17 January 2026, Saturday

Related news

March 12, 2025
January 13, 2025
November 19, 2024
November 18, 2024
November 5, 2024
October 27, 2024
October 25, 2024
October 19, 2024
October 19, 2024
October 18, 2024

കണിമംഗലം വയൽ പടവിൽ വിത്തെറിഞ്ഞ് കലക്ടര്‍

Janayugom Webdesk
തൃശൂര്‍
October 18, 2024 9:23 pm

പാന്റ്സ് തെറുത്തു കയറ്റി, ഷർട്ടിന്റെ കൈ മടക്കി വെച്ച് വിത്ത് ബക്കറ്റുമെടുത്ത് വിത്തെറിഞ്ഞ് ജില്ല കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. കണ്ടത്തിലെ കലക്ടര്‍, കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെല്ലാം കൗതുകമായി. കണിമംഗലം വയലിലെ ചെളിയിലിറങ്ങി വിത്തെറിഞ്ഞ് കോൾ പാടത്ത് വിതയുത്സവത്തിന് തുടക്കം കുറിക്കുകയായിരുന്നു അദ്ദേഹം. നെൽകൃഷി പ്രോത്സാഹിപ്പിക്കാനും വിദ്യാർത്ഥികളെയും പുതുതലമുറയെയും കൃഷിയിലേക്ക് ക്ഷണിച്ച് കർഷകരോടുള്ള സർക്കാരിന്റെ പ്രതിബദ്ധത ആഘോഷമാക്കാനും എത്തിയതായിരുന്നു കലക്ടർ. കൂർക്കഞ്ചേരി കൃഷിഭവൻ പരിധിയിൽ വരുന്ന കണിമംഗലം കോൾ കർഷകസമിതിയുടെ പാടശേഖരത്തിലെ കോള്‍പ്പടവിലെ മടമ്പടി പടവിൽ പൊൻമണി നെല്ലിന്റെ ഞാറ്റടിയുടെ പറിച്ചുനടീൽ ഉദ്ഘാടനവും ഒടുക്കുഴി പടവിലെ ഉമ നെൽവിത്ത് വിതയുടെ ഉദ്ഘാടനവും കലക്ടർ നിർവ്വഹിച്ചു. 

വിത്ത് വിത മുതൽ കൊയ്ത്തു വരെയും കൊയ്ത്തു മുതൽ നെല്ല് സംഭരണം വരെയുമുള്ള നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ, കലക്ടർ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായും കർഷക സമിതി ഭാരവാഹികളുമായും ചർച്ച ചെയ്തു. 500 ഏക്കർ നിലത്തിലാണ് പാടശേഖര സമിതി ഈ വർഷം കൃഷിയിറക്കുന്നത്. 350 ഏക്കറില്‍ പൊന്മണി നെല്ലും 250 ഏക്കറിൽ ഉമ നെല്ലും കൃഷിയിറക്കിയിട്ടുണ്ട്. ഈ വർഷം 60 ഏക്കർ തരിശു നിലത്തിലും കൃഷിയിറക്കുന്നുണ്ടെന്നും ഇവിടം തരിശുരഹിതമാക്കി മാറ്റാനുള്ള പ്രവർത്തനത്തിൽ ആണെന്നും പാടശേഖരസമിതി ഭാരവാഹികൾ കലക്ടറെ അറിയിച്ചു. 

കോൾ പടവുകളിലെ കനാലുകൾ ഉപയോഗപ്പെടുത്തി കൃഷിയെ ബാധിക്കാത്ത രീതിയിൽ ടൂറിസവും പ്രോത്സാഹിപ്പിക്കും. ഈ വർഷം നല്ലൊരു കാർഷിക വർഷം ആകട്ടെ എന്നും പാടശേഖരത്തിന്റെ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണയും ആശംസയും നേര്‍ന്ന് കൊയ്ത്തുത്സവത്തിന് കാണാം എന്ന് അറിയിച്ചുകൊണ്ടാണ് അദ്ദേഹം കോൾ പടവിൽ നിന്നും യാത്രയായത്. കൂർക്കഞ്ചേരി കൃഷി ഓഫീസർ ബൈജു ബേബി, അസിസ്റ്റന്റ് കൃഷി ഓഫീസർ ബിസി, കൃഷി അസിസ്റ്റന്റ് ഷൈബി, പുഞ്ച സ്പെഷ്യൽ ഓഫീസർ പ്രൺസിംഗ്, കണിമംഗലം കോൾ കർഷക സമിതി സബ് കമ്മിറ്റി പ്രസിഡന്റ്‌ പുരുഷോത്തമൻ, സെക്രട്ടറി സുരേഷ്, ഖജൻജി റോയ് പടവ്, കൺവീനർ ഡൈസൺ, ലിറ്റോൻ, ഷാജി തുടങ്ങിയവരും സന്നിഹിതരായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.