
ആരോഗ്യ വകുപ്പിന് കീഴിലുള്ള ആശുപത്രികൾക്കും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മെഡിക്കൽ കോളജുകൾക്കുമുള്ള സമഗ്ര റഫറൽ പ്രോട്ടോകോൾ ആരോഗ്യ വകുപ്പ് പുറത്തിറക്കി.
മെഡിക്കൽ കോളജുകളുടെ ഭാരം കുറയ്ക്കാനും രോഗികൾക്ക് തൊട്ടടുത്തുള്ള ആശുപത്രികളിൽ മികച്ച ചികിത്സ ഉറപ്പാക്കാനുമായുള്ള പ്രോട്ടോകോളാണ് പുറത്തിറക്കിയതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.
ഇന്റേണൽ മെഡിസിൻ, ജനറൽ സർജറി, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഓർത്തോപീഡിക്സ് തുടങ്ങിയ അഞ്ച് സ്പെഷ്യാലിറ്റികൾക്കുള്ള പ്രോട്ടോകോളാണ് ആദ്യഘട്ടമായി പുറത്തിറക്കിയത്. മറ്റ് സ്പെഷ്യാലിറ്റികളുടെ പ്രോട്ടോകോൾ തുടർന്ന് പ്രസിദ്ധീകരിക്കും. ഒരു ആശുപത്രിയിൽ സൗകര്യങ്ങൾ ഉണ്ടെന്നിരിക്കെ രോഗികളെ അനാവശ്യമായി മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യാൻ പാടില്ല. എല്ലാ ആശുപത്രികളും പ്രോട്ടോകോൾ കൃത്യമായി പാലിക്കണമെന്ന് മന്ത്രി നിർദേശം നൽകി.
2010–11ലാണ് ആദ്യമായി ഒരു റഫറൽ പ്രോട്ടോകോൾ രൂപീകരിച്ചത്. എന്നാൽ രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യം, ആശുപത്രികളിലെ ഭൗതിക സാഹചര്യങ്ങളിലെ മാറ്റം, ചികിത്സാ രീതികളിലെ മാറ്റം, പുതിയ രോഗങ്ങൾ എന്നിവ പരിഗണിച്ചു കൊണ്ടാണ് സമഗ്ര പ്രോട്ടോകോൾ പുറത്തിറക്കിയത്. 2023ൽ ഒരു വിദഗ്ധ സമിതി രൂപീകരിക്കുകയും എല്ലാ കാര്യങ്ങളും വിശദമായി ചർച്ച ചെയ്തുമാണ് സമഗ്ര പ്രോട്ടോകോളിന് രൂപം നൽകിയത്.
മെഡിക്കൽ കോളജ്, ജില്ലാ, ജനറൽ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ വിവിധ തരത്തിലുള്ള സ്പെഷ്യാലിറ്റി ചികിത്സകൾ ലഭ്യമാണ്. അതിനാൽ എല്ലാ സ്ഥാപനങ്ങളേയും അവിടെ ലഭ്യമായ മാനവവിഭവശേഷി, സൗകര്യങ്ങൾ എന്നിവ പരിഗണിച്ചു കൊണ്ട് അഞ്ചായി തരം തിരിച്ചിട്ടുണ്ട്. കാറ്റഗറി എ, ബി, സി 1, സി 2, ഡി എന്നിങ്ങനെയാണ് തരംതിരിച്ചിട്ടുള്ളത്. ഓരോ കാറ്റഗറി സ്ഥാപനത്തിലും എന്തൊക്കെ സൗകര്യങ്ങൾ ഉണ്ടാകണമെന്നും എന്തൊക്കെ ചികിത്സകൾ നൽകണമെന്നും പ്രോട്ടോകോളിൽ വിശദീകരിച്ചിട്ടുണ്ട്. അവിടെ ചികിത്സയിലുള്ള രോഗിക്ക് എന്ത് അപായ സൂചനകൾ കണ്ടാലാണ് റഫര്‍ ചെയ്യേണ്ടതെന്നും, രോഗ ലക്ഷണങ്ങളനുസരിച്ച് ഏത് ആശുപത്രിയിലേക്കാണ് റഫർ ചെയ്യേണ്ടതെന്നും കൃത്യമായി വിശദീകരിച്ചിട്ടുണ്ട്.
റഫറൽ, ബാക്ക് റഫറൽ പ്രോട്ടോകോൾ നടപ്പിലാകുന്നതോടെ മെഡിക്കൽ കോളജുകൾ ഉൾപ്പെടെയുള്ള പ്രധാന ആശുപത്രികളിലെ രോഗികളുടെ ബാഹുല്യം കുറയ്ക്കാനാകും. താഴെത്തട്ടിലെ ആശുപത്രികളിൽ ഉള്ള സൗകര്യങ്ങൾ വച്ച് ഏതൊക്കെ ചികിത്സിക്കാമെന്ന് കൃത്യമായി നിർവചിച്ചത് കൊണ്ട് നൂലാമാലകളൊന്നുമില്ലാതെ ഡോക്ടർമാർക്ക് നിലവിലെ സൗകര്യങ്ങൾക്കനുസരിച്ച് കൂടുതൽ കൃത്യതയോടെ ചികിത്സിക്കാനും അതുവഴി റഫറൽ കുറയ്ക്കാനും കഴിയുന്നു. രോഗികൾ നേരിട്ട് പ്രധാന ആശുപത്രികളിൽ എത്തുന്നത് കുറയ്ക്കാനും അങ്ങനെ നിലവിലെ എല്ലാ ആശുപത്രികൾക്കും സൗകര്യങ്ങൾക്കനുസരിച്ച് മികച്ച ചികിത്സ ഉറപ്പാക്കാനും സാധിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.