19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 10, 2024
October 21, 2024
October 4, 2024
October 3, 2024
October 2, 2024
September 26, 2024
September 22, 2024
September 22, 2024
September 19, 2024
September 10, 2024

വക്കീല്‍ ഓഫീസില്‍ പൂട്ടിയിട്ട് ഒപ്പിടാന്‍ ഭീഷണിപ്പെടുത്തി, വസ്ത്രം വലിച്ചുകീറി: എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പരാതിക്കാരിയുടെ മൊഴി പുറത്ത്

Janayugom Webdesk
തിരുവനന്തപുരം
November 1, 2022 5:48 pm

കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കും മൂന്ന് അഭിഭാഷകര്‍ക്കുമെതിരെ പരാതിക്കാരി നല്‍കിയ മൊഴി പുറത്ത്. മുദ്രപത്രത്തില്‍ ഒപ്പിടാന്‍ വക്കീല്‍ ഓഫീസില്‍ പൂട്ടിയിട്ടെന്നും ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും ചുരിദാര്‍ വലിച്ചുകീറിയെന്നുമാണ് മൊഴിയിലെ പ്രസക്തഭാഗങ്ങള്‍. പരാതിക്കാരിയെ കാണാതായ സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ മൊഴിയാണ് ഇന്ന് പുറത്തുവന്നത്.

പരാതിക്കാരിയുടെ അമ്മയെയും മകനെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി കേസ് പിന്‍വലിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. അതിനുള്ള ആളുകളെ എംഎല്‍എ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ടെന്നും ഫോണില്‍ ഭീഷണിപ്പെടുത്തി. ഈ ഭീഷണിയില്‍ പേടിച്ചാണ് ഇവര്‍ വിളിച്ചിട്ട് താന്‍ പോയത്. കാറില്‍ വഞ്ചിയൂരില്‍ ത്രിവേണി ഹോസ്പിറ്റലിന് എതിര്‍വശത്തുള്ള വക്കീല്‍ ഓഫീസില്‍ എത്തിച്ചായിരുന്നു ഭീഷണിയും മര്‍ദ്ദനവും. അഡ്വ. സുധീര്‍, അഡ്വ. അലക്സ്, അഡ്വ. ജോസ് എന്നിവര്‍ക്കെതിരെയും മൊഴിയുണ്ട്. എംഎല്‍എക്കെതിരെ കോവളം സ്റ്റേഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്നും അവര്‍ നല്‍കിയ മുദ്രപത്രത്തില്‍ ഒപ്പുവയ്ക്കണമെന്നായിരുന്നു ആവശ്യം. അല്ലെങ്കില്‍ എംഎല്‍എ വിചാരിച്ചാല്‍ ഹണിട്രാപ്പില്‍ പെടുത്തി ജയിലില്‍ അടയ്ക്കുമെന്നും ഭീഷണിപ്പെടുത്തി.

എന്നാല്‍ താന്‍ അതിന് തയ്യാറായില്ലെന്നും യുവതിയുടെ മൊഴിയില്‍ പറയുന്നു. അതോടെ 30 ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞു. എന്നിട്ടും തയ്യാറാകാതെ വന്നപ്പോള്‍ തല പിടിച്ച് മുന്നോട്ട് താഴ്ത്തിയ ശേഷം കഴുത്തില്‍ ഇടിച്ചു. കമിഴ്ന്ന് വീഴാന്‍ പോയപ്പോള്‍ എംഎല്‍എ മുടിയിലും ചുരിദാറിലും പിടിച്ചു വലിച്ചു. അപ്പോള്‍ തനിക്ക് ശ്വാസം മുട്ടുകയും ചുരിദാര്‍ കീറുകയും ചെയ്തെന്നും യുവതിയുടെ മൊഴിയില്‍ പറയുന്നു. അതിന് ശേഷവും ചുരിദാറിലും മുടിയിലും പിടിച്ച് മുദ്രപ്പത്രത്തില്‍ ഒപ്പിടാന്‍ ബലം പ്രയോഗിച്ചു. എംഎല്‍എയുടെ പിആര്‍ വര്‍ക്ക് ചെയ്തിരുന്നപ്പോള്‍ ശമ്പളം ലഭിക്കാതിരുന്നതിനാലാണ് എംഎല്‍എക്കെതിരെ പരാതി നല്‍കിയത് എന്നായിരുന്നു അതില്‍ എഴുതിയിരുന്നത്. 

പുറത്തേക്ക് ഇറങ്ങി ഓടാന്‍ ശ്രമിച്ചപ്പോള്‍ വക്കീലന്മാര്‍ തടഞ്ഞു നിര്‍ത്തി. അപ്പോള്‍ പ്രസ് മലയാളം ചാനല്‍ റിപ്പോര്‍ട്ടര്‍ രാഗം രാധാകൃഷ്ണനെന്ന് പരിചയപ്പെടുത്തിയ ഒരാള്‍ മുറിയിലേക്ക് കടന്നുവരികയും കീറിയ വസ്ത്രവുമായി നില്‍ക്കുന്ന തന്റെ വീഡിയോ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. എംഎല്‍എ പറഞ്ഞതുപോലെ ചെയ്തില്ലെങ്കില്‍ ഈ വീഡിയോ ചാനലിലൂടെ പുറത്തുവിട്ട് ഹണീട്രാപ്പില്‍ പെടുത്തുമെന്നായിരുന്നു ഭീഷണി. മുറിയില്‍ നിന്നും ഇറങ്ങി ഓടി റോഡില്‍ വന്ന് ഒരു ഓട്ടോയ്ക്ക് കൈകാണിച്ചെങ്കിലും വക്കീലന്മാര്‍ താഴെയെത്തി ഓട്ടോ തടഞ്ഞു നിര്‍ത്തി. പിന്നീട് മറ്റൊരു കാറില്‍ കയറ്റി ലോര്‍ഡ്സ് ആശുപത്രിക്ക് സമീപം തന്നെ ഇറക്കിവിടുകയായിരുന്നു. ഈ വിവരങ്ങള്‍ തന്നെ കണ്ടുകിട്ടിയ ശേഷം സ്റ്റേഷനില്‍ നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നില്ല. എംഎല്‍എയെയും കൂട്ടരെയും പേടിച്ചിട്ടായിരുന്നു അതെന്നും മൊഴിയില്‍ പറയുന്നു. 

Eng­lish Sum­ma­ry: Locked in lawyer’s office, threat­ened to sign, clothes torn: Com­plainan­t’s state­ment against Eldos Kunnappilly 

You may also like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.