22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 19, 2024
December 19, 2024
December 19, 2024

ജമ്മു കശ്മീർ തെരഞ്ഞെടുപ്പ് ഉയർത്തുന്ന ആശങ്കകൾ

Janayugom Webdesk
September 5, 2024 5:00 am

മ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കാൻ ഇനി രണ്ടാഴ്ച മാത്രമാണ് അവശേഷിക്കുന്നത്. ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കി ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി എടുത്തുകളഞ്ഞ്, സംസ്ഥാനത്തെ ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റിയതിനുശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് അവിടുത്തെ ജനത മാത്രമല്ല ഇന്ത്യയും ലോകവും ഉറ്റുനോക്കുന്ന രാഷ്ട്രീയ സംഭവവികാസങ്ങളിൽ ഒന്നാണ്. ഇന്ത്യൻ ഭരണഘടന ജമ്മു കശ്മീർ ജനതയ്ക്കും അവരെ ഉൾക്കൊള്ളുന്ന ഭൂപ്രദേശത്തിനും അനുച്ഛേദം 370 പ്രകാരം കല്പിച്ചുനൽകിയിരുന്ന പ്രത്യേകപദവി റദ്ദാക്കി ആ ജനതയെയും ഭൂപ്രദേശത്തെയും തങ്ങളുടെ ആധിപത്യത്തിൻകീഴിൽ കൊണ്ടുവരിക എന്നത് ആർഎസ്എസ് പ്രതിനിധാനംചെയ്യുന്ന തീവ്ര ഹിന്ദുത്വത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ അധികാരത്തിലേറിയ, ബിജെപി നയിക്കുന്ന രണ്ടാം മോഡിസർക്കാർ ആ ലക്ഷ്യം സാക്ഷാത്ക്കരിച്ചു എന്ന് ഊറ്റംകൊള്ളുന്നു. ഭരണഘടനാ അട്ടിമറിയിലൂടെ കൈവരിച്ച ആ ലക്ഷ്യം ഉറപ്പിക്കാൻ ജമ്മു കശ്മീരിലെ ജനാധിപത്യ പ്രക്രിയയെ അപ്പാടെ മരവിപ്പിക്കാതെയും ആ ഭൂപ്രദേശത്ത് അക്ഷരാർത്ഥത്തിൽ പട്ടാളഭരണം നടപ്പാക്കാതെയും കഴിയില്ലെന്ന് കഴിഞ്ഞ അഞ്ചുവർഷത്തെ അനുഭവം സാക്ഷ്യപ്പെടുത്തുന്നു. ഒരു ജനതയുടെമേലുള്ള ഈ അധിനിവേശം, കേവലമായ തീവ്ര ഹിന്ദുത്വ പ്രത്യയശാസ്ത്ര ലക്ഷ്യം മാത്രമല്ലെന്നും, അതിന്റെ പിന്നിൽ കൃത്യമായ മൂലധന താല്പര്യങ്ങൾ ഉണ്ടെന്നും ഇതിനോടകം വ്യക്തമാണ്. നരേന്ദ്ര മോഡി പ്രതിനിധാനം ചെയ്യുന്ന ചങ്ങാത്ത മുതലാളിത്ത താല്പര്യങ്ങൾക്ക് വ്യത്യസ്ത സാമ്പത്തിക സവിശേഷതകളുള്ള ആ ഭൂപ്രദേശത്തിന്റെ കവാടങ്ങൾ മലർക്കെ തുറക്കുകകൂടിയായിരുന്നു ആ ഭരണഘടനാ അട്ടിമറിയുടെ ലക്ഷ്യം. ഒരു ജനതയുടെ പൗരാവകാശങ്ങളും കേവല സാമ്പത്തിക സ്വാതന്ത്ര്യങ്ങളും നിഷേധിച്ച് മുന്നോട്ടുപോകാൻ ഭരണഘടനയും അത് നിഷ്കർഷിക്കുന്ന നിയമവാഴ്ചയും അനുവദിക്കില്ല എന്നതുകൊണ്ടുമാത്രമാണ് സെപ്റ്റംബർ 18ന് ആരംഭിക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയ സാധ്യമാകുന്നത്. അതിന് ഇന്ത്യൻ ജനാധിപത്യം ഭരണഘടനയുടെ കാവലാളായ സുപ്രീം കോടതിയോട് കടപ്പെട്ടിരിക്കുന്നു.

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് സെപ്റ്റംബർ 18ന് ഒന്നാംഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന 25 മണ്ഡലങ്ങളിൽ ഒന്നായ ബനിഹാളിൽ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചത്. എന്നാൽ കോൺഗ്രസ് നേതാവിന്റെ ഈ ലക്ഷ്യപ്രഖ്യാപനം എത്രത്തോളം സുസാധ്യമായിരിക്കുമെന്ന കാര്യത്തിൽ രാഷ്ട്രീയ നിരീക്ഷകർക്കുള്ള ആശങ്ക അവർ മറച്ചുവയ്ക്കുന്നില്ല. അതിന്റെ മുഖ്യകാരണം ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രഭരണകൂടത്തിന്റെ സമ്പൂർണ നിയന്ത്രണത്തിലും മേൽനോട്ടത്തിലും നടക്കുന്ന തെരഞ്ഞെടുപ്പിൽ അതിന്റെ അധികാര, സാമ്പത്തിക കരുത്തിനെ പ്രതിരോധിക്കാൻ മതിയായ കരുത്തുള്ള മുന്നണിയായി ഇന്ത്യ സഖ്യത്തിന് ഉയരാൻ കഴിഞ്ഞിട്ടില്ല എന്ന വിലയിരുത്തലാണ്. ജമ്മു കശ്മീരിൽനിന്നുമുള്ള മൂന്ന് പ്രമുഖ ഇന്ത്യ സഖ്യ രാഷ്ട്രീയപാർട്ടികളിൽ കോൺഗ്രസും നാഷണൽ കോൺഫറൻസും മാത്രം ഉൾക്കൊള്ളുന്ന മുന്നണിയാണ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇപ്പോൾ താരതമ്യേന ശക്തിക്ഷയം സംഭവിച്ചുവെന്ന് വിലയിരുത്തപ്പെടുന്നതും എന്നാൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ജമ്മു കശ്മീർ രാഷ്ട്രീയത്തിൽ നിർണായക പങ്കുവഹിച്ചുപോന്നതുമായ, മെഹ്ബൂബ മുഫ്തി നേതൃത്വം നൽകുന്ന പിഡിപിയെ പൂർണമായും ഒഴിവാക്കിക്കൊണ്ടുള്ള നീക്കത്തിന് കോൺഗ്രസ്-എൻസി മുന്നണിയും, ജനാധിപത്യവും സമാധാനവും മേഖലയിൽ പുലരണമെന്ന് കാംക്ഷിക്കുന്ന ജമ്മു കശ്മീർ ജനതയും വില നൽകേണ്ടിവരുമെന്ന ആശങ്കയാണ് അവർ പങ്കുവയ്ക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷങ്ങൾക്കുള്ളിൽ ജമ്മു കശ്മീരിലെ ജനങ്ങളെയും രാഷ്ട്രീയ ശക്തികളെയും തങ്ങൾക്ക് അനുകൂലമായി ഭിന്നിപ്പിക്കുന്നതിന് അധികാരവും പണവും ഉപയോഗിച്ചുള്ള ബിജെപിയുടെ പതിവ് തന്ത്രങ്ങൾ എത്രത്തോളം വിജയിപ്പിക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പുഫലങ്ങൾ കാട്ടിത്തരുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിലും അതിനുമുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസിന് സംഭവിച്ച വീഴ്ചകളുടെ ആവർത്തനമാണ് ഇവിടെയും സംഭവിക്കുന്നതെന്ന് അവർ ആശങ്കപ്പെടുന്നു.

ജമ്മു കശ്മീരിലെ മുഖ്യ പ്രാദേശിക രാഷ്ട്രീയ പാർട്ടികളായ നാഷണൽ കോൺഫറൻസിനെയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയെയും മുഖ്യ ദേശീയ പ്രതിപക്ഷമായ കോൺഗ്രസിനെയും ദുർബലപ്പെടുത്താൻ ബിജെപി ഇക്കാലയളവിൽ തങ്ങളുടെ ആവനാഴിയിലെ സമസ്ത ആയുധങ്ങളും പ്രയോഗിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ പ്രമുഖ കശ്മീരി മുഖങ്ങളിൽ ഒന്നായിരുന്ന ഗുലാം നബി ആസാദും അദ്ദേഹത്തിന്റെ അനുയായികളും ജമ്മു കശ്മീർ രാഷ്ട്രീയത്തിൽ എവിടെ പോയിമറഞ്ഞുവെന്നുപോലും ആരും അന്വേഷിക്കാറില്ല. അതേസമയം എൻജിനീയർ റഷീദ് എന്നറിയപ്പെടുന്ന അബ്ദുൽ റഷീദ് ഷെയ്ഖും അദ്ദേഹത്തിന്റെ അവാമി ഇത്തേഹാദ് പാർട്ടിയും കൈവരിച്ച പ്രാമുഖ്യത്തിനുപിന്നിൽ ബിജെപിയുടെ കുടില രാഷ്ട്രീയതന്ത്രങ്ങളാണെന്ന് രാഷ്ട്രീയ നിരീക്ഷകരും മാധ്യമങ്ങളും ഒരുപോലെ സംശയിക്കുന്നു. ഇത്തരത്തിൽ പ്രാദേശിക സമൂഹങ്ങളിൽ സ്വാധീനം ചെലുത്താൻ പ്രാപ്തരായ വ്യക്തികളെയും സംഘടനകളെയും തങ്ങളുടെ പാളയത്തിലെത്തിക്കാൻ ബിജെപിക്ക് വലിയൊരളവ് കഴിഞ്ഞതായാണ് സൂചന. ജമ്മു കശ്മീരിലെ പലമേഖലകളിലും ലഭ്യമായ വിലപ്പെട്ട ലിഥിയം നിക്ഷേപത്തിൽ കണ്ണുനട്ട വൻ കോർപറേറ്റുകൾ ബിജെപിയുടെ ഭിന്നിപ്പ് രാഷ്ട്രീയത്തിൽ കയ്യയച്ച് നിക്ഷേപിക്കാൻ സന്നദ്ധരായി നിലകൊള്ളുമ്പോൾ യോജിപ്പിന്റെ മേഖലകൾ വിസ്മരിച്ചുകൊണ്ടുള്ള രാഷ്ട്രീയം ജനാധിപത്യത്തിനും ദേശീയ ഐക്യത്തിനും ഭരണഘടനയ്ക്കും നിയമവാഴ്ചയ്ക്കും എതിരെ ഉയർത്തുന്ന വെല്ലുവിളികൾ അവഗണിക്കാവുന്നതല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.