
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തലകുനിക്കുന്നത് ജനങ്ങളുടെ മുന്നില്‍ മാത്രമാണെന്നും ജനങ്ങളെ വലിയവരായി കണ്ടുകൊണ്ട് മുന്നോട്ടുപോകുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ നൂറാം സ്ഥാപക ദിനത്തിന്റെ ഭാഗമായി എം എന്‍ സ്മാരകത്തില്‍ പതാക ഉയര്‍ത്തിയതിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ എല്ലാ ചരിത്ര ഘട്ടങ്ങളിലും ഏറ്റവും നിര്‍ണായകമായ ആശയങ്ങളും മുദ്രാവാക്യവും പറഞ്ഞത് ഇന്ന് നാം ഉയര്‍ത്തിയ ഈ ചെങ്കൊടിയാണ്. ഈ കൊടിക്കു താഴെ നമ്മള്‍ മുന്നേറുകയാണ്.
മുന്നേറ്റ പാതയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് ഉയര്‍ച്ചയും താഴ്ചയും ഉണ്ടാകും. ഉയര്‍ച്ചയും താഴ്ചയും വന്നപ്പോഴെല്ലാം ഈ കൊടി നമ്മള്‍ നെഞ്ചോട് ചേര്‍ത്തു പിടിച്ചു. ഈ ചെങ്കൊടിക്ക് മുട്ടുകുത്താനറിയില്ല. മുന്നോട്ട് പോകാനേ അറിയൂ. അതുകൊണ്ട് സിപിഐയും മുട്ട് മടക്കില്ല. എവിടെയും പതറിപ്പോകില്ല. പരാജയപ്പെട്ടാല്‍ എല്ലാം തകര്‍ന്നുവെന്ന് പറഞ്ഞ് കമ്മ്യൂണിസ്റ്റുകാര്‍ പിന്തിരിഞ്ഞ് ഓടില്ല. വിജയിക്കുമ്പോള്‍ അഹങ്കാരത്തോടുകൂടി തലമറന്ന് എണ്ണ തേക്കില്ല. ഈ പാര്‍ട്ടിയ്ക്കൊപ്പം എന്നും ജനങ്ങളുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആത്യന്തികമായി ജനങ്ങളുടെ പാര്‍ട്ടിയാണ്. മറ്റൊന്നിനുവേണ്ടിയും തലകുനിക്കില്ല, എന്നാല്‍ ജനങ്ങള്‍ക്കുവേണ്ടി തലകുനിക്കും. അവരാണ് വലിയവര്‍ എന്ന് നമുക്കറിയാമെന്നും ബിനോയ് വിശ്വം പറഞ്ഞു.
തെരഞ്ഞെടുപ്പിലെ പരാജയം താല്ക്കാലിക തിരിച്ചടിയാണ്. അതില്‍ നിന്ന് പാഠങ്ങള്‍ പഠിക്കും എന്നതാണ് കമ്മ്യൂണിസ്റ്റ് വഴി. വീഴ്ചയുണ്ടായാല്‍ നാം പറയും അത് വീഴ്ചയാണെന്ന്. പരാജയപ്പെട്ടാല്‍ അത് പരാജയമാണെന്ന് പ്രഖ്യാപിക്കും. മറിച്ച് വാക്‌സാമര്‍ത്ഥ്യം കൊണ്ട് കണക്ക് നിരത്തി പരാജയത്തെ വിജയമായി വ്യാഖ്യാനിക്കില്ല. ചില തിരുത്തലുകള്‍ വേണമെന്ന് ജനങ്ങള്‍ പറയുന്നുണ്ട്. ആ തിരുത്തലിനുവേണ്ടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സജ്ജമാകും. എല്‍ഡിഎഫിനോട് സജ്ജമാകാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആവശ്യപ്പെടും. എല്‍ഡിഎഫ് ആയിരിക്കും നാളത്തെ കേരളത്തിന്റെ ഭാവി എന്നും ബിനോയ് വിശ്വം പറഞ്ഞു.
സംസ്ഥാന അസി. സെക്രട്ടറി സത്യന്‍ മൊകേരി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജി ആര്‍ അനില്‍, മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.