
ഫ്രാൻസിസ് മാർപാപ്പായുടെ പിൻഗാമിയെ തെരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവ് ഇന്ന് ആരംഭിക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 ഓടെയാണ് കോൺക്ലേവിന് ആരംഭം. കോൺക്ലേവിൽ പങ്കെടുക്കുന്ന 133 കർദിനാള്‍മാരുടെ നിലവിലെ വാസം മാർപാപ്പമാർ താമസിക്കാറുള്ള കാസ സാന്താ മാർത്തയിലാണ്. കോൺക്ലേവിൽ പങ്കെടുക്കുന്നതിന് കർദിനാള്‍മാർ ഇന്ന് സിസ്റ്റൈൻ ചാപ്പലിലേക്ക് പ്രവേശിക്കും. സിസ്റ്റൈൻ ചാപ്പലിലേക്ക് പ്രവേശിക്കുന്നതിന് ഏകദേശം 90 മിനിറ്റ് മുമ്പ് എല്ലാ മൊബൈൽ ഫോൺ ഉൾപ്പെടെ എല്ലാ ആശയവിനിമയ സംവിധാനങ്ങളുടെ പ്രസരണവും സിഗ്നലുകളും തടയും. പരിപൂർണ സ്വകാര്യത ഉറപ്പാക്കാൻ സിസ്റ്റൈൻ ചാപ്പലിന് ചുറ്റും പ്രത്യേക സിഗ്നൽ ജാമറുകളും ഉപയോഗിക്കും. കർദിനാൾമാർ അവരുടെ ഫോണുകളും ഇലക്ട്രോണിക് വസ്തുക്കളും കൈമാറും. പുതിയ പോപ്പിനെ തെരഞ്ഞെടുക്കുന്നതുവരെ അവ തിരികെ ലഭിക്കില്ല. ഇന്നു മുതൽ, പുറം ലോകവുമായി സമ്പർക്കം കൂടാതെ അവർ സിസ്റ്റൈൻ ചാപ്പലിനുള്ളിൽ തന്നെ തുടരും. “സമ്പൂർണവും ശാശ്വതവുമായ രഹസ്യം” ഉറപ്പാക്കുന്നു എന്ന് പ്രഖ്യാപിച്ചുള്ള സത്യപ്രതിജ്ഞയും നിർവഹിക്കും.
സിഗ്നൽ നിയന്ത്രണങ്ങൾ ബസിലിക്കയ്ക്ക് മുന്നിലുള്ള വലിയ പൊതു ഇടമായ സെന്റ് പീറ്റേഴ്സ് സ്ക്വയറിനെ ബാധിക്കില്ല. ഇതോടൊപ്പം സുരക്ഷാ നടപടികളും ശക്തിപ്പെടുത്തി. ചെക്ക്പോസ്റ്റുകൾ, മെറ്റൽ ഡിറ്റക്ടറുകൾ, ഡ്രോണുകൾ തടയുന്നതിനുള്ള സംവിധാനങ്ങൾ എന്നിവ നിലവിലുണ്ട്. വത്തിക്കാനിലെ മെയിന്റനൻസ് സ്റ്റാഫ്, ലിഫ്റ്റ് ഓപ്പറേറ്റർമാർ തുടങ്ങിയവരും രഹസ്യങ്ങൾ പുറത്തുപോകാതെ പ്രവർത്തിക്കും. അവരെല്ലാം സത്യപ്രതിജ്ഞ ചെയ്യുകയും മുഴുവൻ സമയ സേവനത്തിൽ ഏർപ്പെടുകയും ചെയ്യും. അവരുടെ കുടുംബങ്ങളുമായി സമ്പർക്കം പുലർത്താതെ രാപകൽ വത്തിക്കാനിൽ തങ്ങുമെന്ന് വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റ് പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പായുടെ പിൻഗാമിയെ തെരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവിൽ പങ്കെടുക്കുന്ന 133 കർദിനാള്‍മാരിൽ 108 പേരെയും നിയമിച്ചതു ഫ്രാൻസിസ് മാർപാപ്പ തന്നെയാണ്. ഇപ്രാവശ്യം കോൺക്ലേവ് നടക്കുന്ന സിസ്റ്റൈൻ ചാപ്പലിലേക്കു പ്രവേശിക്കുന്നത് 52 യൂറോപ്യന്മാർ മാത്രമായിരിക്കും. ആകെയുള്ളവരിൽ പകുതിയിൽ താഴെ മാത്രം. ഈ 52 പേരിൽ ഇറ്റലിക്കാർ 17 പേർ മാത്രമാണ്. 2013 ൽ നടന്ന കോൺക്ലേവിൽ ഇറ്റലിക്കാരായ 28 കർദിനാള്‍മാർ പാപ്പാ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്തിരുന്നു. അതേസമയം ആഫ്രിക്കക്കാരായ കർദിനാള്‍മാരുടെ എണ്ണം 11 ൽ നിന്നു 18 ആയും ഏഷ്യക്കാരുടേത് 10 ൽ നിന്ന് 20 ആയും വർധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.