25 December 2024, Wednesday
KSFE Galaxy Chits Banner 2

കൊടിക്കുന്നില്‍ പ്രയോഗവും മിശ്രവിവാഹവും

ദേവിക
വാതിൽപ്പഴുതിലൂടെ
August 30, 2021 4:51 am

ഏറെക്കാലം മുമ്പാണ്. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ ഒരു പത്രസമ്മേളനം നടക്കുന്നു. ചാനലുകളൊന്നുമില്ലാത്ത കാലം. പത്രസമ്മേളനം നടത്തുന്നത് ബാലരാമപുരം സ്വദേശിയായ കാരണവര്‍. ചേരമര്‍ ക്രിസ്ത്യന്‍ സംഘത്തിന്റെ നേതാവാണ്. ദളിതരും ദളിത് ക്രൈസ്തവരുമായ യുവാക്കള്‍ പിന്നാക്ക വിഭാഗത്തില്‍ നിന്ന് കല്യാണം കഴിക്കാതെ മേല്‍ജാതിക്കാരെ കല്യാണം കഴിക്കുന്ന രോഷത്തില്‍ അദ്ദേഹം ഉറഞ്ഞുതുള്ളി. ‘ഇവിടെ സെക്രട്ടേറിയറ്റില്‍ കുറേപ്പേരുണ്ട്. അവനൊക്കെ ഉന്നത ജാതിക്കാരെ മാത്രമേ കെട്ടു. ഇവനെയൊക്കെ സെക്രട്ടേറിയറ്റില്‍ കയറി തല്ലണം; കുത്തിമലര്‍ത്തണം; ആവേശം കയറിയപ്പോള്‍ വാക്കുകള്‍ അറിയാതെ തെറിവിളിയിലേക്കെത്തി. പത്രലേഖകര്‍ തലയറഞ്ഞു ചിരിച്ചു. ‘ഞാന്‍ സെക്രട്ടേറിയറ്റില്‍ ഇവന്മാരെ കാണാന്‍ പോകുവാ’ എ­ന്നു പറഞ്ഞ് മേല്‍മുണ്ട് കഴുത്തില്‍ ചുറ്റി അദ്ദേഹം പുറത്തേയ്ക്കൊരു പാച്ചിലായിരുന്നു. പക്ഷെ സെക്രട്ടേറിയറ്റിലൊന്നും പോയില്ല. അടിയും വെ­ട്ടും കുത്തുമൊന്നും നടത്തിയതുമില്ല. സെക്രട്ടേറിയറ്റിനു മുന്നിലെ ആസാദ് ഹോട്ടലില്‍ കയറി മട്ടന്‍ ചോപ്‌സ് സഹിതം ഒരു ഊണും കഴിച്ച് നേരെ ബാലരാമപുരത്തെ വീട്ടിലേക്ക് വച്ചുപിടിച്ചു!

കോണ്‍ഗ്രസ് നേതാവും എംപിയുമായ കൊടിക്കുന്നില്‍ സുരേഷ് കഴിഞ്ഞ ദിവസം ഒരു നവോത്ഥാന പ്രസംഗം നടത്തിയപ്പോഴാണ് ബാലരാമപുരംകാരനെ ഓര്‍ത്തത്. അയാളുടെ വികാരാവേശ പ്രകടനം ആര്‍ജവഭരിതമായിരുന്നു. കൊടിക്കുന്നിലിന്റേത് കാപട്യനിര്‍ഭരവും. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ മകളെ പട്ടികജാതിക്കാരനു കല്യാണം കഴിച്ചു കൊടുക്കാത്തതിലായിരുന്നു കൊടിക്കുന്നിലിന്റെ ധര്‍മ്മരോഷം. കൊടിക്കുന്നില്‍ കല്യാണം കഴിച്ചത് പോത്തന്‍കോട് കൊടിക്കുന്നിലെ ദളിത് പെണ്‍കുട്ടിയെയായിരുന്നില്ല. അദ്ദേഹത്തിന്റെ ഭാര്യ ലക്ഷണമൊത്ത സവര്‍ണ ജാതിക്കാരിയാണ്. പാവം ബാലരാമപുരം സ്വദേശി ഉണ്ടായിരുന്നെങ്കില്‍ ഇയാളെ പാര്‍ലമെന്റ് മന്ദിരത്തില്‍ കയറി കടലാവണക്കിന്‍ പത്തല്‍ കൊണ്ടു പൂശുമായിരുന്നു.

കമ്മ്യൂണിസ്റ്റുകാരോടാണ് ഇതിയാന്‍ മിശ്രവിവാഹത്തെക്കുറിച്ച് പറയുന്നത്. ടി വി തോമസ്-ഗൗരിയമ്മ, ആയില്യത്ത് കുറ്റ്യേരി ഗോപാലന്‍ നമ്പ്യാര്‍ എന്ന എകെജിയുടെ പത്നി സുശീലാഗോപാലന്‍, സിപിഐയുടെ അജാതശത്രുവായ നേതാവും ‘ജനയുഗം’ ചീഫ് എഡിറ്ററുമായിരുന്ന സി കെ ചന്ദ്രപ്പന്റെ പത്നി ബംഗാളിയായ ബുലുറോയ് ചൗധുരി. ‘ജനയുഗം’ തന്നെ മിശ്ര വിവാഹിതരുടെ മട. ചീഫ് എഡിറ്ററായിരുന്ന കാമ്പിശ്ശേരി കരുണാകരന്റെ പുത്രി ഡോ. ഉഷയുടെ ഭര്‍ത്താവ് ‘ജനയുഗം’ ചീഫ് എഡിറ്ററായിരുന്ന തോപ്പില്‍ ഗോപാലകൃഷ്ണന്‍. ചീഫ് എഡിറ്ററായിരുന്ന തെങ്ങമം ബാലകൃഷ്ണനും ‘ജനയുഗം’ മാനേജിങ് എഡിറ്ററായിരുന്ന സിപിഐയുടെ നേതാവ് വി വി രാഘവനും മിശ്രവിവാഹിതര്‍. പാര്‍ട്ടിയുടെ സൈദ്ധാന്തിക നിധികുംഭമായിരുന്ന എന്‍ ഇ ബാലറാമിന്റെ പുത്രി ഗീതയുടെ ഭര്‍ത്താവ് ‘ജനയുഗം’ പത്രാധിപ സമിതി അംഗവും ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗവുമായിരുന്ന ടി എ മജീദിന്റെ പുത്രനും പാര്‍ട്ടി നേതാവുമായിരുന്ന എം നസീര്‍. ‘ജനയുഗ’ത്തില്‍തന്നെ പത്രാധിപന്മാരും പത്രാധിപ സമിതി അംഗങ്ങളും ലേഖകരുമായ മിശ്രവിവാഹിതരുടെ ഒരു നീണ്ട നിരതന്നെയുണ്ട്. പാര്‍ട്ടിയിലാണെങ്കില്‍ കണക്കെടുക്കാനാവാത്ത വിധം ജാതിമതാതീത വിവാഹിതര്‍. ആ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടാണ് ഉന്നതകുലജാതയെ കല്യാണം കഴിച്ച കൊടുക്കുന്നില്‍ മിശ്രവിവാഹ ഉദ്ഘോഷണം, കൊല്ലക്കുടിയിലെ സൂചിക്കച്ചവടംപോലെ.

ഇതെല്ലാം പറഞ്ഞപ്പോള്‍ മിശ്രവിവാഹങ്ങള്‍ കൊണ്ടാടിയ ഒരു കുടുംബം ചരിത്രത്തില്‍ ഇടം പിടിക്കാതെ പോകുന്നത് ഒരു ഭംഗികേടാണ്. എറണാകുളത്തെ സലിം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ‘പാര’ വിനോദമാസികയുടെ പത്രാധിപരും ഇപ്പോള്‍ മീഡിയ കണ്‍സള്‍ട്ടന്റും കടുത്ത സിപിഐ സഹയാത്രികനുമാണ്. ദേവികയുടെ കുടുംബ സുഹൃത്തായ സലിം കോട്ടയത്ത് ബിനോയ് വിശ്വത്തോടൊപ്പം എഐഎസ്എഫിന്റെ ജില്ലാ ഭാരവാഹിയായിരുന്നു. കോട്ടയം സിഎംഎസ് കോളജില്‍ മലയാളവിഭാഗം സെ­ക്രട്ടറിയായി എഐഎസ്എഫുകാരനായി വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചു. പിന്നീട് കോട്ടയത്ത് ‘ജനയുഗം’ ബ്യൂറോ ചീഫ് രാമപുരം ഗോപിയുടെ കീഴില്‍ ലേഖകനായി പ്രവര്‍ത്തിച്ചു. സലിമിന്റെ ഭാര്യ ഡോ. പരിമള ഹിന്ദു, ഹിന്ദുവെന്നു പറഞ്ഞതിനാല്‍ സലിം കോപിക്കുമോ എന്നു പേടിയുണ്ട്. കഥ ഇവിടെ തീരുന്നില്ല. മൂത്തമകന്‍ തന്‍വീര്‍ വിവാഹം കഴിച്ചത് ഇറാന്‍കാരിയെ. ഇളയമകന്റെ ഭാര്യ പീതാംബരന്റെ മകള്‍ ദിവ്യ. ഒരു സഹോദരിയുടെ ഭര്‍ത്താവ് എം കെ ജോണ്‍. ഇളയ സഹോദരിയെ വിവാഹം ചെയ്തത് മങ്കൊമ്പ് ചന്ദ്രശേഖരന്‍ നായര്‍. ഒരു സഹോദരിയുടെ മകളെ കല്യാണം കഴിച്ചത് കമ്മ്യൂണിസ്റ്റുകാരനായ ജയപ്രകാശ് മറയൂര്‍. സലീമിന്റെ ഭാര്യാസഹോദരന്‍ കെട്ടിയത് പന്തളം സ്വദേശിനി റോസമ്മയെ. സഹോദരീ പുത്രന്‍ വിവാഹം കഴിച്ചത് പത്തനാപുരത്തെ സിപിഐ(എം) നേതാവ് രാമചന്ദ്രന്റെ മകള്‍ റിനിയെ. ഇളയ സഹോദരിയെ വിവാഹം കഴിച്ച മങ്കൊമ്പ് ചന്ദ്രശേഖരന്‍ നായരുടെ പുത്രി സിംഗപ്പൂരിലാണ്. അവള്‍ വിവാഹം കഴിച്ചത് തൃശൂരിലെ കല്‍ദായ സുറിയാനിക്കാരനെ. മിശ്രവിവാഹം ഒരാചാരമാക്കിക്കൊണ്ടാടിവരുന്ന സലിമിന്റെയടുത്ത് ഒരു ഇരുനൂറു പേജു ബുക്കുമായി കൊടിക്കുന്നില്‍ തളിര്‍വെറ്റിലയും വരദക്ഷിണയും വച്ച് ശിക്ഷ്യപ്പെടണമെന്ന് പറയാനാവില്ലല്ലോ. ഉറക്കം നടിക്കുന്നവന്മാരെ ഉണര്‍ത്താനാവില്ലല്ലോ!

പള്ളീലച്ചന്മാര്‍ക്ക് ഭ്രാന്തു പിടിച്ചാല്‍ വിശ്വാസികള്‍ എന്തു ചെയ്യും! ഈയടുത്ത കാലത്ത് കെനിയന്‍ തലസ്ഥാനമായ നെയ്റോബിയിലെ വൈദികനായ റവ. ജോഹി ഒരു കല്പന പുറപ്പെടുവിച്ചു. പള്ളിയിലെത്തുന്ന ബാലികമാരടക്കം ഒരു അടിവസ്ത്രവും ധരിക്കരുതെന്ന്. അടിവസ്ത്രങ്ങള്‍ ധരിച്ചാല്‍ പ്രാര്‍ത്ഥനയ്ക്കിടെ കര്‍ത്താവായ യേശുക്രിസ്തു സ്ത്രീകളിലേക്ക് പ്രവേശിക്കാന്‍ കഴിയാതെ കഷ്ടപ്പെടുമെന്ന്. അതിനാല്‍ തങ്ങള്‍ മാത്രമല്ല തങ്ങളുടെ കൊച്ചു മക്കള്‍പോലും പള്ളിയില്‍ വരുമ്പോള്‍ അടിവസ്ത്രങ്ങള്‍ ധരിച്ചിട്ടുണ്ടോ എന്നു തപ്പിനോക്കി ഉണ്ടെങ്കില്‍ ഊരിക്കളയണമെന്നുമാണ് പള്ളീലച്ചന്റെ ഉപദേശം. എന്നാല്‍ പുരുഷന്മാര്‍ക്ക് ആ വിലക്കില്ല. സ്ത്രീകളിലേക്ക് മാത്രമേ ആകാശങ്ങളിലിരിക്കുന്ന ദൈവപുത്രന്‍ നുഴഞ്ഞു കയറുകയുള്ളോ എന്ന് അവര്‍ ചോദിച്ചുമില്ല. തിരുവസ്ത്രത്തിനുള്ളില്‍ നിന്നുള്ള തിരുകല്പന ചോദ്യം ചെയ്തുകൂടല്ലോ. ദൈവകോപമുണ്ടാകില്ലേ. ഫ്രാങ്കോ മുളയ്ക്കല്‍ പിതാവിന്റെ പ്രതിരൂപമാണോ യേശുവിന്റെ പ്രതിപുരുഷനായ ഈ പള്ളീലച്ചന്‍.

മറ്റൊരച്ചന്റെ കാര്യമാണ് അതിലും ഗംഭീരം. ആഫ്രിക്കയിലെ തന്നെ ലുസാക്കയില്‍ 22 വയസുള്ള ഒരച്ചന്‍ പള്ളിയിലെത്തിയ ഭക്തജനങ്ങളോടു കല്പിച്ചു ‘എന്റെ കല്ലറ ഞാന്‍ തോണ്ടിയിട്ടുണ്ട്. നിങ്ങള്‍ എന്നെ അതിനുള്ളിലേക്ക് താഴ്ത്തി മണ്ണിട്ടുമൂടുക. മൂന്നാം നാള്‍ വരിക. ഞാന്‍ ഉയിര്‍ത്തെഴുന്നേല്ക്കും.’ ജെയിസ് സക്കാറോ അച്ചനെ ഭക്തജനങ്ങള്‍ മണ്ണിട്ടുമൂടി ചവിട്ടിയമര്‍ത്തി. മുകളില്‍ ഒരു മരക്കുരിശും സ്ഥാപിച്ചു. മൂന്നാംനാള്‍ വിശ്വാസികളെത്തി നോക്കി. ശവക്കുഴി തുറന്ന് തിരുഉയിര്‍ത്തെഴുന്നേല്പു നടന്നിട്ടില്ല, കുഴിതോണ്ടിയപ്പോള്‍ അസഹനീയമായ നാറ്റം. അച്ചന്റെ വാക്കുകേട്ട് ശവക്കുഴി മൂടിയ മൂന്നുപേര്‍ അറസ്റ്റില്‍. ഈ ചെറുപ്രായത്തില്‍ അച്ചന്‍ മരിച്ചില്ലായിരുന്നെങ്കില്‍ എന്തെല്ലാം നമ്പരുകള്‍ക്ക് വിശ്വാസികള്‍ സാക്ഷിയാകേണ്ടി വന്നേനെ. അതില്‍ നിന്നെല്ലാം ഒഴിവാക്കിയ കര്‍ത്താവ് യേശുമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ!

വേകുന്നതുവരെ കാത്തിരിക്കാമെങ്കില്‍ ആറുന്നതുവരെ കാത്തിരുന്നുകൂടേ എന്നൊരു ചൊല്ലുണ്ട്. ഇത്തരം ഒരു ചൊല്ലിലെ അര്‍ത്ഥവും അനര്‍ത്ഥവും വെളിവാക്കുന്ന ഒരു വാര്‍ത്തയിതാ ആലുവാദേശത്തെ വാഴക്കുളത്തു നിന്നുവരുന്നു. വിവാഹനിശ്ചയത്തിന്റെ പിറ്റേന്ന് ബാങ്ക് ഉദ്യോഗസ്ഥനായ പ്രതിശ്രുതവരന്‍ അനന്തകൃഷ്ണന്‍ പ്രതിശ്രുതവധുവിനെ ബലാത്സംഗം ചെയ്തൂവെന്നാണ് കേസ്. ഭര്‍ത്താവാകാന്‍ പോകുന്ന വില്ലാളിവീരന്റെ ഈ ആക്രാന്തത്തെക്കുറിച്ച് പരാതി നല്കിയതും പെണ്ണാള്‍ തന്നെ. പെണ്ണ് വഴങ്ങാതിരുന്നതോടെ അണ്ടികളഞ്ഞ അണ്ണാനെപ്പോലെ അനന്തകൃഷ്ണന്‍ മുങ്ങി. പിന്നെ പൊക്കിയത് പൊലീസ്. 150 പവനും കാറും സ്ത്രീധനമായി ആവശ്യപ്പെട്ട ഇയാള്‍ ജോലി വാഗ്ദാനം ചെയ്ത് പെണ്ണില്‍ നിന്നും അരലക്ഷവും തട്ടി. ഈ കല്യാണം നടന്നിരുന്നെങ്കില്‍ മറ്റൊരു ഉത്രവധ- വിസ്മയക്കുരുതി വാര്‍ത്തകൂടി ഉറപ്പായിരുന്നേനേ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.