17 May 2024, Friday

സഖാവ് എ എന്‍ രാജന്‍

കെ പി രാജേന്ദ്രന്‍
(ജനറല്‍ സെക്രട്ടറി എഐടിയുസി സംസ്ഥാന കൗണ്‍സില്‍)
October 5, 2021 5:44 am

എഐടിയുസി ദേശീയ വര്‍ക്കിങ് കമ്മിറ്റി അംഗവും സംസ്ഥാന വെെസ് പ്രസിഡന്റും കേരളാ ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റുമായ സഖാവ് എ എന്‍ രാജന്‍ അന്തരിച്ചു എന്ന വാര്‍ത്ത വിശ്വസിക്കുവാന്‍ കഴിയുന്നില്ല. കോവിഡ് ബാധിതനായ സഖാവിനെ നാലുദിവസം മുന്‍പ് തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടിരുന്നു. എന്നാല്‍, പെട്ടെന്നുണ്ടായ ഹൃദയാഘാതംമൂലം എ എന്‍ രാജന്‍ സഖാക്കളെയും സുഹൃത്തുക്കളെയും എല്ലാവരെയും ഏറെ സങ്കടപ്പെടുത്തിക്കൊണ്ട് വിട്ടുപോയി. പാര്‍ട്ടി സംസ്ഥാന കണ്‍ട്രോള്‍ കമ്മിഷന്‍ അംഗമായ രാജേട്ടന്‍— ഞങ്ങളെല്ലാം സഖാവിനെ അങ്ങനെയെ വിളിക്കാറൂള്ളു. നിരവധി യൂണിയനുകളുടെ ഭാരവാഹിയായ സഖാവ് തന്റെ മുഖ്യപ്രവര്‍ത്തനമേഖലയായ വെെദ്യുതിമേഖലയിലെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ ഏറ്റവും വലിയ ഉത്തരവാദിത്തങ്ങള്‍ വഹിക്കുമ്പോഴും മറ്റുള്ള മേഖലകളിലെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും അവരുടെ പ്രശ്നങ്ങളില്‍ നല്ലവണ്ണം ഇഴുകിച്ചേര്‍ന്ന് അവകാശസമരങ്ങള്‍ സംഘടിപ്പിക്കുന്നതിനും അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കുന്നതിലും വളരെ മാതൃകാപരമായി പ്രവര്‍ത്തിച്ചു എന്നത് വളരെ ആദരവോടെ സ്മരിക്കുന്നു. സംസ്ഥാന വെെദ്യുതിബോര്‍ഡില്‍ ജോലിയില്‍ പ്രവേശിച്ച സഖാവ് നല്ല ഒരു ജീവനക്കാരന്‍ ആയിരുന്നു.

സ്വന്തം ജോലിയും അതിന്റെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതോടൊപ്പം വെെ­ദ്യുതിബോര്‍ഡിലെ ജീവനക്കാരുടെ ട്രേഡ് യൂണിയന്‍ നേതാവായി വളരെ വേഗത്തില്‍ വളര്‍ന്നുവന്നു. എറണാകുളം ജില്ലയില്‍ പിറവത്ത് ജനിച്ച സഖാവ് എറണാകുളത്തും കോട്ടയത്തും ബോര്‍ഡിലെ ജീവനക്കാരനായി ജോലി ചെയ്യുമ്പോള്‍ ആ ജില്ലകളിലെ എഐടിയുസിയുടെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പ്രവര്‍ത്തനങ്ങളില്‍ വളരെ സജീവമായിരുന്നു. പിന്നീട് ബോര്‍ഡിലെ ഏറ്റവും ശക്തനായ ട്രേഡ് യൂണിയന്‍ സംഘടനാ നേതാവായും കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന്റെ നേതൃനിരയില്‍ തിളങ്ങിനിന്ന ഉശിരനായ തൊഴിലാളി നേതാവായും സഖാവ് ഉയര്‍ന്നുവന്നു. സഖാക്കള്‍ പി ബാലചന്ദ്രമേനോന്‍, കെ സി മാത്യു, കെ എ രാജന്‍, ജെ ചിത്തരഞ്ജന്‍, എം സുകുമാരപിള്ള എന്നീ പ്രഗത്ഭരായ ട്രേഡ് യൂണിയന്‍ നേതാക്കളൊന്നിച്ച് പ്രവര്‍ത്തിക്കാന്‍ അവസരവും കിട്ടി. കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റും ദേശീയ സംഘടനയായ ഓള്‍ ഇന്ത്യാ ഫെഡറേഷന്‍ ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസിന്റെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി ദേശീയാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു വരികയാണ്. ഇന്ന് വെെദ്യുതി മേഖലയിലെ എന്‍ജിനീയര്‍മാരും മുഴുവന്‍ ജീവനക്കാരും തൊഴിലാളികളും ചേര്‍ന്നുള്ള ദേശീയ സംയുക്ത വേദി വളരെ ശക്തമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നു. എന്‍സിസിഒഇഇഇ‑നാഷണല്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് എന്‍ജിനീയേഴ്സിന്റെ നേതൃത്വത്തില്‍ രാജ്യത്തെ മുഴുവന്‍ വെെദ്യുതി ജീവനക്കാരും ഇപ്പോള്‍ നടത്തിവരുന്ന ഉജ്ജ്വലമായ സമരത്തിന്റെ നേതൃത്വത്തില്‍ സഖാവ് എ എന്‍ രാജന്റെ പങ്ക് വളരെ വലുതാണ്.

വെെദ്യുതി മേഖലയുടെ സ്വകാര്യവല്‍ക്കരണവും വെെദ്യുതി നിയമഭേദഗതി ബില്‍ അവതരിപ്പിച്ചു പാസാക്കാനുള്ള മോഡി സര്‍ക്കാരിന്റെ നീക്കം പരാജയപ്പെടുത്താന്‍ ശക്തമായ തൊഴിലാളി പ്രക്ഷോഭത്തിനു കഴിഞ്ഞു എന്നത് രാജ്യത്തെ മുഴുവന്‍ തൊഴിലാളികള്‍ക്കും ആവേശം നല്കുന്നതാണ്. 1968ല്‍ ജോലിയില്‍ പ്രവേശിച്ച അന്നു മുതല്‍ എക്സിക്യൂട്ടീവ് എംപ്ലോയീസ് യൂണിയന്‍, പവര്‍ വര്‍ക്കേഴ്സ് യൂണിയന്‍, പിന്നീട് രൂപംകൊണ്ട ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന്റെയുമെല്ലാം നേതൃനിരയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ എ എന്‍ രാജന്റെ മുഖം ഒരു പ്രക്ഷോഭകാരിയുടേതാണ്. പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നിട്ടുണ്ട് ഈ കാലഘട്ടത്തില്‍. വെെദ്യുതി ജീവനക്കാരെ വേട്ടയാടാനും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാനുമെല്ലാം നടപടി ഉണ്ടായപ്പോള്‍ അതിനെയെല്ലാം ഒരു പോരാളിയുടെ ഉശിരോടെ നേരിട്ട നേതാവാണ് സഖാവ്. ഒളിവിലിരുന്നും കുറേ മാസത്തെ സസ്പെന്‍ഷനും എന്തിന് ശാരീരികമായ ആക്രമണംപോലും നേരിടേണ്ടിവന്നു. വെെദ്യുതി ജീവനക്കാരുടെ ദീര്‍ഘകാല കരാറുകള്‍, സേവന‑വേതന കാര്യങ്ങള്‍ സര്‍വീസ് മാറ്ററുകളോടൊപ്പം വര്‍ഗബോധമുള്ള തൊഴിലാളികളായി വെെദ്യുതി തൊഴിലാളികളെ വളര്‍ത്തിയെടുക്കാനും സഖാവിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ സഹായിച്ചിട്ടുണ്ട്. മികച്ച സംഘാടകനും തൊഴിലാളികളുടെ പ്രശ്നങ്ങളും വ്യവസായ‑തൊഴില്‍മേഖലയിലെ പ്രശ്നങ്ങളും നന്നായി അവതരിപ്പിക്കാന്‍ നല്ല കഴിവും പ്രാപ്തിയും പ്രകടിപ്പിച്ച മികച്ച ഒരു ട്രേഡ് യൂണിയന്‍ നേതാവായി സഖാവ് എല്ലാ രംഗത്തും അംഗീകരിക്കപ്പെട്ടു. വൈദ്യുതി തൊഴിലാളികളുടെ ദീര്‍ഘകാല കരാര്‍ ചര്‍ച്ചയില്‍ സഖാവ് കാണിക്കുന്ന മിടുക്കും പ്രാഗത്ഭ്യവും ഏറെ ആദരവ് നേടിക്കൊടുത്തിട്ടുണ്ട്. അതോടൊപ്പം പൊതുമേഖലാ സംരക്ഷണവും പൊതുമേഖലാ വ്യവസായങ്ങളിലെ വിഷയങ്ങളും പഠിക്കുവാനും അതെല്ലാം നന്നായി മറ്റുള്ളവര്‍ക്കു പറഞ്ഞുകൊടുക്കാനും ക്യാമ്പയിന്‍ ചെയ്യാനും എഐടിയുസി നേതാവായ സഖാവിനു കഴി‍ഞ്ഞതുകൊണ്ടുകൂടിയാണ് നിരവധി യൂണിയനുകളുടെ ചുമതല സഖാവിന് ഏറ്റെടുക്കേണ്ടിവന്നത്. തൃശൂരിലെ പീടികത്തൊഴിലാളികളുടെ സമരപാരമ്പര്യമുള്ള സംഘടനയാണ് ഷോപ്പ് എംപ്ലോയീസ് യൂണിയന്‍. സഖാക്കള്‍ കെ കെ വാരിയരും എം എ കാക്കു എന്നിവരുടെ നേതൃത്വത്തില്‍ കെട്ടിപ്പടുത്ത ആ പ്രസ്ഥാനത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റായിരുന്നു രാജേട്ടന്‍. അദ്ദേഹത്തിന്റെയും ഈയിടെ വിട്ടുപിരിഞ്ഞ എം ആര്‍ ഭൂപേശിന്റെയും നേതൃത്വത്തിലുള്ള ഷോപ്പ് എംപ്ലോയീസ് യൂണിയന്‍, തൃശൂരിലെ കല്യാണ്‍ സാരീസിലെ തൊഴിലാളികള്‍ക്കായി നടത്തിയ 136 ദിവസം നീണ്ടുനിന്ന സമരം ശ്രദ്ധേയമായിരുന്നു. ആശുപത്രി ജീവനക്കാരുടെയും തൊഴിലാളികളുടേയും സംഘടനയായ പ്രൈവറ്റ് ഹോസ്പിറ്റല്‍ ആന്റ് ഫാര്‍മസി വര്‍ക്കേഴ്സ് യൂണിയന്റെ പ്രസിഡന്റായ സഖാവിന്റെ നേതൃത്വത്തില്‍ എണ്ണമറ്റ സമരങ്ങളാണ് നടന്നത്. ചെന്ത്രാപ്പിന്നി അല്‍ ഇല്‍ബാല്‍ ഹോസ്പിറ്റലിലെ തൊഴിലാളികള്‍ നടത്തിയ 180 ദിവസം നീണ്ടുനിന്ന സമരം, തേവലക്കര കെ എ സ്പെഷ്യാലിറ്റി ആശുപത്രി ജീവനക്കാര്‍ നടത്തിയ 106 ദിവസം നീണ്ടുനിന്ന സമരം ഇതെല്ലാം സഖാവിന്റെ നേതൃപാടവത്തിന്റെയും തൊഴിലാളികളുടെ അവകാശങ്ങള്‍ നേടിയെടുക്കാനും സംരക്ഷിക്കുവാനുമുള്ള നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. കേരളാ ഫീഡ്സിലെ തൊഴിലാളികളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു നടത്തിയിട്ടുള്ള സമരങ്ങളും ഇതില്‍ പ്രധാനമാണ്.

 

 

എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന എ എന്‍ രാജന്‍ വലിയ ഉത്തരവാദിത്തങ്ങളാണ് വഹിച്ചുവരുന്നത്. കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ക്കെതിരെ തൊഴിലാളികളുടെ സംയുക്ത സമരങ്ങളും ക്യാമ്പയിനുകളും ഇപ്പോള്‍ നിരന്തരമായി നടന്നുവരുന്നു. എഐടിയുസി കമ്മിറ്റികളില്‍ ഈ വിഷയങ്ങള്‍ നന്നായി പഠിച്ച് സഖാവ് അവതരിപ്പിക്കും. ഏറ്റവും അവസാനം ലേബര്‍ കോഡുകളുമായി ബന്ധപ്പെട്ട് സംസ്ഥാന ഗവണ്മെന്റ് തയാറാക്കിയ കരട് ചട്ടങ്ങള്‍— ട്രേഡ് യൂണിയന്‍ സംഘടനകള്‍ അഭിപ്രായങ്ങള്‍ തയാറാക്കി സര്‍ക്കാരിനു സമര്‍‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അതിനായി എഐടിയുസി സംസ്ഥാന കമ്മിറ്റി ഒരു സബ് കമ്മിറ്റി രൂപീകരിച്ചു. ഞങ്ങള്‍ ഓണ്‍ലൈന്‍ യോഗങ്ങള്‍ രാത്രി തുടര്‍ച്ചയായി ചേര്‍ന്നപ്പോഴെല്ലാം ഏറ്റവും നന്നായി കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ സഖാവിനു കഴിഞ്ഞു. ഒരാഴ്ച മുമ്പ് കൂടിയ യോഗത്തില്‍ സഖാവ് പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ വേദനയോടെ ഓര്‍ക്കുന്നു. ഇഎസ്ഐ കോര്‍പറേഷന്‍ സംസ്ഥാന ബോര്‍ഡ് അംഗമാണ്. ഓരോ യോഗങ്ങള്‍ ചേരുമ്പോഴും കോര്‍പറേഷനില്‍ നിന്ന് സര്‍ക്കുലറുകളും ഉത്തരവുകളും വരുമ്പോഴെല്ലാം അതീവ ശ്രദ്ധയോടെ അതെല്ലാം നോക്കി എഐടിയുസി യൂണിയന്‍ നേതാക്കളെ അറിയിക്കാന്‍ ഏറെ താല്പര്യം കാണിച്ചിരുന്നു. എഐടിയുസി ദേശീയ വര്‍ക്കിങ് കമ്മിറ്റിയിലെ ഏറ്റവും സജീവമായ അംഗമാണ് സഖാവ്. ദേശീയ പ്രാധാന്യമുള്ള പല വിഷയങ്ങളും അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ സഖാവ് അവതരിപ്പിച്ചത് ഔഷധ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഫാര്‍മസ്യൂട്ടിക്കല്‍ സ്വകാര്യ കമ്പനികളുടെ കടുത്ത ചൂഷണം, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയുടെ ദേശസാല്‍ക്കരണം, കോവിഡ് വാക്സിനേഷന്‍ ഉല്പാദനവുമായി ബന്ധപ്പെട്ടവയായിരുന്നു.

 

33 വര്‍ഷമായി രാജേട്ടന്‍ തൃശൂരിലാണ് കടുംബമായി താമസിക്കുന്നത്. ഭാര്യ ഡോ. ടി ഗിരിജ ആയുര്‍വേദ കോളജില്‍ പ്രൊഫസറായി ജോലിയില്‍ പ്രവേശിച്ചത് മുതല്‍ രാജേട്ടന്‍ തൃശൂര്‍ക്കാരനായി. കോലഴിയില്‍ താമസിക്കുമ്പോള്‍ ആ നാട്ടുകാര്‍ക്കെല്ലാം പ്രിയപ്പെട്ടവനായി മാറി. ജില്ലാ പഞ്ചായത്തിലേക്ക് മുളംകുന്നത്തുകാവ് ഡിവിഷന്‍ സിപിഐക്ക് അനുവദിച്ചപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സഖാവ് മത്സരിച്ചു ജയിച്ചു. തൃശൂര്‍ ജില്ലാ പ‍ഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായി. ജില്ലാ പഞ്ചായത്തില്‍ ഏറ്റവും ആദരവും അംഗീകാരവും നേടി­യ ജനപ്രതിനിധിയായി. ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം ഒക്ടോബര്‍ 15, 16 തീയതികളില്‍ തിരുവനന്തപുരത്ത് ചേരുന്നു. യൂണിറ്റ് സമ്മേളനങ്ങളും ഡിവിഷന്‍ സമ്മേളനങ്ങളും എല്ലാം വിജയകരമായി നടന്നു. ജില്ലാ സമ്മേളനങ്ങളും പൂര്‍ത്തിയായി വരുന്നു. വൈദ്യുതി ജീവനക്കാരുടെ പ്രിയങ്കരനായ നേതാവ് സ. ജെ ചിത്തരഞ്ജന്റെ സ്മാരക മന്ദിരം തിരുവനന്തപുരത്ത് പണി പൂര്‍ത്തീകരിച്ച് ഉദ്ഘാടനവും നടന്നു. അതിന്റെയെല്ലാം ആവേശത്തിലും സന്തോഷത്തിലും ഫെഡറേഷന്‍‍ സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ച് നേതൃത്വം കൊടുത്തുവരുന്ന സന്ദര്‍ഭത്തിലാണ് സഖാവിന്റെ അപ്രതീക്ഷിത വേര്‍പാട്. എഐടിയുസി കമ്മിറ്റികളില്‍, പാര്‍ട്ടി കമ്മിറ്റികളില്‍ എല്ലാം ഞങ്ങളെ ശാസിക്കാനും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചു തിരുത്തിക്കാനുമുള്ള ഒരവകാശം രാജേട്ടന് ഉണ്ടായിരുന്നു. നിലപാടുകളില്‍ ഉറച്ചും അഭിപ്രായം പറയാനും വിട്ടുവീഴ്ചയില്ലാതെ തൊഴിലാളി വര്‍ഗ രാഷ്ട്രീയ പ്രതിബദ്ധത ഉയര്‍ത്തിക്കാണിക്കാനും പ്രിയ സഖാവ് എ എന്‍ രാജന്‍ എന്നും മുന്‍പന്തിയില്‍ നിറഞ്ഞു നിന്നു. ലാല്‍ സലാം സഖാവേ..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.