2 January 2026, Friday

Related news

July 13, 2025
October 25, 2024
October 2, 2024
June 13, 2024
May 21, 2024
May 11, 2024
October 5, 2023
July 28, 2023
July 11, 2023
July 6, 2023

എന്‍ജിനീയറിങ് പ്രവേശന പരീക്ഷ ഓൺലൈനായി നടത്താൻ ശ്രമിക്കും: മന്ത്രി ആര്‍ ബിന്ദു

Janayugom Webdesk
തിരുവനന്തപുരം
July 11, 2023 8:53 am

സംസ്ഥാന പ്ര­വേ­ശന പരീക്ഷാ കമ്മിഷണർ നടത്തുന്ന എന്‍ജിനീയറിങ് പ്രവേശന പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈനായി നടത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. ഓൺലൈനായി എൻജിനീയറിങ് പ്രവേശന പരീക്ഷ നടത്തുന്നതിനുള്ള പ്രാരംഭ പ്രവർത്തികൾ ഈ വർഷം തന്നെ തുടങ്ങിയതായും മന്ത്രി അറിയിച്ചു. സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണറുടെ ഓഫിസ് തിരുവനന്തപുരം തമ്പാനൂരിലെ കെഎസ്ആർടിസി ബസ് ടെർമിനൽ കെട്ടിടത്തിലേക്ക് മാറ്റിയതിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കൂടുതൽ സൗകര്യത്തോടെയും സജ്ജീകരണങ്ങളോടെയും എല്ലാവർക്കും എളുപ്പം എത്തിച്ചേരാവുന്ന ഇടത്തിലേക്ക് പ്രവേശന പരീക്ഷാ കമ്മിഷണറുടെ ഓഫിസ് മാറിയതോടെ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ഏഴ് പ്രവേശന പരീക്ഷകളും 14 കോഴ്‌സുകളിലേക്കുള്ള അലോട്ട്‌മെന്റ് നടപടികളും കൈകാര്യം ചെയ്യുന്ന പ്രധാന ഓഫിസാണ് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണറുടേത്. 1983 മുതൽ പ്രവർത്തിച്ചുവരുന്ന ഓഫിസ് സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുകയായിരുന്നു. ഇതിനാലാണ് സംസ്ഥാനത്തെ പ്രൊഫഷണൽ കോഴ്‌സ് പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും എളുപ്പം എത്തിച്ചേരാവുന്ന വിധം തമ്പാനൂരിൽ, തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന് തൊട്ടടുത്ത്, കെഎസ്ആർടിസി ടെർമിനൽ കെട്ടിടത്തിലേക്ക് ഓഫിസ് മാറ്റിയതെന്ന് മന്ത്രി പറഞ്ഞു.

കെട്ടിടത്തിന്റെ ഏഴാം നിലയിലാണ് 9,000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തൃതിയിൽ പുതിയ ഓഫിസ്. നാല് കോടിയിൽപ്പരം രൂപ ചെലവിട്ട പുതിയ ഓഫിസ് തയാറാക്കിയത് യുഎൽസിസിഎസ് ആണ്. പരീക്ഷാ നടത്തിപ്പ് കുറ്റമറ്റരീതിയിൽ കൊണ്ടുപോകാനാണ് സർക്കാർ പരമാവധി ശ്രദ്ധിക്കുന്നതെന്നും വിദ്യാർത്ഥി സൗഹൃദമാണ് എല്ലായ്‌പ്പോഴും പരീക്ഷാ കമ്മിഷണറുടെ ഓഫിസിന്റെ മുഖമുദ്രയെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികളുടെ സംശയങ്ങളും ആശങ്കകളും ദൂരീകരിക്കുന്നതിനുള്ള കോൾ സെന്റർ ഇന്റഗ്രേറ്റഡ് ഗ്രീവൻസ് റിഡ്രസൽ ആന്റ് ഹെല്‍പ്‌ലൈൻ ഇൻഫർമേഷൻ സിസ്റ്റം മന്ത്രി ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ഐടി മിഷന്റെ സഹായത്തോടെയാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. പരിപാടിയിൽ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷനായി. പ്രവേശന പരീക്ഷാ കമ്മിഷണർ അരുൺ കെ വിജയൻ, ഫിനാൻസ് ഓഫീസർ റാൻസം ഷിമ്മി കെ ഇ, ജോയിന്റ് കമ്മിഷണർ ബേബി സൈല എൽ എന്നിവർ സംസാരിച്ചു.

എല്ലാ മണ്ഡലങ്ങളിലും തൊഴിൽമേളകൾ സംഘടിപ്പിക്കും: മന്ത്രി

തിരുവനന്തപുരം: സമകാലീന തൊഴിൽ സാഹചര്യങ്ങൾക്കനുസരിച്ചു കേരളത്തിലെ യുവതയെ സജ്ജമാക്കുന്നതിനൊപ്പം അവർക്ക് പഠനത്തിനനുസരിച്ചു തൊഴിൽ ലഭ്യമാക്കുന്നതിന് എല്ലാ നിയോജകമണ്ഡലങ്ങളിലും തൊഴിൽമേളകൾ സംഘടിപ്പിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. അസാപ് കേരളയുടെ നേതൃത്വത്തിൽ ആസ്പയർ 2023 തൊഴിൽമേള കഴക്കൂട്ടം കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. അനുദിനം മാറുന്ന തൊഴിൽസാഹചര്യത്തിനനുസരിച്ചു തൊഴിൽനൈപുണ്യം നേടേണ്ടത് അനിവാര്യമായിരിക്കുകയാണ്. അസാപ് കേരളയും ഉന്നതവിദ്യാഭ്യാസവകുപ്പും ഇതിനനുസരിച്ചു നൈപുണ്യ വികസനത്തിനും തൊഴില്‍ ക്ഷമത വർധിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് സംയുക്തമായി നടപ്പിലാക്കികൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷനായി. ടാറ്റ എൽക്സി, നിസാൻ ഡിജിറ്റൽ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇസാഫ്, ടൂൺസ് അനിമേഷൻസ്, ആംബർ ഇന്റർനാഷണൽ, ട്രാൻസ്പോർട്സ് തുടങ്ങി ഐടി/ഐടിഎസ്, ഓട്ടോമൊബൈൽ, ബാങ്കിങ്, മെഡിക്കൽ മേഖലകളിൽ നിന്നുള്ള മുപ്പതോളം പ്രമുഖ കമ്പനികളാണ് തൊഴിൽമേളയിൽ പങ്കെടുത്തത്. 700 ഓളം ഉദ്യോഗാർത്ഥികൾ വിവിധ കമ്പനികളുടെ തൊഴിൽ അഭിമുഖത്തിൽ പങ്കെടുത്തു. ലോകത്തിലെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന തൊഴിൽസാഹചര്യങ്ങൾക്ക് അനുസരിച്ചു കേരളത്തിലെ വിദ്യാർത്ഥികളുടെ നൈപുണ്യ വികസനത്തിനും തൊഴില്‍ക്ഷമത വർധിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് ഉന്നതവിദ്യാഭ്യാസ വകുപ്പും അസാപ് കേരളയും സംയുക്തമായി നടപ്പിലാക്കികൊണ്ടിരിക്കുന്നത്.

ഓരോരുത്തരും അവരവരുടെ അഭിരുചിക്കനുസരിച്ച് തൊഴിൽ മേഖലയിലേക്ക് കടക്കുന്നതാണ് അഭികാമ്യം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, റോബോട്ടിക്‌സ്, ക്ലൗഡ് ടെക്‌നോളജീസ്, വെർച്വൽ റിയാലിറ്റി എന്നിവ ഉൾപ്പെടെയുള്ള ഫ്യൂച്ചറിസ്റ്റിക് ടെക്‌നോളജി കോഴ്‌സുകളിൽ എന്‍ജിനീയറിങ് വിദ്യാർത്ഥികളെ സജ്ജരാക്കാൻ എന്‍ജിനീയറിങ് കോളജുകളിലെ നൈപുണ്യ വികസന കേന്ദ്രങ്ങൾ ഇതിനോടകം ആരംഭിച്ചു. അസാപ് കേരള സിഎഡി ഉഷ ടൈറ്റസ്, വ്യവസായ രംഗത്തെ പ്രതിനിധികൾ എന്നിവര്‍ പങ്കെടുത്തു.

Eng­lish Sum­ma­ry: con­duct engi­neer­ing entrance exam online: Min­is­ter R Bindu
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 2, 2026
January 2, 2026
January 2, 2026
January 1, 2026
January 1, 2026
January 1, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.