23 January 2026, Friday

ഫ്ളാറ്റ് വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന് പരാതി; ഷിബു ബേബിജോണിനെതിരെ കേസ്

Janayugom Webdesk
തിരുവനന്തപുരം
January 16, 2026 12:37 pm

ആര്‍ എസ് പി സംസ്ഥാന സെക്രട്ടറിയും മുന്‍ മന്ത്രിയുമായ ഷിബു ബേബി ജോണിനെതിരെ കേസെടുത്തു. ഷിബു ബേബി ജോണിന്റെയും, കുടുംബാംഗങ്ങളുടെയും പേരിലുള്ള ഭൂമിയില്‍ ഫ്ലാറ്റ് നിര്‍മ്മിച്ചുനല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്ന പരാതിയിലാണ് പൊലീസിന്റെ നടപടി.കുമാരപുരം സ്വദേശി കെ അലക്സ് നല്‍കിയ പരാതിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസാണ് കേസെടുത്തത്.തിരുവനന്തപുരം ചാക്ക‑കഴക്കൂട്ടം ബൈപ്പാസിൽ ഷിബു ബേബി ജോണിന്റെയും കുടുംബത്തിന്റെയും പേരിൽ 40 സെന്റ് ഭൂമിയുണ്ട്. 

സ്ഥലത്ത് ഫ്‌ളാറ്റ് നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഷിബുവും കുടുംബവും ആന്റ ബിൽഡേഴ്‌സ് എന്ന കമ്പനിയുമായി ധാരണയിൽ എത്തിയിരുന്നു. ഫ്‌ളാറ്റുകൾ നിർമിച്ച് വിറ്റശേഷം ലാഭവിഹിതം പങ്കിട്ടെടുക്കുക എന്നതായിരുന്നു കരാർ. ഫ്‌ളാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് ആന്റ ബിൽഡേഴ്‌സിന് 2020‑ൽ രണ്ടുതവണയായി അലക്‌സ് 15 ലക്ഷം രൂപ കൈമാറി. ധാരണാപത്രത്തിൽ ഒപ്പിടുമ്പോൾ ഷിബു ബേബി ജോൺ ഉൾപ്പെടെയുള്ളവർ സ്ഥലത്തുണ്ടായിരുന്നതായി അലക്‌സിന്റെ പരാതിയിൽ പറയുന്നു. വർഷങ്ങൾ കഴിയവെ കമ്പനിക്ക് കാര്യമായ സാമ്പത്തിക തകർച്ചയുണ്ടാവുകയും ഫ്‌ളാറ്റ് നിർമിച്ച് നൽകാൻ കഴിയാതെവരികയും ചെയ്തു.

പിന്നാലെ, ഫ്‌ളാറ്റ് നിർമിച്ച് തരാമെന്ന് പറഞ്ഞ് പണം കൈപ്പറ്റി തട്ടിപ്പ് നടത്തിയെന്നും പണം തിരികെ വേണമെന്നും ആവശ്യപ്പെട്ട് അലക്‌സ് കമ്മീഷണർക്ക് പരാതി നൽകി. ഇത് മെഡിക്കൽ കൊളജ് പൊലീസിന് കൈമാറുകയും അവർ പരാതിയിൽ അന്വേഷണം നടത്തി. സിവിൽ കേസ് ആയതിനാൽ കേസെടുക്കാനാവില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. എന്നാൽ, പരാതിക്കാരൻ വീണ്ടും ഷിബുവിനും നിർമാണ കമ്പനിക്കും പൊലീസിനുമെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.