23 January 2026, Friday

Related news

January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 21, 2026
January 19, 2026
January 19, 2026

സമ്പൂര്‍ണ അവഗണന; കേരളത്തോട് മുഖം തിരിച്ച് റെയില്‍വേ ടൈംടേബിള്‍ കമ്മിറ്റി

 ഒറ്റ ട്രെയിനും പുതിയതില്ല
 കഴിഞ്ഞ വര്‍ഷം അനുവദിച്ചവയിലും നടപടിയില്ല
ബേബി ആലുവ
കൊച്ചി
July 9, 2023 10:26 pm

പുതിയ തീവണ്ടികൾ വേണമെന്നതടക്കം കേരളത്തിന്റെ ആവശ്യങ്ങളില്‍ ഭൂരിഭാഗവും സെക്കന്തറാബാദിൽ ചേർന്ന റെയിൽവേ ടൈംടേബിൾ കമ്മിറ്റി യോഗം തള്ളി. മുൻ യോഗത്തിൽ അംഗീകരിച്ചതും സംസ്ഥാനത്തിന് കിട്ടാത്തതുമായ ട്രെയിനുകളുടെ കാര്യത്തിൽപ്പോലും യോഗത്തിൽ തീരുമാനമുണ്ടായില്ല. എറണാകുളം-വേളാങ്കണ്ണി, കൊല്ലം-തിരുപ്പതി, മംഗലാപുരം-രാമേശ്വരം ട്രെയിനുകൾ കഴിഞ്ഞ ജൂണിലെ ബംഗളൂരു യോഗം അംഗീകരിച്ചതാണ്. ഒരു വർഷമായിട്ടും വണ്ടികൾ ഓടിത്തുടങ്ങാത്തത് ഈ യോഗത്തിൽ ചർച്ചയാവുമെന്നും പ്രശ്നത്തിന് തീർപ്പുണ്ടാകുമെന്നും കേരളം പ്രതീക്ഷിച്ചിരുന്നെങ്കിലും വിഷയം അജണ്ടയിൽപ്പോലും വന്നില്ല. ചുമതലപ്പെട്ട ദക്ഷിണ റെയിൽവേയുടെ ഭാഗത്തു നിന്ന് ഉന്നയിക്കാനുള്ള നീക്കവുമുണ്ടായില്ല. 

പാലക്കാട്-തിരുനൽവേലി പാലരുവി എക്സ്പ്രസ് തൂത്തുക്കുടിയിലേക്കും, തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കും, ഗുരുവായൂർ‑പുനലൂർ മധുരയിലേക്കും നീട്ടാനെടുത്ത തീരുമാനം മാത്രമാണ് കേരളത്തിന് ആശ്വാസത്തിന് വക നൽകുന്നത്. ഇത് മുൻ യോഗങ്ങൾ ശുപാർശ ചെയ്തിരുന്നതുമാണ്. അതേസമയം, എൽടിടി-എറണാകുളം തുരന്തോ എക്സ്പ്രസ് കോട്ടയത്തേക്ക് നീട്ടണമെന്ന ആവശ്യം തള്ളി. ബംഗളൂരു- കണ്ണൂർ തെക്കൻ മേഖലയിലേക്ക് നീട്ടണമെന്ന ആവശ്യവും പരിഗണിച്ചില്ല. ഗോവയിലേക്ക് എറണാകുളത്തു നിന്ന് നേരത്തെ സർവീസ് നടത്തിയിരുന്ന സ്പെഷ്യൽ ട്രെയിൻ സ്ഥിരമാക്കണമെന്ന ആവശ്യത്തോടും അനുകൂല പ്രതികരണമുണ്ടായില്ല.

വേനലവധിക്കാലത്ത് സർവീസ് നടത്തിയിരുന്ന മുംബൈ-കന്യാകുമാരി ട്രെയിൻ സ്ഥിരമായി ഓടിക്കണമെന്ന മുംബൈ മലയാളികളുടെ ആവശ്യം മധ്യ റെയിൽവേ യോഗത്തിൽ മുന്നോട്ടുവച്ചെങ്കിലും, പ്രത്യേക തീവണ്ടിയാണെങ്കിൽ ആലോചിക്കാം എന്നായിരുന്നു കൊങ്കൺ റയിൽവേയുടെ നിലപാട്. മുംബൈയിൽ നിന്ന് കേരളത്തിലേക്ക് വണ്ടി വേണമെന്ന മധ്യ റയിൽവേയുടെ അഭിപ്രായവും, കൊങ്കൺ പാത വഴി പുതിയ തീവണ്ടിയോടിക്കാൻ കഴിയുന്ന സമയക്രമമില്ലന്ന കാരണത്താൽ തള്ളി. 

ഇതോടെ, കൊങ്കൺ വഴി കേരളത്തിലേക്ക് പുതിയ തീവണ്ടികളൊന്നും ഓടില്ല എന്ന കാര്യം ഉറപ്പായി. പൂനെ-സോളാപ്പൂർ ‑ഈറോഡ് വഴി തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്ന ട്രെയിൻ കൊങ്കൺ പാത വഴി തിരിച്ചു വിടുക, തിരുനൽവേലി എക്സ്പ്രസ് ആഴ്ചയിൽ ആറ് ദിവസമാക്കുക തുടങ്ങിയ ആവശ്യങ്ങൾ കേരളം ഉന്നയിക്കുകയും തിരുവനന്തപുരത്തു നിന്ന് മുംബൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലേക്ക് പുതിയ ട്രെയിനുകളും എറണാകുളം-ചെന്നൈ, കണ്ണൂർ- ബംഗളൂരു, തിരുവനന്തപുരം-ബംഗളൂരു വന്ദേ ഭാരത് ട്രെയിനുകളും പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. 

ENGLISH SUMMARY:complete neglect; Rail­way Timetable Com­mit­tee turned its back on Kerala
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.