
സമരം തന്നെ ജീവിതമാക്കി, ജീവിതത്തെ പോരാട്ടമാക്കിയ സഖാവിന് മരണമില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് വിലാപയാത്ര വി എസിന്റെ ജന്മനാടായ ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചു . ഇന്നലെ ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിച്ച വിലാപയാത്ര 18 മണിക്കൂർ പിന്നിട്ടാണ് ആലപ്പുഴ ജില്ലയിലെ കായംകുളത്ത് എത്തിയത് . വി എസിന്റെ തട്ടകമായ തിരുവനന്തപുരവും കൊല്ലവുമെല്ലാം നൽകിയത് വീരോചിതമായ യാത്രയയപ്പ് . വിലാപയാത്ര രാത്രി പത്തുമണിക്ക് ആലപ്പുഴയിൽ എത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തിൽ വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകൾ വൈകി. വിഎസിന്റെ മൃതദേഹവും വഹിച്ചുള്ള കെഎസ്ആർടിസിയുടെ പുഷ്പാലംകൃത ബസ് ഏറെ വൈകിയാണ് ആലപ്പുഴ ജില്ലയിൽ എത്തിയത്. കനത്ത മഴയെ പോലും അവഗണിച്ചാണ് സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങൾ പ്രിയനേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ പാതിരാനേരത്തും കാത്തുനിന്നത്.
വിഎസിനോടുള്ള ആദരസൂചകമായി ഇന്ന് ആലപ്പുഴ ജില്ലയിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാങ്കുകളും ഓഫീസുകളും പ്രവർത്തിക്കില്ല. ഇന്നത്തെ എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റി. അഭിമുഖങ്ങൾക്ക് മാറ്റമില്ല. എംജി സർവകലാശാലയുടെ പരീക്ഷകളും മാറ്റി. സംസ്കാര ചടങ്ങുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരത്തിൽ ഇന്ന് പൊലീസ് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്കാര ചടങ്ങ് കഴിയുന്നതുവരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് രാവിലെ 9 മുതൽ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലും 10 മുതൽ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫിസിലും 11 മുതൽ പകൽ 3 വരെ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം. ഉച്ചകഴിഞ്ഞ് മൂന്നിന് വലിയ ചുടുകാട്ടിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം. പിന്നെ, വിഎസ് ജനമനസ്സുകളിൽ മായാത്ത ഓർമ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.