20 May 2024, Monday

പാട്ടഭൂമിയിലെ കർഷകർക്കും നഷ്ടപരിഹാരം നൽകണം: തെലങ്കാന ഹൈക്കോടതി

Janayugom Webdesk
ഹൈദരാബാദ്
October 1, 2021 9:57 pm

പ്രകൃതിക്ഷോഭത്തില്‍ വിളനാശം സംഭവിച്ച കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം കൃഷിഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരിലേക്കുകൂടി വ്യാപിപ്പിക്കണമെന്ന് തെലങ്കാന ഹൈക്കോടതി. സ്വന്തമായി കൃഷിഭൂമിയില്ലാത്ത അനേകലക്ഷം കര്‍ഷകരുടെ ജീവിതത്തിന്റെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളിലേക്കാണ് ഈ കോടതിവിധി വിരല്‍ ചൂണ്ടുന്നതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാത്തതുള്‍പ്പെടെയുള്ള വിഷയങ്ങളും ഇതോടെ ചര്‍ച്ചയാവുകയാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി തെലങ്കാനയില്‍ പ്രളയദുരന്തത്തില്‍ 5.97 ലക്ഷം ഹെക്ടര്‍ കൃഷിഭൂമിയിലെ കാര്‍ഷിക വിളകളാണ് നശിച്ചത്.

പാട്ടകര്‍ഷകരെയും സര്‍ക്കാരിന്റെ നഷ്ടപരിഹാര പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് റൈതു സ്വരാജ്യ വേദികയുടെ പ്രവര്‍ത്തകരായ വിസ്സ കിരണ്‍ കുമാര്‍, കന്നേഗന്തി രവി, എസ് ആശാലത എന്നിവര്‍ സമര്‍പ്പിച്ച പൊതുതാല്പര്യഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് എം എസ് രാമചന്ദ്രറാവു സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുന്നത്. മൂന്ന് മാസത്തിനുള്ളില്‍ ദുരന്തബാധിതരായ മുഴുവന്‍ കര്‍ഷകര്‍ക്കും നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും വിധിയില്‍ നിര്‍ദ്ദേശിച്ചു.
ഭൂഉടമകളുടെ വിവരങ്ങള്‍ മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്റെ കയ്യിലുള്ളതെന്നും ഇതുവരെ പാട്ടകര്‍ഷകരുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടില്ലെന്നും 2018ല്‍ നിയമസഭയില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഫലമായി സ്വന്തമായി ഭൂമിയില്ലാത്ത കര്‍ഷകര്‍ക്ക് യാതൊരുവിധ ആനുകൂല്യങ്ങളും ധനസഹായങ്ങളും ലഭിക്കാത്ത അവസ്ഥയാണ്. 

അതേസമയം തന്നെ, കൃഷി ചെയ്യുന്നില്ലെങ്കിലും സ്വന്തം പേരില്‍ ഭൂമിയുണ്ടെന്നതിന്റെ പേരില്‍ സര്‍ക്കാരിന്റെ ഇത്തരം ആനുകൂല്യങ്ങളെല്ലാം ഭൂഉടമകള്‍ കൈവശപ്പെടുത്തുന്നുണ്ടെന്നും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധര്‍ വ്യക്തമാക്കുന്നു. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരില്‍ 90 ശതമാനവും സര്‍ക്കാരില്‍ നിന്ന് ധനസഹായം ലഭിക്കാത്തതിനെത്തുടര്‍ന്ന് വലിയ കടക്കെണിയില്‍ അകപ്പെടുന്നുവെന്നും ഇവര്‍ വ്യക്തമാക്കുന്നു. സ്വന്തമായി കൃഷിഭൂമിയുള്ളവരില്‍ മിക്കവരും ഉന്നതജാതികളില്‍പെടുന്നവരാണെന്നതും, പിന്നാക്ക വിഭാഗങ്ങളിലും ഒബിസി വിഭാഗങ്ങളിലും ഉള്ളവരാണ് പാട്ടത്തിനെടുത്ത് കൃഷി ചെയ്യേണ്ടിവരുന്നത് എന്നതും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
eng­lish summary;Compensation to farm­ers on leased land: Telan­gana High Court
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.