5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 22, 2024
September 21, 2024
September 11, 2024
August 21, 2024
June 15, 2024
April 5, 2024
December 9, 2023
October 29, 2023
October 16, 2023

ഇടതുപക്ഷ പൊതുമണ്ഡലത്തിന്റെ അനിവാര്യത

അജിത് കൊളാടി
വാക്ക്
June 15, 2024 4:30 am

മനുഷ്യരാശിയുടെ ചരിത്രത്തിൽ സോഷ്യലിസ്റ്റ് സാമൂഹ്യ വ്യവസ്ഥ എന്ന സാമൂഹ്യക്രമം വിളംബരം ചെയ്യുന്ന വിപ്ലവങ്ങളുണ്ടായി. ദേശീയ അടിച്ചമർത്തലിൽ നിന്ന് ദേശീയ സ്വാതന്ത്ര്യത്തിലേക്ക്, ചൂഷണത്തിൽ നിന്നും ജനാധിപത്യത്തിലേക്ക്, സമത്വ ഭാവനയിലേക്ക്, മനുഷ്യന്റെ അന്തസും അവകാശങ്ങളും ഉയർത്തിപ്പിടിക്കുന്ന സ്ഥിതിയിലേക്ക് മനുഷ്യരാശി മുന്നേറി. സാമൂഹ്യമാറ്റത്തിന്റെയും മനുഷ്യവിമോചനത്തിന്റെയും കാലമായിരുന്നു ഇരുപതാം നൂറ്റാണ്ട്. മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യുന്നതും, അധ്വാനിക്കുന്ന കോടിക്കണക്കിനാളുകൾ ഉല്പാദിപ്പിക്കുന്ന സമ്പത്ത് വളരെ കുറച്ച് ആളുകൾ മാത്രം വീതിച്ചെടുക്കുന്നത് അവസാനിപ്പിക്കുന്നതും എല്ലാവർക്കും തുല്യാവസരം പ്രദാനം ചെയ്യുന്നതുമായ ഒരു സമൂഹം കെട്ടിപ്പടുക്കുക എന്നതാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ലക്ഷ്യം എന്ന് അന്ന് മാർക്സിസ്റ്റ് ചിന്തകരും നേതാക്കളും പറഞ്ഞു. 19-ാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിലാണ് ഇന്ത്യയിൽ പൊതുമണ്ഡലം രൂപം കൊള്ളുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സംവാദ സമിതികൾ, സാമൂഹിക സംഘടനകൾ, സാഹിത്യ ക്ലബ്ബുകൾ, ഗ്രന്ഥശാലകൾ, തുടങ്ങിയവയായിരുന്നു കൊളോണിയൽ ഭരണകാലത്ത് ഇവിടെ രൂപം കൊണ്ട പൊതുമണ്ഡലത്തിന്റെ അടിത്തറ. ഈ സ്ഥാപനങ്ങളുടെ പൂമുഖങ്ങളിൽ നിന്നാണ് ജനാധിപത്യം, സ്വാതന്ത്ര്യം തുടങ്ങിയ മഹത്തായ ആശയങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യൻ ധൈഷണികർ തീഷ്ണ സംവാദങ്ങളിൽ ഏർപ്പെട്ടത്. അവർ ജനാധിപത്യ‑മതനിരപേക്ഷ ബോധം വളർത്തി, കൊളോണിയൽ അധിനിവേശത്തെ ശക്തമായി എതിർത്തു. അതുകൊണ്ട് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ദശകങ്ങളിൽ ഇടതു ബുദ്ധിജീവികൾക്ക് സമൂഹത്തിൽ നേതൃപരമായ പങ്കുവഹിക്കാൻ കഴിഞ്ഞു. ജനാധിപത്യം, സോഷ്യലിസം, മതനിരപേക്ഷത തുടങ്ങിയ ആശയങ്ങളെ എങ്ങനെ പ്രയോഗവല്‍ക്കരിക്കാം എന്നതിനെക്കുറിച്ചായിരുന്നു ഗൗരവമേറിയ ചർച്ചകൾ. ഇടതുപക്ഷ ചിന്തകരുടെ അനന്യമായ സ്വാധീനം അക്കാലത്ത് സമസ്ത മേഖലകളിലും പ്രകടമായി.

രാഷ്ട്രത്തിലെ മഹാഭൂരിപക്ഷം വരുന്ന പാർശ്വവല്‍ക്കൃതരായ ജനതയ്ക്ക് ഇടതുപക്ഷ പ്രത്യയശാസ്ത്രം ആകർഷകമായിരുന്നുവെങ്കിലും ഇന്ന് വലിയൊരു വിഭാഗം ഇടതുപക്ഷത്തിന്റെ സ്വാധീനത്തിന് പുറത്താണ്. ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളുടെ വിഷംവമിക്കുന്ന ചിന്തകൾ സർവമേഖലയിലും സ്വാധീനം ചെലുത്തുന്നു. ആർഎസ്എസ് ഹിന്ദു മതത്തെ സെമിറ്റിക് മത മാതൃകയിലേക്ക് ചുരുക്കുകയല്ല, മറിച്ച് ചാതുർവർണ്യം നിർദേശിക്കുംവിധമുള്ള ‘ജാതി ക്രമത്തിലേക്ക്’ മനുഷ്യ ജീവിതത്തെയാകെ ചുരുക്കുകയാണെന്നത് മൗലിക സത്യമാണ്. തത്വത്തിൽ ജാതിമേൽക്കോയ്മയെ തള്ളിക്കളയുന്ന മതങ്ങളെപ്പോലും കീഴ്പ്പെടുത്താൻ കഴിഞ്ഞ ‘ജാതിമേൽക്കോയ്മ’യാണ് രാജ്യത്തെ അസഹിഷ്ണുതയുടെ മുഖ്യ സ്രോതസ് എന്നതാണ് ജനാധിപത്യ വിശകലനങ്ങളിൽ നിന്നുപോലും വഴുതിപ്പോവുന്നത്. ഇന്ത്യൻ സംസ്കാരമെന്നാൽ നാനാജാതി ആശയങ്ങളുടെ സമന്വയമാണ്. പല ജാതികളും മതങ്ങളും പേരുകളും ഭാഷകളും സാഹിത്യങ്ങളും എല്ലാം കൂടി സൃഷ്ടിക്കുന്ന ഒരു സങ്കര സംസ്കാരമാണത്. സംഘ്പരിവാറിനെ സംബന്ധിച്ചിടത്തോളം കലർപ്പെല്ലാം അശുദ്ധമാണ്, കുറ്റകരമാണ്. രാജ്യത്തുടനീളം പ്രതിലോമ ചിന്തകൾ പടർത്തിയ ഫാസിസ്റ്റ് ശക്തികളെ പൂർണമായി പിഴുതെറിയാൻ അഖിലേന്ത്യാ തലത്തിലെ തെരഞ്ഞെടുപ്പ് ഫലം കൊണ്ടാകില്ല. അവിടെയാണ് ഇടതുപക്ഷ പൊതുമണ്ഡലത്തിന്റെ പ്രസക്തി. ഇടതുപക്ഷത്തിന്റെ സ്വാധീനം സമസ്ത മണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കണം. സമൂഹത്തിലെ വ്യത്യസ്ത ജനവിഭാഗങ്ങളുമായി തുറന്ന ചർച്ചകൾ നടത്തണം. സംവാദങ്ങൾ വേണം. മറ്റുള്ളവരെ കേൾക്കണം. അവർ പറയുന്ന കാര്യങ്ങൾ ഉൾക്കൊള്ളണം. ഇടതുപക്ഷത്തിനപ്പുറത്തുള്ളവരുടെ വിശ്വാസം വാക്കുകളിലൂടെ, പ്രവൃത്തിയിലൂടെ ആർജിക്കണം. മൂലധന ശക്തികളുടെ ആധിപത്യത്തിന്‍കീഴിലുള്ള രാജ്യത്ത്, അവരുടെ പുറംമോടികളിൽ ആകൃഷ്ടരായ പുതിയ തലമുറ ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിന്റെ പരമ്പരാഗത രീതികളോട് വിമുഖത കാണിക്കുന്നുവെന്ന് പറയാം. ഇടതു രാഷ്ട്രീയത്തെക്കുറിച്ച് മധ്യവർഗത്തിനിടയിലും, മുന്നാക്കക്കാർക്കിടയിലും വളർന്നുവരുന്ന ഇച്ഛാഭംഗം നിരീക്ഷിക്കണം. പ്രവർത്തകരുടെ പ്രത്യയശാസ്ത്ര പ്രതിബദ്ധതയിലുള്ള തകർച്ച ഇടതുപക്ഷ സ്വാധീനത്തെ ബാധിക്കുന്നു. അണികളെ സംഘടിപ്പിക്കുന്നതിൽ മാത്രമല്ല ഊന്നൽ കൊടുക്കേണ്ടത്. ബഹുജനങ്ങളെ ചലനാത്മകമാക്കുക എന്നതാണ് കാലഘട്ടം ആവശ്യപ്പെടുന്നത്.


ഇതുകൂടി വായിക്കൂ:ഒരു സർജിക്കൽ സ്ട്രെെക്കിന് സമയമായി 


ജനകീയ വിഷയങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിലൂടെയും സർഗാത്മകമായ പദ്ധതികളിലൂടെയും സാമൂഹിക അടിത്തറ വികസിപ്പിച്ചുകൊണ്ട് മാത്രമെ ഇടതുപക്ഷ രാഷ്ട്രീയ പൊതുമണ്ഡലം വികസിക്കുകയുള്ളു. യുവത്വം നിരന്തരം സർഗാത്മകമാകണം. സാമ്പ്രദായിക പ്രവർത്തനങ്ങളിൽ നിന്ന് മാറി സമൂഹത്തിൽ സാഹോദര്യത്തിന്റെയും മതനിരപേക്ഷതയുടെയും ആശയങ്ങളുടെയും നിതാന്ത പ്രചാരണം നടത്തേണ്ടത് യുവത്വമാണ്. യുവജനത എപ്പോഴും ജ്വലിച്ചുകൊണ്ടിരിക്കണം. മാറ്റത്തിന്റെ വക്താക്കളായി അവർ കർമ്മപഥത്തിൽ നിലനിൽക്കണം. ഫാസിസ്റ്റ് ശക്തികൾക്കെതിരെ, മൂലധന ശക്തികളുടെ മനുഷ്യവിരുദ്ധ രാഷ്ട്രീയത്തിനെതിരെ, അതിന്റെ ഫലമായി ഉളവാകുന്ന ഭീതിജനകമായ തൊഴിലില്ലായ്മക്കെതിരെ, ഭയാനകമായ സാമൂഹ്യ സാമ്പത്തിക അസമത്വത്തിനെതിരെ, സ്ത്രീകളുടെ നേർക്കുള്ള നിരന്തരമായ അക്രമങ്ങൾക്കെതിരെ, കർഷക ദ്രോഹ നടപടികൾക്കെതിരെ, വംശഹത്യകൾക്കെതിരെ, പോഷകാഹാരക്കുറവിനെതിരെ, സാമൂഹിക രാഷ്ട്രീയ നീതിക്കുവേണ്ടി നിരന്തരമായി അചഞ്ചലമായ പോരാട്ടം ജനസഞ്ചയത്തിൽ നിന്ന് ഉയർന്നുവരണം. ഉയർത്തിക്കൊണ്ടുവരാൻ ഇടതുപക്ഷത്തിന് സാധിക്കും. കീഴാള ജനസഞ്ചയ ജനാധിപത്യ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും, പുതുമയും അത് ഭരണകൂടാധികാരത്തെ ലക്ഷ്യമാക്കുന്നില്ലെന്നു മാത്രമല്ല, ഭരിക്കപ്പെടുന്നവരുടെ ബദൽ അധികാരത്തിന്റെ മുന്നേറ്റമാകുന്നു എന്നതു കൂടിയാണ്. ജനാധികാരത്തിന്റെ മുന്നേറ്റം അഭംഗുരം പ്രവഹിപ്പിക്കുക എന്നതാകണം ഇടതുപക്ഷ പ്രവർത്തനത്തിന്റെ പ്രമുഖ കടമ. ഈ കീഴാള ജനാധിപത്യാധികാരത്തിന്റെ ഉള്ളടക്കമാകട്ടെ മനുഷ്യർക്ക് പ്രകൃതിയിലും സമൂഹത്തിലും ജീവിക്കാനും നാനാമുഖമായി വളരുവാനുമുള്ള അവകാശത്തിനാസ്പദമായ ജീവിതാധികാരമാണ്. ഫാസിസ്റ്റ് ഭരണകൂടം ഈ ജീവിതാധികാരത്തെ നിഷ്ഠുരം അമർച്ച ചെയ്തത് ലോകം കണ്ടതാണ്. മേലാളന്മാരുടെ അധികാരവും കീഴാളന്മാരുടെ അധികാരവും എപ്പോഴും ഏറ്റുമുട്ടിക്കൊണ്ടിരിക്കും. ഈ അധികാര സംഘർഷമാണ് വർഗസമരം.

ഫാസിസ്റ്റ് ഭരണകർത്താക്കൾ സമൂഹത്തിൽ വെറുപ്പും ഭയവും ഉല്പാദിപ്പിച്ചു കൊണ്ട് പ്രവർത്തിച്ചു. കീഴാള ജനകീയാധികാരമാകട്ടൈ മനുഷ്യർ തമ്മിലുള്ള പരസ്പര സ്നേഹത്തിന്റെ അത്ഭുതകരമായ ഭിന്നബന്ധ രൂപങ്ങളുടെ ശക്തികളിലൂടെയാണ് നിലവിൽ വരുന്നത്. സാധാരണ മനുഷ്യരുടെ അധികാരത്തിന്റെ ആധാരമായി പ്രവർത്തിക്കുന്ന സ്നേഹം, മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കുന്ന യഥാർത്ഥ ഭൗതിക ശക്തിയാണ്. അത്തരം സ്നേഹമാകണം ഇടതുപക്ഷ പ്രവർത്തനം. ഇടതുപക്ഷത്തിന്റെ സ്നേഹം മുതലാളിത്ത സമൂഹത്തിലെ സ്വാർത്ഥ സ്നേഹമല്ല. ‌ഇടതുപക്ഷത്തിന്റെ സ്നേഹം ഒരുവനെ മറ്റൊരുവനുവേണ്ടി എന്തു ത്യാഗവും ചെയ്യാൻ സന്നദ്ധനാക്കുന്ന വിമോചകവും വിപ്ലവകരവുമായ രാഷ്ട്രീയ ശക്തിയാണ്. “മനുഷ്യൻ എപ്പോഴും മനുഷ്യനാണ്. നമുക്ക് അവനെ ആദർശവൽക്കരിക്കാനാവില്ല” എന്നു ഫിഡൽ കാസ്ട്രോ പറഞ്ഞിട്ടുണ്ട്. എന്നാൽ പുതിയ സംസ്കാരവും പുതിയ മനുഷ്യനും ഉണ്ടാകുമെന്ന പ്രത്യാശയില്ലെങ്കിൽ പോരാട്ടത്തിന് അർത്ഥമില്ലാതാകുമെന്നും കാസ്ട്രോ ഉറച്ച് വിശ്വസിച്ചു. ഫാസിസ്റ്റ് ശക്തികൾക്കെതിരെ, ജാതിമത മൗലികവാദികൾക്കെതിരെ, മൂലധന ശക്തികൾക്കെതിരെ അചഞ്ചലമായി പോരാടുന്ന പുതിയ സംസ്കാരവും പുതിയ മനുഷ്യനെയും ഉണ്ടാക്കുക എന്നതാണ് ഇടതുപക്ഷത്തിന്റെ ഭാരിച്ച ഉത്തരവാദിത്തം. ജീവിത നിലവാരം സംസ്കാരത്തെയും ജ്ഞാനത്തെയും ആശ്രയിച്ചിരിക്കുന്നു എന്ന് തത്വചിന്തകർ പറഞ്ഞിട്ടുണ്ട്. ആശയസംവാദവും, ആശയദൃഢതയും, ആരോഗ്യകരമായ സംഭാഷണവും ജനങ്ങൾക്കിടയിൽ ഉണ്ടാകണം. ചോദ്യങ്ങളാണ് സാമൂഹിക പരിണാമത്തിന്റെ ഡയലിറ്റിക്സ്. ചോദ്യങ്ങൾ ഇല്ലാത്തിടത്ത് തീസിസും ആന്റി തീസിസും, സിന്തസിസും ഉണ്ടാകുന്നില്ല. ഇന്നലെ ഇന്നിനും, ഇന്ന് നാളെയ്ക്കും പിറവി നൽകുന്ന പ്രകൃതി നിയമം തന്നെ ഒരു ഡയലറ്റിക്കൽ പ്രക്രിയയാണ്. ചോദ്യം ചോദിക്കാനിരിക്കുന്നത് പ്രകൃതി നിയമത്തിന്റെ നിഷേധമാണ്. മാറ്റത്തിന്റെ തിരി കെടുത്തിക്കളയലാണ്.


ഇതുകൂടി വായിക്കൂ: തെരഞ്ഞെടുപ്പ് ഫലത്തിലെ കാണാപ്പുറങ്ങള്‍


ഭരണകൂടാധികാരത്തിന്റെ അതിക്രമങ്ങളെ എക്കാലവും വിവിധ രീതികളിൽ ഇന്ത്യൻ ജനത ചെറുത്തുപോന്നിട്ടുണ്ട്. ആ ജനതയുടെ സമാന്തരവും സ്വച്ഛന്ദവുമായ സ്വാധികാരത്തിന്റെ മഹാശക്തികളെ ഉണർത്തേണ്ടതിൽ പ്രമുഖ പങ്കുവഹിക്കേണ്ടത് ഇടതുപക്ഷമാണ്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലെങ്കിലും അവരുടെ പ്രാകൃത നയങ്ങൾ അപ്രത്യക്ഷമാകില്ല. ആത്മഹത്യ ചെയ്യുന്ന കർഷകരുടെയും കൊടിയ ദുരിതമനുഭവിക്കുന്ന കൈവേലക്കാരുടെയും കൂട്ടമായി കുടിയിറക്കപ്പെട്ട് ചേരികളിൽ അഭയം തേടുന്ന ആദിവാസികളുടെയും കടബാധ്യതകളാൽ ജീവിതം കുടുക്കിയിടപ്പെട്ട ഇടത്തരക്കാരുടെയും കോർപറേറ്റുകൾക്കുവേണ്ടി ജീവിതസമയം പൂർണമായും പണയപ്പെടുത്തുന്ന യുവത്വത്തിന്റെയും ഇന്ത്യയാണ് നമുക്കുള്ളത്. സ്പർധയും അസഹിഷ്ണുതയും മുഖമുദ്രയാക്കിയ സ്തുതിപാഠകരും ആജ്ഞാനുവർത്തികളും സ്വാധീനമുറപ്പിച്ച് രാഷ്ട്രീയ ശുദ്ധി തകർക്കപ്പെടുന്ന നീതിബോധം നഷ്ടപ്പെട്ട രാഷ്ട്രം. ഇക്കാലത്ത് എന്നല്ല, എന്നും കീഴാള ബഹുജനസഞ്ചയത്തിന്റെ സ്വാധികാരത്തിനു വേണ്ടി, പ്രതിജ്ഞാബദ്ധതയോടെ ഇടതുപക്ഷം പ്രവർത്തിക്കണം. അതിന് ഇടതുപക്ഷ പൊതുമണ്ഡലം വികസിപ്പിക്കണം. മൂലധനശക്തികളും ഹിന്ദുത്വ ശക്തികളും, മറ്റു മത വർഗീയ വാദികളും സാധാരണക്കാരുടെ ജീവിതം ദുഃസഹമാക്കുന്ന കാലത്ത്, അതിനെതിരെ ജനമുന്നേറ്റം സൃഷ്ടിക്കുന്നതിന്, തെരഞ്ഞെടുപ്പിനു മുമ്പും ശേഷവും ഉയർന്നു ജനസഞ്ചയ രാഷ്ട്രീയ പ്രവണതകളിൽ എങ്ങനെ ഗുണകരമായി ഇടപെടാം എന്ന് ഇടതുപക്ഷം സത്യസന്ധതയോടെ പരിശോധിക്കണം. ആത്മപരിശോധന തികച്ചും അനിവാര്യമാണ്. മാനവികതയെ നെഞ്ചോടുചേർക്കുന്ന നാളെയെ വീണ്ടെടുക്കണം. ജനങ്ങളാണ് പരമപ്രധാനം എന്ന് കൃത്യമായി മനസിലാക്കുന്ന നാളെയെ വീണ്ടെടുക്കലാണ് കമ്മ്യൂണിസത്തിന്റെ ജോലി. അതിന് ആശയ ദൃഢതയാണ് വേണ്ടത്, സ്ഥാനമാനങ്ങളല്ല. ആശയപരമായ പോരാട്ടം വേണം. സമൂഹത്തോടും പ്രസ്ഥാനത്തിനോടും പ്രത്യയശാസ്ത്രത്തോടും പ്രതിജ്ഞാബദ്ധത വേണം. എത്രയോ പ്രതിസന്ധികളെ ഇടതുപക്ഷം അതിജീവിച്ചു. മനുഷ്യന്റെ സൗന്ദര്യം പൂർണമായി ഉൾക്കൊണ്ട പ്രത്യയശാസ്ത്രമാണ് മാർക്സിസം. മനുഷ്യനാണ് അതിന് പ്രധാനം. മനുഷ്യരോടൊപ്പം ചേർന്നുനിൽക്കുമ്പോൾ മനുഷ്യർ ചേർത്തുപിടിക്കും. അത് നടപ്പിൽ വരുത്താൻ മനുഷ്യപക്ഷമായ, സർഗാത്മകതയുടെ പ്രവാഹം സൃഷ്ടിക്കുന്ന ഇടതുപക്ഷത്തിനേ കഴിയൂ. അതാണ് പരമപ്രധാനമായ കടമ.

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.