സങ്കല്പത്തിലെ മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടിയുള്ള തമ്മിലടിയില്‍ കോണ്‍ഗ്രസ്-യുഡിഎഫ് രാഷ്ട്രീയം കലങ്ങിമറിയുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തുമെന്നും മുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്നുമുള്ള സ്വപ്നത്തിന് പുറത്താണ് നേതാക്കള്‍ പരസ്പരം പോര്‍മുഖം തുറന്നിരിക്കുന്നത്.
സ്വയം കുപ്പായമണിഞ്ഞ് നടക്കുന്ന രമേശ് ചെന്നിത്തലയെ പുകഴ്ത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ രംഗത്തെത്തിയതോടെ പോര് യുഡിഎഫിലേക്കും വ്യാപിക്കുകയാണ്. പട്ടിക്കാട് ജാമിഅ സമ്മേളനത്തിലെ രമേശിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് സാദിഖലി തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ്. വിയോജിപ്പുകളിലും യോജിച്ച് ഫാസിസത്തെ എതിർക്കണമെന്നും എക്കാലത്തേക്കും ഏകാധിപത്യ ഭരണകൂടം വാഴില്ലെന്നുമാണ് രമേശ് ചെന്നിത്തല പറഞ്ഞതെന്ന് തങ്ങൾ കുറിപ്പിൽ പറയുന്നു.
എല്ലാകാലത്തും മുസ്ലിം ലീഗ് തന്നോടൊപ്പം ഉണ്ടെന്നും ഇനിയുമുണ്ടാകുമെന്നും ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു. ജാമിഅ സമ്മേളനത്തിന്റെ നാലാം ദിവസം ചെന്നിത്തലയായിരുന്നു മുഖ്യാതിഥി. രാഷ്ട്രീയ രംഗത്ത് ഉള്ള കാലം മുതൽ ലീഗുമായി ഒരു അകൽച്ചയുമില്ല. ബന്ധം ദൃഢമായി മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കിയ ചെന്നിത്തല ലീഗ് നേതാക്കളെ പുകഴ്ത്താനും തയ്യാറായി. ലീഗിന്റെ പിന്തുണ ഉറപ്പിച്ച് പാര്‍ട്ടിയില്‍ വിലപേശല്‍ ശക്തമാക്കുക എന്നതാണ് ചെന്നിത്തലയുടെ ലക്ഷ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്‍എസ്എസ്, എസ്എന്‍ഡിപി നേതൃത്വങ്ങളുടെ പിന്തുണ ഉറപ്പിക്കുന്നതിനും ചെന്നിത്തല നീക്കങ്ങള്‍ സജീവമാക്കിയിരുന്നു. ഇതിനിടെ ചെന്നിത്തലയ്ക്കെതിരെ ഒളിയമ്പുമായി കെ മുരളീധരന്‍ രംഗത്തെത്തി. ആരെങ്കിലും പുകഴ്ത്തിയെന്നതുകൊണ്ട് സ്ഥാനലബ്ധിയുണ്ടാകില്ലെന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്. സാദിഖലി ശിഹാബ് തങ്ങളും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരും അടക്കമുള്ളവർ ചെന്നിത്തലയെ പുകഴ്ത്തി സംസാരിച്ചത് സംബന്ധിച്ചായിരുന്നു ഒളിയമ്പ്.
കോൺഗ്രസിന് ചില ചിട്ടവട്ടങ്ങളുണ്ടെന്നും നിയമസഭാകക്ഷിയുടെ ഭൂരിപക്ഷം നോക്കേണ്ടതുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. കേന്ദ്ര നേതൃത്വം ചര്‍ച്ച ചെയ്യണം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ഉള്ളപ്പോൾ ഈ വിഷയം ഇവിടെ ചർച്ചചെയ്യേണ്ട ആവശ്യമില്ലെന്നും മുരളീധരൻ വ്യക്തമാക്കി. ഗ്രൂപ്പിന്റെ കാലമൊക്കെ അവസാനിച്ചു. നേതാക്കൾക്ക് സ്ഥാനം കിട്ടാനാണ് ഗ്രൂപ്പ് എന്നത് പ്രവർത്തകർ മനസിലാക്കിയിട്ടുണ്ട്. അധികാരം കിട്ടുമെന്ന് തോന്നുമ്പോൾ നേതാക്കള്‍ക്കൊപ്പം ആളുകൾ കൂടുന്നത് സ്വാഭാവികം. തന്റെ പിന്നിലും ഇങ്ങനെ പലപ്പോഴും ആളുകൾ കൂടിയിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ മുരളീധരന്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എന്നിവരും മുഖ്യമന്ത്രിപദം ലക്ഷ്യമിട്ട് നീക്കങ്ങള്‍ ആരംഭിച്ചത് പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയിട്ടുണ്ട്. സമുദായ സംഘടനകളുടെയും ഘടകക്ഷികളുടെയും പിന്തുണയുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നേതാക്കള്‍ നടത്തുന്നത്. അതിന്റെ ഭാഗമായി ചെന്നിത്തലയും സതീശനും വിവിധ സംഘടനകളുടെ സമ്മേളനങ്ങളിലും ആരാധനാലയങ്ങളിലും സന്ദര്‍ശനം പതിവാക്കിയിരിക്കുകയാണ്. ഇതിനെയും കെ മുരളീധരന്‍ പരിഹസിക്കുന്നു. പങ്കെടുക്കുന്ന പരിപാടികളുടെ എണ്ണം നോക്കിയല്ല കോണ്‍ഗ്രസില്‍ സ്ഥാനനിര്‍ണയം നടത്തുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.