വ്യാജ പ്രചരണങ്ങളും ബഹിഷ്ക്കരണാഹ്വാനങ്ങളുമായി പ്രതിപക്ഷം മുന്നോട്ട് പോകവെ നവകേരള സദസിൽ പങ്കെടുത്ത് കോൺഗ്രസ്, ലീഗ് നേതാക്കൾ. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനും കോൺഗ്രസ് നേതാവുമായ എൻ അബൂബക്കർ, മുസ്ലിം ലീഗ് കൊടുവള്ളി നിയോജക മണ്ഡലം സെക്രട്ടറി യു കെ ഹുസൈൻ, ലീഗ് പ്രാദേശിക നേതാവ് മൊയ്തു മുട്ടായി എന്നിവരാണ് ഓമശ്ശേരിയിൽ നടന്ന നവകേരള സദസ് പ്രഭാത യോഗത്തിൽ പങ്കെടുത്തത്.
കോൺഗ്രസ് പെരുവയൽ മണ്ഡലം മുൻ പ്രസിഡന്റായ എൻ അബൂബക്കർ കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി സിദ്ദിഖിന്റെ അടുത്ത അനുയായി കൂടിയാണ്. പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ എൻ അബൂബക്കറിനെതിരെ നടപടിയെടുക്കാനാണ് ഡിസിസി തീരുമാനം. കോൺഗ്രസ് തീരുമാനത്തിനെതിരെ പ്രവർത്തിച്ചതിനാലാണ് നടപടിയെടുക്കാൻ തീരുമാനിച്ചതെന്ന് ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി. നവകേരള സദസിന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് നേരത്തെ ഫണ്ട് അനുവദിച്ചിരുന്നു. ഇതിനിടയിലാണ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ നവകേരള സദസിൽ പങ്കെടുത്തത്.
ലീഗ് പ്രദേശിക നേതാവും ചുരം സംരക്ഷണ സമിതി പ്രസിഡന്റുമാണ് നവകേരള സദസിൽ പങ്കെടുത്ത മൊയ്തു മുട്ടായി. ചുരത്തിലെ പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെട്ടുത്താനാണ് യോഗത്തിനെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഓമശ്ശേരിയിൽ പ്രഭാത യോഗം നടന്ന കൺവെൻഷൻ സെന്ററിലേക്ക് കരിങ്കൊടിയുമായി എത്തിയ യൂത്ത് കോൺഗ്രസ്- കെഎസ്‍യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
ഓമശ്ശേരി: നവകേരള സദസിനെതിരെ വ്യാജ പ്രചരണങ്ങൾ നടത്തുന്ന പ്രതിപക്ഷത്തിന് ശക്തമായ മറുപടിയുമായി സമസ്ത നേതാവ്. പ്രതിപക്ഷം ശബ്ദമുയർത്തിയാലും ജനങ്ങളുടെ പരാതി തീർക്കുക എന്നത് ഭരിക്കുന്നവരുടെ കടമയാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതാവ് മുക്കം ഉമർ ഫൈസി പറഞ്ഞു. നവകേരള സദസിന്റെ ഭാഗമായി ഞായറാഴ്ച ഓമശ്ശേരിയിൽ മുഖ്യമന്ത്രിയോടൊത്തുള്ള പ്രഭാതയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവകേരള സദസ്സുമായി മന്ത്രിസഭ ജനങ്ങളിലേക്ക് ഇറങ്ങിവരികയാണ്. ജനങ്ങൾക്ക് പറയാനുള്ളത് സർക്കാർ കേൾക്കുകയും അവ അനുഭാവപൂർവം പരിഗണിക്കുകയും ചെയ്യുമെന്ന് നമുക്ക് വിശ്വസിക്കാം. ഈ യാത്രയ്ക്ക് ഫലം ഉണ്ടാകുമെന്നും പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
English Summary: Congress and League leaders attended the Navakerala sadas
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.