1925 ഡിസംബർ അവസാനത്തിലും 1926 ജനുവരി ആദ്യവുമായി കാൺപൂരിൽ ചേർന്ന അഖിലേന്ത്യാ സമ്മേളനത്തിലാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചത്. സിപിഐ രൂപീകരണത്തിന്റെ 97-ാം വാർഷിക ദിനമാണ് ഡിസംബർ 26 . നാട്ടിലും വിദേശത്തും നടന്ന നിരവധി ചരിത്രസംഭവവികാസങ്ങളുടെ ഫലമായിരുന്നു 1925ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനനം. കമ്മ്യൂണിസ്റ്റു പാർട്ടി രൂപീകരണത്തിന്റെ നൂറാം വാർഷികാഘോഷങ്ങൾക്ക് രാജ്യവ്യാപകമായി തുടക്കം കുറിക്കാൻ സിപിഐ ദേശീയ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്. പെട്ടെന്നുണ്ടായ ഒരു സംഭവവികാസമായിരുന്നില്ല സിപിഐയുടെ ജനനം. ഒരു പാർട്ടി രൂപീകരിക്കണമെന്ന് ആഗ്രഹിച്ച ഏതാനും വ്യക്തികളായിരുന്നില്ല കോൺഫറൻസ് വിളിച്ചു ചേർത്തത്. മുംബൈ, കൽക്കട്ട, മദ്രാസ്, ലാഹോർ തുടങ്ങിയ സ്ഥലങ്ങളിൽ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകൾ നേരത്തേ നിലവിൽ വന്നുകഴിഞ്ഞിരുന്നു. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തോടൊപ്പം തൊഴിലാളി പ്രസ്ഥാനവുമായും അവർ ബന്ധപ്പെട്ടിരുന്നു. ഒരുമിച്ചു ചേർന്ന് ഒരു അഖിലേന്ത്യാ പാർട്ടി രൂപീകരിക്കാനുള്ള സ്വാഭാവികമായ വികാരം ഈ ഗ്രൂപ്പുകൾക്കുണ്ടായിരുന്നു. സാമ്രാജ്യത്വ ഭരണാധികാരികളുടെ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടാനും ഇന്ത്യൻ വിപ്ലവത്തിന് ഒരു വഴി കണ്ടുപിടിക്കാനും നിരവധി വിപ്ലവകാരികൾ വിദേശത്തേക്ക് പോയിരുന്നു. മോസ്കോ അവരെ ആകർഷിച്ചു. കൊളോണിയൽ ഭരണത്തിൽ നിന്ന് രക്ഷപ്പെടാൻ സമരം ചെയ്യുന്ന എല്ലാ ജനങ്ങളെയും ശക്തമായി ആകർഷിച്ച ഒന്നായിരുന്നു മഹത്തായ ഒക്ടോബർ വിപ്ലവം.
അവർ കമ്മ്യൂണിസ്റ്റുകാരാവുകയും വിദേശത്തിരുന്നുകൊണ്ട് പാർട്ടി രൂപീകരിക്കാൻ പരിശ്രമിക്കുകയും ചെയ്തു. അത്തരമൊരു വിപ്ലവകരമായ നീക്കത്തിന് സാഹചര്യങ്ങൾ പാകമായിക്കഴിഞ്ഞിരുന്നു. കാൺപൂരിലെ സ്ഥാപക സമ്മേളനത്തിലേക്ക് അവരെ എത്തിച്ചത് ഇതൊക്കെയായിരുന്നു. പാർട്ടി രൂപീകരിക്കുന്നതിനു മുമ്പുതന്നെ ആദ്യകാല കമ്മ്യൂണിസ്റ്റുകൾ, വ്യക്തികളും ഗ്രൂപ്പുകളും എന്ന നിലയ്ക്ക്, ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണത്തെ തൂത്തെറിഞ്ഞ് ഇന്ത്യയുടെ പൂർണ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിച്ചിരുന്നു. 1921ൽ അഹമ്മദാബാദിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനത്തിൽ ഹസ്രത്ത് മൊഹാനി (സിപിഐ സ്ഥാപക സമ്മേളനത്തിന്റെ സ്വാഗതസംഘം ചെയർമാൻ) പൂർണ സ്വാതന്ത്ര്യമെന്ന ആവശ്യം ഉന്നയിച്ചു. എന്നാൽ ‘നിരുത്തരവാദിത്തപരവും അപ്രായോഗികവും’ എന്ന് പറഞ്ഞ് ഗാന്ധിജി അതിനെ തള്ളുകയാണുണ്ടായത്. വീണ്ടും 1922ൽ ഗയയിൽ നടന്ന സമ്മേളനത്തിൽ ശിങ്കാരവേലു ചെട്ടിയാർ (പിന്നീട് സിപിഐ സ്ഥാപന സമ്മേളനത്തിന്റെ അധ്യക്ഷൻ) ഈ ആവശ്യം ആവർത്തിക്കുകയും വലിയ പിന്തുണ നേടുകയും ചെയ്തു. ഇന്ത്യയിലെ സാമ്രാജ്യത്വവിരുദ്ധ സമരം ഉശിരാർന്ന ബഹുജന മുന്നേറ്റമായി മാറിയതിനു ശേഷമുള്ള തൊട്ടടുത്ത കാലഘട്ടത്തിലാണ് സിപിഐയുടെ ജനനം. തൊഴിലാളികൾ, കർഷകർ, മധ്യവർഗം എന്നിവരിലെ വലിയൊരു വിഭാഗത്തിന്റെ ബോധനിലവാരവും പ്രവർത്തനവും പുതിയ തലങ്ങളിലെത്തിയിരുന്നു. ദേശീയ മുന്നേറ്റത്തിന്റെ ഫലമായി ആയിരക്കണക്കിന് ഉശിരുള്ള പ്രവർത്തകർ ഉയർന്നുവന്നു. പക്ഷെ, സമരം പെട്ടെന്ന് പിൻവലിച്ചതിലുള്ള നിരാശയും അമർഷവും മൂലം വിപ്ലവത്തിനുള്ള സ്ഥിരതയുള്ള മാർഗങ്ങളും സമരമാർഗങ്ങളും തേടാൻ അവർ നിർബന്ധിതരായി. റഷ്യൻ വിപ്ലവം കാട്ടിത്തന്ന പാതയാണ് അവരിലധികം പേരും തെരഞ്ഞെടുത്തത്. പൗരസ്ത്യ പ്രദേശത്തെ കൊളോണിയൽ രാജ്യങ്ങളിലെ ജനങ്ങൾക്കും അധ്വാനവർഗത്തിനുമുള്ള ഒരു പ്രത്യേക സന്ദേശം അതിലടങ്ങിയിരുന്നു. സാമ്രാജ്യത്വ കോളനികളിലെ ദേശീയ വിമോചന പ്രസ്ഥാനങ്ങൾക്ക് ശക്തമായ പിൻബലമാണ് റഷ്യൻ വിപ്ലവം നൽകിയത്. ബാലഗംഗാധര തിലകിനെ തടവുശിക്ഷയ്ക്കു വിധിച്ചതിനെതിരെ 1908ൽ ബോംബെയിലെ രണ്ടുലക്ഷം തുണിമിൽ തൊഴിലാളികൾ ആറ് ദിവസം പണിമുടക്കിയതിനെ ലെനിൻ അഭിനന്ദിച്ചിരുന്ന കാര്യം ഈ അവസരത്തിൽ സ്മരണീയമാണ്. മനുഷ്യരാശിക്ക്, പ്രത്യേകിച്ച് കോളനി വാഴ്ചക്കിരയായ ജനങ്ങൾക്ക് ഒരു പുതിയ യുഗമാണ് തുറന്നു കിട്ടിയത്.
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാർ എല്ലായ്‌പോഴും ദേശാഭിമാനത്തിന്റെ മഹനീയമായ രണ്ട് തത്വങ്ങളാൽ പ്രചോദിതരാണ്. ഒന്ന്-വൈദേശിക ഭരണാധികാരികളുടെയും നാട്ടിലെ ചൂഷകരുടെയും മർദ്ദകരുടെയും പിടിയിൽ നിന്ന് രാജ്യത്തെ വിമോചിപ്പിക്കാനുള്ള ആത്മാർത്ഥമായ ആഗ്രഹം. രണ്ട്-സർവരാജ്യ തൊഴിലാളികളേ സംഘടിക്കുവിൻ എന്ന അനശ്വര മുദ്രാവാക്യത്തിൽ അടങ്ങിയിരിക്കുന്ന സാർവദേശീയ തൊഴിലാളിത്തം. നമ്മുടെ രാജ്യത്തെ അധ്വാനിക്കുന്നവരുടെ മോചനത്തിനായി പോരാടുമ്പോൾ സ്വാതന്ത്ര്യത്തിനും സാമൂഹ്യ പുരോഗതിക്കും വേണ്ടി മറ്റു രാജ്യങ്ങളിലെ അധ്വാനിക്കുന്ന ജനവിഭാഗം നടത്തുന്ന സമരങ്ങളുമായി അതിനുള്ള സമാനത ഊന്നിപ്പറയാറുണ്ട്. സാമ്രാജ്യത്വവും ഫാസിസവുമാണ് സാർവദേശീയ മേഖലയിലെ ശത്രുക്കളെങ്കിൽ അതേ വർഗത്തിൽപ്പെട്ട ബൂർഷ്വാസിയും ഫ്യൂഡൽ പ്രഭുക്കളുമാണ് ദേശീയതലത്തിൽ ശത്രുക്കൾ. പൊരുതുന്ന ജനങ്ങളുമായി എപ്പോഴുമുള്ള ഐക്യദാർഢ്യം സിപിഐയുടെ പ്രവർത്തനങ്ങളുടെ മുഖമുദ്രയും സാർവദേശീയതയുടെ പ്രകടനവുമാണ്. ദേശീയ വിമോചന പ്രസ്ഥാനങ്ങളോടൊപ്പം നിൽക്കാനും എല്ലാ രാജ്യങ്ങളിലെയും സ്വാതന്ത്ര്യപ്പോരാളികളെയും സാമൂഹ്യമാറ്റത്തിനുവേണ്ടി പോരാടുന്നവരെയും ധാർമ്മികമായും രാഷ്ട്രീയമായും സാമ്പത്തികമായും കഴിയാവുന്നത്ര സഹായിക്കാനും എന്നും പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. സാമ്രാജ്യത്വ ആക്രമണങ്ങളെയും ഗൂഢാലോചനകളെയും യുദ്ധങ്ങളെയും സംഘർഷങ്ങളെയും എപ്പോഴും പാര്‍ട്ടി എതിർത്തിട്ടുണ്ട്. സമാധാനത്തിനും സമാധാനപരമായ സഹവർത്തിത്വത്തിനും വേണ്ടി നിലകൊണ്ടിട്ടുണ്ട്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി 97 വർഷങ്ങൾ പിന്നിടുന്നു. തൂക്കുമരങ്ങളെയും തുപ്പാക്കികളെയും ലാത്തികളെയും ലോക്കപ്പുകളെയും ജന്മി-ബൂർഷ്വാ മർദ്ദനങ്ങളെയും ജയിലറകളെയും നേരിട്ടാണ് പാർട്ടി മുന്നേറിയത്. പാവപ്പെട്ട ജനവിഭാഗങ്ങളും മനുഷ്യ സ്നേഹികളുമായിരുന്നു കമ്മ്യൂണിസ്റ്റുകാരുടെ കരുത്തും സംരക്ഷകരും; പാർട്ടി അവരുടെയും. അനേകായിരങ്ങളുടെ ചോരയും ജീവനും സമർപ്പിച്ചാണ് ഇന്ത്യയിൽ സാമൂഹ്യമാറ്റം സൃഷ്ടിച്ചത്. എണ്ണമറ്റ വെല്ലുവിളികളെ നേരിട്ട പാർട്ടിയാണ് സിപിഐ. ഇന്ത്യയെ ഇടത്തോട്ടു കൊണ്ടുപോകാനും ഒരു സോഷ്യലിസ്റ്റ് ഇന്ത്യയാക്കാനുമാണ് സിപിഐ പോരാടിക്കൊണ്ടിരിക്കുന്നത്. മാർക്സിസം-ലെനിനിസമാണ് ഇതിൽ സിപിഐയുടെ വഴികാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.