8 November 2024, Friday
KSFE Galaxy Chits Banner 2

അഡ്വഞ്ചർ റിസോർട്ടിൽ അപകടം; രണ്ട് മക്കളും നഷ്ടമായ ദമ്പതികൾക്ക് രണ്ടുകോടി നഷ്ടപരിഹാരം നൽകണം

Janayugom Webdesk
കൊച്ചി
December 16, 2023 10:22 pm

അഡ്വഞ്ചർ റിസോർട്ടിലെ സുരക്ഷാ വീഴ്ച മൂലം രണ്ട് മക്കളും നഷ്ടപ്പെട്ട ദമ്പതികൾക്ക് 1.99 കോടി രൂപ നഷ്ടപരിഹാരവും കോടതി ചെലവും നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്‍. എറണാകുളം ആമ്പല്ലൂർ സ്വദേശികളായ പി വി പ്രകാശൻ, വനജ പ്രകാശൻ എന്നിവരുടെ രണ്ട് ആൺമക്കൾ പൂനെയിലെ റിസോർട്ടിൽ വച്ചുണ്ടായ അപകടത്തിൽ മുങ്ങി മരിച്ച സംഭവത്തിലാണ് ഉത്തരവ്.

അഡ്വ. ഡി ബി ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. 2020 ഒക്ടോബറിലാണ് നിതിൻ (24), മിഥുൻ (30) എന്നിവർ പൂനെയിൽ കരന്തി വാലി അഡ്വഞ്ചർ ആന്റ് ആഗ്രോ ടൂറിസം റിസോർട്ടിൽ സുഹൃത്തുക്കളോടൊപ്പം ഉല്ലാസയാത്രയ്ക്ക് പോയത്. റിസോർട്ടിലെ സാഹസിക വിനോദങ്ങളിൽ ഏർപ്പെടുന്നതിനിടെ വെള്ളത്തിൽ മുങ്ങി അപകടം സംഭവിക്കുകയായിരുന്നു. സുരക്ഷ ഒരുക്കുന്നതിലും, പരിചയസമ്പന്നരായ ഗൈഡുകളെ നിയമിക്കുന്നതിലും വീഴ്ച സംഭവിച്ചതാണ് അപകട കാരണമെന്ന് ആരോപിച്ചാണ് ദമ്പതികൾ കമ്മിഷനെ സമീപിച്ചത്.

പൂനെ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ, റിസോർട്ടിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നും സിസിടിവി കാമറകൾ പ്രവർത്തനരഹിതമായിരുന്നു എന്നുമുള്ള കണ്ടെത്തൽ കോടതി പരിഗണിച്ചു. നഷ്ടപരിഹാരമായി ഒരു കോടി 99 ലക്ഷം രൂപയും കോടതി ചെലവായി 20,000 രൂപയും 30 ദിവസത്തിനകം നൽകണമെന്ന് റിസോർട്ട് ഉടമകൾക്ക് ഉത്തരവ് നൽകി. ഉപഭോക്തൃ സംരക്ഷണ നിയമം 2019 നിലവിൽ വന്നതിനു ശേഷം ഉപഭോക്തൃ തർക്ക പരിഹാര കേസുകളിൽ അനുവദിക്കുന്ന ഏറ്റവും വലിയ നഷ്ടപരിഹാര തുകയാണിത്.

Eng­lish Sum­ma­ry: com­pen­sa­tion of 2 crore to par­ents who lost 2 chil­dren in resort accident
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.