16 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 14, 2025
March 31, 2025
March 31, 2025
March 22, 2025
March 2, 2025
March 1, 2025
March 1, 2025
February 15, 2025
January 22, 2025
January 1, 2025

ഗിഗ് തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്താൻ സമഗ്രനിയമനിർമാണം നടത്തും: മന്ത്രി വി ശിവൻ കുട്ടി

ഗിഗ് തൊഴിലാളികൾക്കായി തിരുവനന്തപുരം നഗരത്തിൽ മാതൃകാ വിശ്രമകേന്ദ്രം നിർമിക്കും
Janayugom Webdesk
തിരുവനന്തപുരം
August 7, 2024 4:05 pm

ഗിഗ് മേഖലയിലെ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് സമഗ്രമായ നിയമനിർമാണം നടത്തുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അടുത്ത ഒക്ടോബറിൽ ചേരുന്ന നിയമസഭാ സമ്മേളനത്തിൽ കേരള സ്റ്റേറ്റ് പ്ലാറ്റ്‌ഫോം ബെയിസിഡ് ഗിഗ് വർക്കേഴ്‌സ് (രജിസ്‌ട്രേഷൻ ആന്റ് വെൽഫെയർ) ബിൽ 2024 കൊണ്ടു വരാൻ സർക്കാർ ഉദ്ദേശിക്കുന്നു. ഗിഗ് തൊഴിലാളികളുടെ ക്ഷേമവും സേവന വേതന വ്യവസ്ഥകളുമായി ബന്ധപ്പെട്ട അന്തിമ ബിൽ തയ്യാറാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ സംഘടിപ്പിച്ച ഏകദിന ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

ആധുനിക സേവന മേഖലയിൽ ഒഴിച്ചു കൂടാനാവാത്ത തൊഴിൽ ശക്തിയാണ് ഗിഗ് വർക്കേഴ്‌സ്. ഡിജിറ്റൽ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള വിവിധ ഓൺലൈൻ പ്ലാറ്റ് ഫോമുകളായ സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ ഭക്ഷണ വിതരണ ആപ്പുകളും ഊബർ, ഓല തുടങ്ങിയ ഗതാഗത ആപ്പുകളും ഫ്‌ളിപ്പ് കാർട്ട്, ആമസോൺ തുടങ്ങിയ ആപ്പുകളുമെല്ലാം പ്രവർത്തിക്കുന്നത് ഗിഗ് തൊഴിലാളികളെ ഉപയോഗിച്ചാണ്. ഒരു സ്മാർട്ട് ഫോണും ഇരുചക്രവാഹനവുമുള്ള ആർക്കും ഗിഗ് തൊഴിലാളിയാവാം. നിശ്ചിത സമയത്ത് നിശ്ചിത പ്രതിഫലത്തിനായി ജോലി ചെയ്യുക എന്നതാണ് ഗിഗ് എന്ന വാക്കിന്റെ അർത്ഥം. ജോലി ചെയ്യിപ്പിക്കുന്ന ആളും ജോലി ചെയ്യുന്ന ആളും തമ്മിൽ മുതലാളി തൊഴിലാളി ബന്ധം ഇല്ലെന്ന് മന്ത്രി പറഞ്ഞു.

നിതി ആയോഗിന്റെ കണക്ക് പ്രകാരം ഇന്ത്യയിൽ ഏകദേശം 77 ലക്ഷം ഗിഗ് തൊഴിലാളികളുണ്ട്. അടുത്ത അഞ്ച് വർഷംകൊണ്ട് ഇവരുടെ എണ്ണം രണ്ടരക്കോടിയായി ഉയരും. കേരളത്തിൽ മാത്രം രണ്ട് ലക്ഷത്തോളം തൊഴിലാളികളുണ്ട് എന്നാണ് കണക്ക്. തൊഴിലാളിയ്ക്ക് സ്വന്തം സൗകര്യം അനുസരിച്ച് തൊഴിൽ സമയം സ്വീകരിക്കാം എന്നതാണ് ഗിഗ് മേഖലയുടെ ആകർഷണം. നിലവിൽ തൊഴിലാളി, തൊഴിലുടമ ബന്ധമോ കരാറോ ഇല്ലാത്തതിനാൽ ഗിഗ് തൊഴിലാളിയ്ക്ക് തൊഴിലുടമയോടോ തൊഴിലുടമയ്ക്ക് തൊഴിലാളികളോടോ വിധേയത്വം ഇല്ല. ഉടമയെ സംബന്ധിച്ചിടത്തോളം തങ്ങൾക്ക് ആവശ്യമായ ജോലി ആവശ്യമായ സമയത്ത് നടന്നു കിട്ടും. പ്രതിഫലം ഡിജിറ്റലായി കൈമാറ്റം ചെയ്യപ്പെടും എന്നല്ലാതെ തൊഴിലാളിയുമായി നേരിട്ട് യാതൊരു ബന്ധവും ഇല്ല. അതുകൊണ്ടു തന്നെ നിലവിലെ തൊഴിൽവ്യവസ്ഥ പ്രകാരം തൊഴിലാളികൾ കൂടുതൽ ചൂഷണം ചെയ്യപ്പെടാനും മുതലാളിമാർക്ക് പരമാവധി ലാഭം കൊയ്യാനുമുള്ള സാഹചര്യം ഗിഗ് സമ്പദ് വ്യവസ്ഥയിലുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ഡൽഹി ആസ്ഥാനമായുള്ള എൻ.ജി.ഒ. ‘ജൻ പഹൻ’ രാജ്യത്തെ 32 നഗരങ്ങളിലായി 5000ത്തിൽ അധികം ഗിഗ് തൊഴിലാളികളിൽ നടത്തിയ സർവെയിൽ 85 ശതമാനം തൊഴിലാളികളും ദിവസം എട്ട് മണിക്കൂറിലധികം ജോലി ചെയ്യുന്നുണ്ട് എന്നാണ് കണ്ടെത്തിയത്. അതിൽ തന്നെ 21 ശതമാനം ജീവനക്കാർ ദിവസം 12 മണിക്കൂറിലധികം ജോലി ചെയ്യുന്നുണ്ട്. സർവെയിൽ പ്രതികരിച്ച 65 ശതമാനം സ്ത്രീകളും ജോലിയിൽ സുരക്ഷിതത്വം ഇല്ല എന്നാണ് അഭിപ്രായപ്പെട്ടത്. മുഖ്യ ജീവനോപധിയായി ഗിഗ് മേഖലയെ തെരഞ്ഞെടുത്തവർക്ക് മുമ്പിലുള്ള അരക്ഷിതാവസ്ഥയാണ് ഇത് ബോധ്യപ്പെടുത്തുന്നതെന്ന് മന്ത്രി പറഞ്ഞു.

ഇവർക്ക് നിയമസംരക്ഷണം ഉറപ്പു വരുത്തുന്നതിനായി 2020 ൽ കേന്ദ്ര സർക്കാർ സോഷ്യൽ സെക്യൂരിറ്റി കോഡ് കൊണ്ടു വന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ഈ മേഖലയിലെ തൊഴിലാളികൾക്ക് ശക്തമായ സംഘടനാസംവിധാനം ഇല്ലാത്തതും പോരായ്മയാണ്. മേഖലയിലെ തൊഴിലാളികളുടെ തൊഴിൽ സാഹചര്യങ്ങൾ, സാമ്പത്തിക സുരക്ഷ, ക്ഷേമം എന്നിവ ഉറപ്പു വരുത്തുന്നതിന് സമഗ്രമായ നിയമനിർമ്മാണം കൊണ്ടു വരാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും ശില്പശാലയിൽ എല്ലാവരും ക്രിയാത്മകമായി പങ്കെടുക്കണമെന്നും മന്ത്രി പറഞ്ഞു. നിലവിൽ വിശ്രമിക്കാനോ ശുചിമുറികൾ ഉപയോഗിക്കാനോ സൗകര്യമില്ലാത്ത, റോഡുവക്കിൽ വിശ്രമിക്കുന്ന ഗിഗ് തൊഴിലാളികൾക്കായി കോർപ്പറേഷന്റെ സഹകരണത്തോടെ തിരുവനന്തപുരം നഗരത്തിൽ മാതൃകാ വിശ്രമകേന്ദ്രം നിർമിക്കുമെന്നും ചടങ്ങിൽ മന്ത്രി പ്രഖ്യാപിച്ചു.

ഗിഗ് വർക്കർമാരുടെ തൊഴിൽ നിലവാരം, ക്ഷേമപ്രവർത്തനങ്ങൾ, സേവന വേതന വ്യവസ്ഥകൾ എന്നിവ ക്രമീകരിക്കുന്നതിനും പ്രാഥമിക തൊഴിലുടമകളുടെയും അഗ്രഗ്രേറ്റർമാരുടെയും ചുമതലകൾ ക്രമീകരിക്കുന്നതിനുമായി നിയമനിർമ്മാണം നടത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കരട് ബിൽ അന്തിമഘട്ടത്തിലാണ്. ബിൽ സംബന്ധിച്ച അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ലഭ്യമാക്കുന്നതിനായി സംഘടിപ്പിച്ച ശിൽപശാലയിൽ ഐഎൽഒ പ്രതിനിധികൾ, തൊഴിലുടമകൾ, തൊഴിലാളി പ്രതിനിധികൾ, ഗിഗ് വർക്കേഴ്സ് എക്സ്പർട്ട് കമ്മിറ്റി മെമ്പർമാർ, നിയമവിദഗ്ധർ തുടങ്ങിയവർ പങ്കെടുത്തു.

തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി അധ്യക്ഷത വഹിച്ചു. ഐഎൽഒ പ്രതിനിധികളായ മിചികോ മിയാമോട്ടേ, മാരികോ ഔച്ചി, കരുൺ ഗോപിനാഥ്, ഐടി ഫോർ ചേഞ്ച് എക്സിക്യൂട്ടീവ് ഡയറക്ടർ അനിത ഗുരുമൂർത്തി, ഡോ. ധന്യ, വിനയ് സാരഥി, ബൊർണാലി ബന്ധാരി, ഉമാ റാണി അമാര, രാഹത് ഖന്ന, ആയുഷ് ഝാ, പ്രിയങ്ക നൗൾ, മീനു ജോസഫ്, ദീപു കൃഷ്ണ, ആതിര മേനോൻ, മധു ദാമോദരൻ, തൊഴിലാളി സംഘടനാ പ്രതിനിധികൾ, ലേബർ കമ്മീഷണർ വീണ എൻ മാധവൻ, അഡീഷണൽ ലേബർ കമ്മീഷണർ കെ എം സുനിൽ എന്നിവർ പങ്കെടുത്തു.

Eng­lish Sum­ma­ry: Com­pre­hen­sive leg­is­la­tion to ensure wel­fare of gig work­ers: Min­is­ter V Shiv­an Kutty
You may also like this video

YouTube video player

TOP NEWS

April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.