ചത്. ജില്ലാ കളക്ടർ രേണുരാജ് നേരിട്ടും അഡീ. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഓൺലൈനായുമാണ് കോടതിയിൽ ഹാജരായത്. മാലിന്യപ്ലാന്റിലെ തീപിടീത്തത്തിന് പിന്നാലെ കൊച്ചി നഗരത്തിലാകെ പുക വ്യാപിക്കുന്നതിൽ വിമർശനവുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. നഗരത്തിലെ മലിനീകരണ പ്രശ്നത്തിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനോട് കോടതി ചോദിച്ചു.
English Summary: Collector Renuraj about kochi brahmapuram plant fire
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.