1 November 2024, Friday
KSFE Galaxy Chits Banner 2

വ്യാപാര മേളയിൽ അഡ്വാൻസ് വാങ്ങി ഫർണിചർ നൽകിയില്ല: നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കോടതി

Janayugom Webdesk
കൊച്ചി
February 8, 2024 6:06 pm

വ്യാപാരമേളകളിലെ പരാതികൾ ഫലപ്രദമായി പരിഹരിക്കാൻ പ്രത്യേക കൗണ്ടറുകൾ സംഘാടകർ തുറക്കണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കോടതി. വ്യാപാര മേളയിലെ സ്റ്റാളിൽ അഡ്വാൻസ് തുക നൽകിയിട്ടും ഫർണിച്ചർ നൽകിയില്ലെന്ന പരാതിയിൽ അഡ്വാൻസ് തുകയും കോടതി ചെലവും 30 ദിവസത്തിനകം ഉപഭോക്താവിന് നൽകാൻ ഡി ബി ബിനു പ്രസിണ്ടും വി രാമചന്ദ്രൻ, ടി എൻ ശ്രീ വിദ്യ എന്നിവർ അംഗങ്ങളുമായ എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവിട്ടു.

എറണാകുളം വരാപ്പുഴ സ്വദേശി ജോളി പി ഫ്രാൻസിസ്, മലപ്പുറത്തെ ബദരിയ എക്സ്ക്ലൂസീവ് ഫർണിച്ചർ എന്ന സ്ഥാപനത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. എറണാകുളം കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ പ്രദർശന സ്റ്റാളിൽ 16,500 രൂപ വിലയുള്ള അലമാരയ്ക്ക് പരാതിക്കാരൻ 500 രൂപ അഡ്വാൻസ് തുക നൽകി. 2018ലെ വെള്ളപ്പൊക്കം മൂലം പരാതിക്കാരൻ്റെ സാമ്പത്തിക അവസ്ഥ മോശമായതിനാൽ ബാക്കി തുക അടയ്ക്കാൻ കഴിഞ്ഞില്ല. തുടർന്ന് മറ്റൊരു ഫർണിച്ചർ നൽകാൻ കഴിയുമോ എന്ന് പരാതിക്കാരൻ അന്വേഷിച്ചു. നൽകാമെന്ന് അവർ സമ്മതിക്കുകയും ചെയ്തു. എന്നാൽ പിന്നീട് പല പ്രാവശ്യം ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഉറപ്പു നൽകിയതല്ലാതെ ഫർണിച്ചർ എതിർ കക്ഷിനൽകിയില്ല. തുടർന്ന് 2020 ഫെബ്രുവരിയിൽ വീണ്ടും വ്യാപാരമേള നടന്നപ്പോൾ പരാതിക്കാരൻ എതിർകക്ഷിയുടെ സ്റ്റാളിൽ ചെന്ന് അലമാരയ്ക്ക് പകരം കസേര നൽകിയാൽ മതിയെന്ന് പറഞ്ഞു. രണ്ട് ദിവസത്തിനകം കസേര എത്തിക്കാമെന്ന് എതിർ കക്ഷി ഉറപ്പുനൽകിയെങ്കിലും എത്തിച്ചില്ല. ഈ സാഹചര്യത്തിലാണ് പരാതിക്കാരൻ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. 

“വ്യാപാരം മേളകളിൽ നിന്നും ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്ക് ഫലപ്രദമായ സേവനം ലഭ്യമാകുന്നില്ല. വാങ്ങിയതിനു ശേഷം എന്തെങ്കിലും പരാതി ഉണ്ടായാൽ പരാതി പരിഹരിക്കാൻ എക്സിബിഷനിൽ പ്രവേശിക്കണമെങ്കിലും പണം കൊടുക്കേണ്ട ദുരവസ്ഥയാണ് ഉപഭോക്താക്കൾക്കുള്ളത്. എല്ലാവർഷവും നടക്കുന്നവ്യാപാര മേള കളിലെ ഉപഭോക്തൃ പരാതികൾ പരിഹരിക്കാൻ സ്ഥിരമായ ഓൺലൈൻ പരാതി പരിഹാര സംവിധാനവും ഉണ്ടാവണം “കമ്മീഷൻ ഉത്തരവിൽ നിർദ്ദേശിച്ചു.

പരാതിക്കാരൻ നൽകിയ അഡ്വാൻസ് തുക കൂടാതെ കോടതി ചെലവായി 5000 രൂപയും ഒരു മാസത്തിനകം എതിർ കക്ഷി നൽകിയില്ലെങ്കിൽ 9% പലിശ സഹിതം നൽകണമെന്ന് കോടതി ഉത്തരവിട്ടു.

Eng­lish Sum­ma­ry: Advance paid and fur­ni­ture not deliv­ered at trade fair: Con­sumer Dis­putes Redres­sal Court orders compensation

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.