21 January 2026, Wednesday

മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതരെ വീണ്ടും വഞ്ചിച്ച് കോൺഗ്രസ്

വീടുകള്‍ക്ക് തറക്കല്ലിടുമെന്ന പ്രഖ്യാപനം പാഴായി
എംപി ഫണ്ടും അനുവദിച്ചില്ല 
ജോമോൻ ജോസഫ്
കല്പറ്റ
December 28, 2025 9:38 pm

മുണ്ടക്കൈ — ചൂരൽമല ദുരന്ത ബാധിതരെ പറഞ്ഞുപറ്റിക്കൽ തുടർന്ന് കോൺഗ്രസ്. പാര്‍ട്ടിയുടെ ജന്മദിനമായ ഇന്നലെ ദുരന്തബാധിതർക്കായുളള വീടുകളക്ക് തറക്കല്ലിടുമെന്ന് കോൺഗ്രസ് നേതാവും കല്പറ്റ എംഎൽഎയുമായ ടി സിദ്ദിഖ് ഡിസിസിയിൽ ഡിസംബർ 11ന് വാർത്താസമ്മേളനം നടത്തി പറഞ്ഞിരുന്നു.

വയനാട് എംപി പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ ചൂരൽമല — മുണ്ടക്കൈ പുനരധിവാസ പദ്ധതിയുടെ തറക്കല്ലിടൽ ആരംഭിക്കുമെന്നാണ് തദേശ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാനിരിക്കെ കോൺഗ്രസ് നേതാക്കൾ പറഞ്ഞത്. കോൺഗ്രസ് സ്ഥാപക ദിനത്തിൽ പുനരധിവാസ പദ്ധതി സംബന്ധിച്ച് ദുരന്തബാധിതര്‍ക്ക് സഹായം കോൺഗ്രസ് നേതൃത്വം ഉറപ്പ് നൽകിയിരുന്നു. ഇത് പ്രാവർത്തികമാക്കാൻ കഴിഞ്ഞിട്ടില്ല.

പുനരധിവാസ പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങ് നടത്താൻ എവിടെയാണ് ഭൂമി കണ്ടെത്തിയതെന്ന് പോലും പറയാൻ കോൺഗ്രസ് നേതൃത്വത്തിന് ഈ ദിവസം വരെ കഴിഞ്ഞിട്ടില്ല. പുനരധിവാസത്തിന് വാങ്ങുന്ന ഭൂമിക്ക് അഡ്വാൻസ് തുക കൈമാറിയെന്നായിരുന്നു ടി സിദ്ദിഖ് പറഞ്ഞത്. ഈ മാസം തന്നെ രജിസ്ട്രേഷൻ പൂർത്തിയാക്കി, കോൺഗ്രസ് ജന്മദിനത്തിൽ തറക്കല്ലിടൽ നടത്തുമെന്നും പറഞ്ഞിരുന്നു. ടി സിദ്ദിഖിനും കോൺഗ്രസ് നേതൃത്വത്തിനുമെതിരെ കടുത്ത വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.

ഉരുൾ ദുരന്തബാധിതർക്കായി കോൺഗ്രസ് 100, യൂത്ത് കോൺഗ്രസ് 30 എന്നിങ്ങനെ വീടുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനായി പണപ്പിരിവും നടത്തിയിരുന്നു. എത്ര തുക പിരിച്ചുകിട്ടി എന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. പണപ്പിരിവിനായി ഒരു ആപ്പും ഉണ്ടാക്കിയിരുന്നു. ഈ ആപ്പും പിന്നീട് അപ്രത്യക്ഷമായി.

ദുരന്തബാധിതർക്കായി സര്‍ക്കാരിന് പുറമേ വിവിധ സംഘടനകൾ പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിൽ ഭൂരിഭാഗം പദ്ധതികളുടെയും പ്രവൃത്തി പുരോഗമിക്കുയാണ്. സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പിലെ സ്വപ്‌ന ഭവനങ്ങളുടെ അഞ്ച് സോണുകളിലെ നിർമ്മാണ പ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 344 വീടുകൾക്കുള്ള സ്ഥലമൊരുക്കൽ പൂർത്തിയായി. 326 വീടുകളുടെ അടിത്തറയൊരുക്കലും 126 വീടുകളുടെ എർത്ത് വർക്ക്, 305 എണ്ണത്തിന്റെ പ്ലെയിൻ സിമന്റ് കോൺക്രീറ്റ് പ്രവൃത്തികളും പൂർത്തിയായി. ചില സംഘടനകളുടെയും വ്യക്തികളുടെയും പ്രവൃത്തികൾ പൂർത്തിയായിട്ടുമുണ്ട്.

ഈ സാഹചര്യത്തിലാണ് കോൺഗ്രസ് പുനരധിവാസ പദ്ധതി തുടങ്ങാത്തതിൽ വിമർശനം ഉയരുന്നത്.
ഉരുൾ ദുരന്ത മേഖലകളായ മേപ്പാടി പഞ്ചായത്തിലെ ചൂരൽമല — മുണ്ടക്കൈ, അട്ടമല, പുത്തുമല എന്നീ പ്രദേശങ്ങളെല്ലാം യുഡിഎഫ് ശക്തികേന്ദ്രങ്ങളായിരുന്നു. എന്നാൽ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഈ വാർഡുകളിലെല്ലാം എൽഡിഎഫാണ് ജയിച്ചത്. എംപി ഫണ്ടിൽ നിന്ന് പ്രിയങ്കാ ഗാന്ധി പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഫണ്ട് അനുവദിക്കാതിരുന്നതും പ്രതിഷേധത്തിനായി ഇടയാക്കിയിരുന്നു.

ഭവന നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സംസ്ഥാന പ്രസിഡന്റായപ്പോൾ സംസ്ഥാനം മുഴുവൻ പിരിവ് നടത്തി കോടികൾ മുക്കിയതും വാര്‍ത്തയായിരുന്നു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.