അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ ആശയക്കുഴപ്പം കെപിസിസി എക്സിക്യൂട്ടീവ് യോഗത്തിലും. മൃദുഹിന്ദുത്വ നിലപാടാണ് നേതൃത്വം സ്വീകരിക്കുന്നതെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ യോഗത്തില്‍ തുറന്നടിച്ചു. കെപിസിസി നേതൃത്വം പരാജയമാണെന്നും സുധീരന്‍ പറഞ്ഞു.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലാണ് സുധീരന്റെ രൂക്ഷവിമര്‍ശനമുണ്ടായത്. സുധീരനെ എതിര്‍ത്തും അനുകൂലിച്ചും നേതാക്കള്‍ രംഗത്തെത്തിയതോടെ, ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ തര്‍ക്കമായി. പ്രതിഷ്ഠാച്ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കരുതെന്ന് വി എം സുധീരൻ നിലപാടെടുത്തു. കെപിസിസി നിലപാട് ഹൈക്കമാൻഡിനെ അറിയിക്കണമെന്നും മൃദു ഹിന്ദുത്വം പാടില്ലെന്നും സുധീരൻ പറഞ്ഞു.
എന്നാൽ സുധീരനോട് വിയോജിച്ച് ശശി തരൂർ രംഗത്തെത്തി. കോൺഗ്രസിൽ തീവ്രഹിന്ദുത്വവും മൃദു ഹിന്ദുത്വവുമില്ലെന്നും ഒട്ടേറെ ഹിന്ദുമത വിശ്വാസികൾ പ്രവർത്തകരായുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേതാക്കൾ പ്രവർത്തിക്കുന്നത് പാർട്ടിക്കുവേണ്ടിയല്ലെന്നും അവരവർക്കുവേണ്ടിയാണെന്നും വി എം സുധീരന്‍ തിരിച്ചടിച്ചു. പാർട്ടിയിൽ കൂടിയാലോചനകളില്ല. രണ്ട് ഗ്രൂപ്പ് ഉണ്ടായിരുന്നത് ഇപ്പോൾ അഞ്ചു ഗ്രൂപ്പായി മാറിയെന്നും സുധീരൻ പറഞ്ഞു. 2016ലെ പരാജയ കാരണങ്ങള്‍ വിവരിച്ച് സോണിയാ ഗാന്ധിക്ക് കത്ത് നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും സുധീരൻ പറഞ്ഞു.
എന്നാല്‍, വി എം സുധീരന്റെ വിമര്‍ശനം മുഖവിലയ്ക്കെടുക്കുന്നില്ലെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. കാണാൻ ചെന്നപ്പോൾ ഇനി സഹകരിക്കാനില്ല എന്നു പറഞ്ഞയാളാണ് സുധീരനെന്നും ഏറെ നാളുകൾക്ക് ശേഷമാണ് ഇന്നലെ യോഗത്തിലേക്ക് വന്നതെന്നും സുധാകരൻ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവ് വി ഡി സതീശനും സംയുക്തമായി നയിക്കുന്ന ‘സമരാഗ്നി’ എന്ന സംസ്ഥാനതല ജാഥ സംഘടിപ്പിക്കാന്‍ കെപിസിസി എക്സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനമായി. ജനുവരി 21ന് കാസർകോട് നിന്ന് ആരംഭിച്ച് ഫെബ്രുവരി അവസാനം തിരുവനന്തപുരത്തു സമാപിക്കും.
അതിനിടെ, ചുമതല ലഭിച്ച ശേഷം ആദ്യമായി കേരളത്തിലെത്തിയ എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയെ കണ്ട് നേതാക്കൾ പരാതികൾ അറിയിച്ചു. പുനഃസംഘടനയിലുൾപ്പെടെ ഏകപക്ഷീയ തീരുമാനങ്ങൾ അടിച്ചേല്പിച്ചെന്നാണ് എ ഗ്രൂപ്പ് നേതാക്കളുടെ പരാതി. കെ സി ജോസഫും ബെന്നി ബഹന്നാനുമാണ് ദീപാ ദാസ് മുൻഷിയെ കണ്ടത്.
കെ സുധാകരൻ ചുമതലയൊഴിയില്ല
തിരുവനന്തപുരം: ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്ന കെപിസിസി അധ്യക്ഷനെ മാറ്റേണ്ടെന്ന് തീരുമാനം. കെ സുധാകരന്‍ മാറണമെന്ന് ഒരു വിഭാഗം ആവശ്യമുന്നയിച്ചെങ്കിലും സ്ഥാനത്തിനുവേണ്ടിയുള്ള തര്‍ക്കം രൂക്ഷമാകുമെന്ന ഭയമാണ് തല്‍സ്ഥിതി തുടരാനുള്ള തീരുമാനത്തിലേക്ക് പോകാനിടയാക്കിയത്.
ഇന്ന് അമേരിക്കയിലേക്ക് പോകുന്ന സുധാകരന്‍ 10 ദിവസത്തെ അവധിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചികിത്സയിലാണെങ്കിലും ചുമതല വഹിക്കാമെന്ന് ഇന്നലെ ചേർന്ന എക്സിക്യുട്ടീവ് യോഗത്തിൽ സുധാകരൻ അറിയിച്ചു. തന്റെ അഭാവത്തിൽ കെപിസിസി ഭാരവാഹികൾ കൂട്ടായി നേതൃത്വം വഹിക്കുമെന്നും സുധാകരൻ വ്യക്തമാക്കി. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എട്ടംഗ സമിതിയെയും നിയോഗിച്ചു.
English Summary: Confused in ‘Ayodhya’, Congress: Division in KPCC
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.