എഡിജിപി എം ആര്‍ അജിത്കുമാറിന്റെ സസ്പെന്‍ഷന്‍ നടപടിയുമായി ബന്ധപ്പെട്ടുള്ള വ്യാഖ്യാനങ്ങളുടെ ഉത്തരവാദിത്തം വ്യാഖ്യാതാക്കള്‍ക്കാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ക്രമസമാധാന ചുമതലയില്‍ നിന്ന് എഡിജിപിയെ മാറ്റി നിര്‍ത്തണമെന്ന ആവശ്യമാണ് സിപിഐ ആദ്യം മുതലേ ഉന്നയിച്ചത്. അതാണ് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. അതേപ്പറ്റിയുള്ള പ്രതികരണം കഴിഞ്ഞ ദിവസം പറഞ്ഞതാണെന്നും എപ്പോഴും ആവര്‍ത്തിക്കേണ്ടതില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സിപിഐക്ക് സന്തോഷമുണ്ടാക്കുന്ന വിജയം എല്‍ഡിഎഫ് രാഷ്ട്രീയത്തിന്റെയും വിജയമാണ്. തീവ്രമായ വലതുപക്ഷ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ അടയാളമായ ആര്‍എസ്എസ് ആണ് മറുഭാഗത്തുള്ളത്. അവരാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ എല്ലാ നന്മകളെയും ഊതിക്കെടുത്തി രാജ്യമാകെ ഇരുട്ടുപരത്തുന്നത്. വലതുപക്ഷ തീവ്ര ഫാസിസ്റ്റ് ആശയത്തിന്റെ വഴിയാണ് ആര്‍എസ് എസിന്. അവരുമായി എല്‍ഡിഎഫ് ഭരിക്കുന്ന കേരളത്തിലെ ക്രമസമാധാന ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥന് ഒരു ബന്ധവും പാടില്ല.
പലവട്ടം ദുരൂഹമായ കാരണങ്ങളാല്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ഉദ്യോഗസ്ഥന്‍ ആ ചുമതലയില്‍ തുടരുന്നത് അനുചിതമാണെന്നാണ് സിപിഐ പറഞ്ഞത്. ആ രാഷ്ട്രീയമാണ് എല്‍ഡിഎഫിന്റേതെന്നും അദ്ദേഹം പറഞ്ഞു. എന്താണോ എല്‍ഡിഎഫ് രാഷ്ട്രീയത്തിന്റെ ആവശ്യം അതാണ് സസ്പെന്‍ഷന്‍ ഉത്തരവില്‍ ഉള്ളതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.