നഗരത്തിലെയും ജില്ലയുടെ പല ഭാഗങ്ങളിലെയും പെട്രോൾ പമ്പുകളിൽ ഇന്ധന ക്ഷാമം നേരിടുന്നതായി പരാതി. ചിലയിടങ്ങളിൽ വൈകീട്ട് ആറു മണിയോടെ തന്നെ പമ്പിന് മുന്നിലായി ഇന്ധനം തീർന്നതായി കാണിച്ച് ബോർഡുകൾ സ്ഥാപിക്കുന്നുണ്ട്. ടൗൺ പരിസരത്തുള്ള മിക്ക പമ്പുകളിലും പെട്രോൾ ലഭിക്കാത്തതിനാൽ രാത്രി കാലങ്ങളിൽ വീടുകളിലേക്ക് മടങ്ങുന്നവർ വലയുന്ന സ്ഥിതിയാണുള്ളത്. അനുദിനം വില വർധിക്കുന്നതിനാൽ ചില പമ്പുകൾ ബോധപൂർവ്വം സ്റ്റോക്കില്ലെന്ന് വരുത്തിത്തീർക്കുകയാണെന്നാണ് ഉപഭോക്താക്കളുടെ ആരോപണം. ജില്ലയിൽ പലയിടങ്ങളിലും ഇത് തന്നെയാണ് അവസ്ഥയെന്നും ഇവർ വ്യക്തമാക്കുന്നു. അതേ സമയം പമ്പുടമകൾ മുൻകൂട്ടി പണം നൽകാത്തതിനാലാണ് പെട്രോൾ ലഭിക്കാത്തതെന്ന് ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കുന്നു.
പെട്രോൾ പമ്പുകൾക്ക് കടമായി ഇന്ധനം വിതരണം ചെയ്തിരുന്നത് എച്ച് പി സി എൽ എണ്ണക്കമ്പനി അവസാനിപ്പിച്ചിരുന്നു. ഇതോടെയാണ് എച്ച് പി സി എൽ പമ്പുകളിൽ ഇന്ധന ക്ഷാമം നേരിട്ടു തുടങ്ങിയത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നേരത്തെ തന്നെ ക്രെഡിറ്റ് സൗകര്യം അനുവദിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പമ്പുകളിൽ ആവശ്യത്തിനുള്ള ഇന്ധനം സ്റ്റോക്കുണ്ട്. എച്ച് പി സി എൽ, ഭാരത് പെട്രോളിയം എന്നിവടങ്ങളിലാണ് പെട്രോൾ ക്ഷാമം രൂക്ഷമാകുന്നത്. നടക്കാവ്, കണ്ണൂർ റോഡ്, പുതിയങ്ങാടി പമ്പുകളിൽ അടുത്തിടെ അടുപ്പിച്ച ദിവസങ്ങളിൽ രാത്രി ഇന്ധനം തീർന്നതായി കാണിച്ച് പമ്പുകൾ അടച്ചിരുന്നു.
ഇന്ധനം മൊത്തമായി വാങ്ങുന്ന ഡീലർമാർക്ക് ലിറ്ററിന് 25 രൂപയോളം എണ്ണക്കമ്പനികൾ കൂട്ടിയതാണ് സ്വകാര്യ പെട്രോൾ പമ്പുകൾക്ക് പ്രയാസം സൃഷ്ടിക്കുന്നത്. റിലയൻസ് ഉൾപ്പെടെയുള്ള സ്വകാര്യ പമ്പുകളെ ഇത് ബാധിക്കാൻ തുടങ്ങിയതോടെയാണ് ഇവിടങ്ങളിലും സ്റ്റോക്ക് ഇല്ലാതായിത്തുടങ്ങിയത്.
നേരത്തെ എച്ച് പി സി എൽ ഇന്ധനം ക്രെഡിറ്റിൽ ലഭ്യമാക്കിയിരുന്നെങ്കിലും ഇന്ധന വില വീണ്ടും കൂട്ടിത്തുടങ്ങിയതോടെ വായ്പാ സൗകര്യം നിർത്തലാക്കുകയായിരുന്നു. ഇന്ധന വില ദിവസവും ഉയരുന്ന സാഹചര്യത്തിൽ ഒരു ദിവസം ഇന്ധനം പിടിച്ചുവെച്ചാൽ പോലും ലക്ഷങ്ങളുടെ ലാഭമാണ് എണ്ണക്കമ്പനികൾക്ക് ലഭിക്കുകയെന്ന് പെട്രോൾ പമ്പ് ഉടമകൾ പറയുന്നു. ക്രെഡിറ്റിന് ഇന്ധനം ലഭിച്ചിരുന്നപ്പോൾ സ്വകാര്യ ബസ്സുകൾക്കും മറ്റും പെട്രോൾ പമ്പുകൾ കടമായി ഇന്ധനം നൽകിയിരുന്നെങ്കിലും പുതിയ സാഹചര്യത്തിന് ഇതിന് സാധിക്കാത്ത അവസ്ഥയാണ്. ഇന്ധന വില കുതിച്ചുയരുന്നത് പമ്പുകൾക്ക് വലിയ നഷ്ടം വരുത്തുന്നുണ്ട്. ബാഷ്പീകരണ തോത് കണക്കിലെടുക്കുമ്പോൾ ഒരു ലിറ്ററിൽ നിന്ന് ഒരു രൂപയിലധികം നഷ്ടം സംഭവിക്കും. എന്നാൽ നിശ്ചിത സ്റ്റോക്ക് സൂക്ഷിക്കണമെന്ന നിബന്ധന വലിയ പ്രയാസം ഉണ്ടാക്കുന്നുണ്ടെന്നും പമ്പുടമകൾ വ്യക്തമാക്കുന്നു.
English Summary: Company suspends credit facility: Complaints of fuel shortage at pumps
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.