21 February 2026, Saturday

Related news

February 19, 2026
February 16, 2026
February 14, 2026
February 13, 2026
February 12, 2026
February 8, 2026
February 8, 2026
February 7, 2026
February 4, 2026
February 4, 2026

കോൺഗ്രസും ജോസഫ് ഗ്രൂപ്പും നേർക്കുനേർ

ബേബി ആലുവ
കൊച്ചി
February 1, 2026 9:19 pm

യുഡിഎഫിൽ ജോസഫ് കേരളാ കോൺഗ്രസിന്റെ ചില നിയമസഭാ സീറ്റുകൾ ഉന്നമിട്ടുള്ള നീക്കം കോൺഗ്രസ് ശക്തമാക്കുകയും ജോസഫ്‌ കേരള അതിനെ ചെറുക്കാൻ ഗോദായിലിറങ്ങുകയും ചെയ്തതോടെ മുന്നണിക്ക് പുറത്തും പോര് മുറുകി.
ഇരുകൂട്ടരും അണുവിട വിട്ടു കൊടുക്കാത്ത അവസ്ഥയാണ്‌. കഴിഞ്ഞ തവണ ജോസഫ് ഗ്രൂപ്പ് മത്സരിച്ചതിൽ ഇടുക്കി, കുട്ടനാട്, ചങ്ങനാശേരി, ഏറ്റുമാനൂർ മണ്ഡലങ്ങൾക്ക് വേണ്ടിയാണ് കോൺഗ്രസ് സമ്മർദ്ദം ശക്തമാക്കിയിട്ടുള്ളത്. കോതമംഗലം, തൃക്കരിപ്പൂർ മണ്ഡലങ്ങളിൽ കോൺഗ്രസ് മത്സരിക്കണം എന്നാവശ്യപ്പെട്ട് സേവ് കോൺഗ്രസിന്റെ പേരിൽ അണികളുടെ കടുംപിടിത്തം ഇതിന് പുറമെയുണ്ട്.
ആദ്യത്തെ നാല് മണ്ഡലങ്ങളിൽ നടത്തിയ പ്രത്യേക പഠനത്തിന്റെയും അവലോകനത്തിന്റെയും അടിസ്ഥാനത്തിൽ ജോസഫ് ഗ്രൂപ്പിന് വിജയ സാധ്യത തീരെയില്ലെന്ന് ബോധ്യപ്പെട്ടതായാണ് കോൺഗ്രസ് പറയുന്നത്. ജോസഫ് ഗ്രൂപ്പിന്റെ കൈവശമുള്ള മണ്ഡലങ്ങളിൽ സംഘടനാ സംവിധാനം ദുർബലമാണെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രകടനം മോശമായിരുന്നെന്നും കോൺഗ്രസ് വാദിക്കുന്നു.
കോൺഗ്രസിന്റെ അത്യാർത്തിക്ക് തടയിടാൻ ജോസഫ് ഗ്രൂപ്പ് ചെയർമാൻ പിജെ ജോസഫും വർക്കിങ് ചെയർമാൻ പി സി തോമസും അടക്കമുള്ളവരാണ് കളത്തിലിറങ്ങിയിരിക്കുന്നത്. തോറ്റ മണ്ഡലങ്ങൾ വിട്ടു കൊടുക്കണമെന്നാണ് വാദമെങ്കിൽ, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 100 ലധികം സീറ്റുകളിൽ മത്സരിച്ച് 25 ഓളം സീറ്റുകളിൽ മാത്രം വിജയിച്ച കോൺഗ്രസ് തോറ്റ മണ്ഡലങ്ങൾ മുന്നണിയിലെ മറ്റ് കക്ഷികൾക്ക് വിട്ടു കൊടുക്കാൻ തയ്യാറാവുമോ എന്ന ചോദ്യത്തോടെയാണ് പിസി തോമസ് കോൺഗ്രസിനെ നേരിടുന്നത്.
പാർട്ടിയുടെ കൈവശമുള്ള 10 മണ്ഡലങ്ങളിലും വിജയ സാധ്യതയുള്ള സ്ഥാനാർത്ഥികളെ കണ്ടെത്തിക്കഴിഞ്ഞെന്നും പിസി തോമസ് വ്യക്തമാക്കുന്നു. സീറ്റുകൾ വച്ചു മാറലോ വിട്ടു നൽകല്ലോ ഇല്ലെന്നും യാതൊരു വിട്ടുവീഴ്ചയും വേണ്ടാ എന്നാണ് കോട്ടയത്തു ചേർന്ന പരമോന്നത സമിതി യോഗം തീരുമാനിച്ചതെന്നും വ്യക്തമാക്കിയാണ് പിജെ ജോസഫ്, കോൺഗ്രസിന്റെ വാദങ്ങളുടെ മുനയൊടിക്കുന്നത്.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 10 മണ്ഡലങ്ങളിലാണ് ജോസഫ് കേരളാ മത്സരിച്ചത്. വിജയിച്ചത് രണ്ട് സീറ്റിലും. എങ്കിൽപ്പോലും ആ 10 ൽ നിന്ന് പിന്നോട്ടില്ലെന്നാണ് പാർട്ടിയുടെ നിലപാട്.
വിട്ടു കൊടുക്കുന്ന മണ്ഡലങ്ങൾക്ക് പകരമായി പൂഞ്ഞാർ അടക്കം ചില സീറ്റുകളാണ് കോൺ ഗ്രസ് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ, ഇവിടങ്ങളിൽ ഒന്നിലധികം കോൺഗ്രസുകാർ സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് രംഗത്തുണ്ടെന്നുള്ളതാണ് വസ്തുത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.