26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 9, 2024
December 1, 2024
December 1, 2024
November 27, 2024
November 27, 2024
November 25, 2024
November 25, 2024
November 25, 2024
November 24, 2024
November 24, 2024

ഒപ്പമുണ്ടായിരുന്നവരും ആക്രമിക്കുന്നു; സുരേന്ദ്രന്‍ ഒറ്റപ്പെടുന്നു

കെ കെ ജയേഷ് 
‍കോഴിക്കോട്
November 25, 2024 3:32 pm

ഒപ്പം നിന്നവരും എതിർപ്പുമായി രംഗത്തെത്തിയ സാഹചര്യത്തിൽ തനിച്ച് പ്രതിരോധിക്കാനുള്ള പെടാപ്പാടില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ജയിക്കുമ്പോൾ ക്രെഡിറ്റ് മറ്റുള്ളവർക്കും തോൽക്കുമ്പോൾ ഉത്തരവാദിത്തം തനിക്ക് മാത്രമാണെന്നുമുള്ള സുരേന്ദ്രന്റെ പ്രസ്താവന തന്നെ ഒറ്റപ്പെടുത്താൻ നീക്കം നടത്തുന്ന നേതാക്കളോടുള്ള പ്രതികരണമാണ്. പാർട്ടിക്കുണ്ടായ തിരിച്ചടികൾക്കെല്ലാം സുരേന്ദ്രൻ മാത്രമാണ് ഉത്തരവാദിയെന്ന് വരുത്തിത്തീർക്കാനാണ് എതിർവിഭാഗം ശ്രമിക്കുന്നതെന്നും അതിന് മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നതായും സുരേന്ദ്രനെ അനുകൂലിക്കുന്നവർക്ക് പരാതിയുണ്ട്. 

പി കെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ വിഭാഗങ്ങളുടെ നീക്കങ്ങൾ നേരത്തെയുള്ളതാണെങ്കിലും ഒപ്പമുണ്ടായിരുന്ന വി മുരളീധരൻ കൈവിട്ടതാണ് കെ സുരേന്ദ്രനെ പ്രതിസന്ധിയിൽ അകപ്പെടുത്തുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ തോൽവിയുടെ കാര്യങ്ങൾ സംസ്ഥാന അധ്യക്ഷനോട് ചോദിക്കണമെന്ന വി മുരളീധരന്റെ പ്രതികരണം വലിയ രീതിയിൽ തിരിച്ചടിയായിട്ടുണ്ട്. ഇതിന് മറുപടിയായിട്ടാണ് വി മുരളീധരൻ പ്രസിഡന്റ് ആയിരിക്കുമ്പോഴും ഉപതെരഞ്ഞെടുപ്പിൽ തോൽവി സംഭവിച്ചിട്ടുണ്ടെന്നും അന്നൊന്നും മുരളീധരൻ രാജിവയ്ക്കണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും സുരേന്ദ്രന്റെ മറുപടി. 

ഉപതെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലും മുരളീധരൻ സജീവമായിരുന്നില്ല. പ്രസിഡന്റിനെതിരായ നീക്കങ്ങൾക്ക് വി മുരളീധരന്റെ നിശബ്ദ പിന്തുണ ലഭിക്കുന്നുണ്ടെന്നാണ് സുരേന്ദ്രൻ വിഭാഗത്തിന്റെ വിമർശനം. തനിച്ചുള്ള പോരാട്ടങ്ങൾ ഫലം കാണാത്ത സാഹചര്യത്തിൽ വി മുരളീധരനെ ഒപ്പം നിർത്താനാണ് എതിർപക്ഷം ലക്ഷ്യമിടുന്നത്. വീണ്ടും അധ്യക്ഷപദവി ആഗ്രഹിക്കുന്ന മുരളീധരനെ ഉപയോഗപ്പെടുത്തിയാൽ കേന്ദ്ര പിന്തുണ ഇല്ലാതാക്കാൻ കഴിയുമെന്ന് ഇവർ കരുതുന്നു.
പാലക്കാട്ട് ബിജെപിക്ക് അടിസ്ഥാന വോട്ടുകൾ നിലനിർത്താൻ കഴിഞ്ഞില്ലെന്ന് തുറന്ന് സമ്മതിക്കുമ്പോഴും സ്ഥാനാർത്ഥിയെ നിർത്തിയതിന്റെ ഉത്തരവാദിത്തം കുമ്മനം രാജശേഖരന് ഉൾപ്പെടെയാണെന്ന് പ്രചരിപ്പിക്കാനും സുരേന്ദ്രൻ ശ്രമിക്കുന്നുണ്ട്. ഇതിനൊപ്പം തന്നെ പാലക്കാട്ടെ തോൽവിയുടെ പങ്ക് പകുത്തുനൽകി അധ്യക്ഷ സ്ഥാനത്തേക്കുള്ള ശോഭാ സുരേന്ദ്രന്റെ വഴി തടയാനും സുരേന്ദ്രൻ നീക്കം നടത്തുന്നു. രാജിസന്നദ്ധതാ വാർത്തകളിലൂടെ കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ നേടാനും പ്രവർത്തകരുടെ സഹതാപം പിടിച്ചുപറ്റാനുമുള്ള നീക്കം നടത്തുന്നതായും ആരോപണമുണ്ട്. 

ഇതേസമയം രാജിസന്നദ്ധത അറിയിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കെ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ മറുപടി നൽകിയില്ല. താൻ തുടരണമോ ഒഴിയണമോ എന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്ന് മാത്രമായിരുന്നു സുരേന്ദ്രന്റെ മറുപടി. രാജി സന്നദ്ധത സംബന്ധിച്ച വാർത്തകൾ സുരേന്ദ്രൻ വിഭാഗവും തള്ളുകയാണ്. ആരോടും പാർട്ടി രാജി ആവശ്യപ്പെട്ടിട്ടില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കറും വ്യക്തമാക്കി.
ഉപതെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച നേതൃയോഗത്തിൽ, ദയനീയ പരാജയം സുരേന്ദ്രനെതിരെ ആയുധമാക്കാനാണ് എതിർവിഭാഗത്തിന്റെ തീരുമാനം. ചേലക്കരയിലെയും വയനാട്ടിലെയും കാര്യങ്ങൾ ശ്രദ്ധിക്കാതെ പാലക്കാട് മാത്രമായി കേന്ദ്രീകരിക്കുകയായിരുന്നു സുരേന്ദ്രൻ. സ്ഥാനാർത്ഥി നിർണയവും പ്രചാരണവും ഏകപക്ഷീയമായി ഏറ്റെടുത്ത കെ സുരേന്ദ്രന് പരാജയത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടാനാവില്ലെന്നും ഇവർ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.