4 May 2024, Saturday

Related news

May 3, 2024
May 3, 2024
May 3, 2024
May 3, 2024
May 2, 2024
May 1, 2024
May 1, 2024
April 29, 2024
April 29, 2024
April 29, 2024

മത്സരിക്കുന്നത് ഒരു വനിത; യുഡിഎഫിന്റെ വനിതാ സംവരണം വാചകക്കസര്‍ത്തില്‍ മാത്രം

ടി കെ അനിൽകുമാർ
ആലപ്പുഴ
March 9, 2024 9:22 pm

ലോക്‌സഭയിലും നിയമസഭകളിലും 33 ശതമാനം സംവരണം ഏർപ്പെടുത്തണമെന്ന ആവശ്യമുയരുമ്പോള്‍ യുഡിഎഫില്‍ സ്ത്രീകള്‍ക്കുള്ള അവഗണന തുടരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് ഒരു വനിത മാത്രം. ആകെ സ്ഥാനാര്‍ത്ഥികളില്‍ 2.5 ശതമാനം. അതേസമയം എൽഡിഎഫ് മൂന്ന് വനിതകളെയാണ് മത്സരത്തിനിറക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ട് വനിതകളാണ് യുഡിഎഫിനായി മത്സരിച്ചത്. ആലത്തൂരിൽ രമ്യ ഹരിദാസും ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനും. ഇത്തവണ ഷാനിമോൾ ഉസ്മാനെ ആലപ്പുഴയിൽ വെട്ടിയപ്പോൾ പകരം സ്ഥാനാർത്ഥിയായി വന്നത് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ്.

ആലത്തൂരിൽ മത്സരിക്കുന്ന രമ്യ ഹരിദാസ് മാത്രമാണ് യുഡിഎഫിന്റെ ഏക വനിതാ സ്ഥാനാർത്ഥി. സിപിഐ ദേശിയ എക്സിക്യൂട്ടീവ് അംഗം ആനി രാജ വയനാട്ടിലും സിപിഐ(എം) കേന്ദ്ര കമ്മറ്റിയംഗം കെ കെ ശൈലജ വടകരയിലും കെഎസ്ടിഎ നേതാവ് കെ ജെ ഷൈൻ എറണാകുളത്തും എൽഡിഎഫ് സ്ഥാനാർത്ഥികളായി മത്സരിക്കുന്നു.
കഴിഞ്ഞ നിയമസഭാ തsരഞ്ഞെടുപ്പിലും എൽഡിഎഫ് വനിതകൾക്ക് മികച്ച പ്രതിനിധ്യം നൽകി. 14 സീറ്റുകളിലാണ് വനിതകൾ മത്സരിച്ചത്. ഭൂരിഭാഗം പേരും വിജയിച്ചു. യുഡിഎഫ് 11 വനിതകൾക്ക് സീറ്റ് നൽകിയെങ്കിലും പരമ്പരാഗതമായി പരാജയപ്പെടുന്ന സീറ്റുകളായിരുന്നു ഏറെയും. മന്ത്രിമാരെ നിശ്ചയിച്ചപ്പോഴും എൽഡിഎഫ് ചരിത്രം രചിച്ചു. ജെ ചിഞ്ചുറാണി, ആർ ബിന്ദു, വീണാ ജോർജ് എന്നിവരെ മന്ത്രിമാരാക്കി. കേരള ചരിത്രത്തിൽ ആദ്യമായാണ് മൂന്ന് വനിതാ മന്ത്രിമാർ ഉണ്ടാകുന്നത്.

കേരളത്തിൽ നിന്ന് ഇതുവരെ ലോക്‌സഭയിൽ എത്തിയത് ഒമ്പത് വനിതാ എംപിമാരാണ്. ഇതിൽ ആറും എൽഡിഎഫിൽ നിന്ന്. കോൺഗ്രസിൽ നിന്ന് എംപിമാരായത് രണ്ട് പേർ മാത്രം. സാവിത്രി ലക്ഷ്മണനും രമ്യ ഹരിദാസും. എൽഡിഎഫിൽ നിന്ന് ഭാർഗവി തങ്കപ്പൻ, സുശീലാഗോപാലൻ, എ കെ പ്രേമജം, പി സതീദേവി, പി കെ ശ്രീമതി, സി എസ് സുജാത എന്നിവർ വിവിധ ഘട്ടങ്ങളിൽ ലോക്‌സഭയിലെത്തി. ആദ്യമായി കേരളത്തിൽ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ആനി മസ്ക്രീനായായിരുന്നു. സ്വതന്ത്രയായാണ് അവർ മത്സരിച്ചത്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 65 ശതമാനത്തിലേറെ വനിതാ സ്ഥാനാർത്ഥികളെയാണ് എൽഡിഎഫ് രംഗത്ത് ഇറക്കിയത്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ എന്നിവയിലായി 21,908 ഡിവിഷനുകളില്‍ 11,684 ഡിവിഷനുകളിലും എൽഡിഎഫ് അണിനിരത്തിയത് വനിതകളെ. 2009ലെ എൽഡിഎഫ് സർക്കാരാണ് തദ്ദേശ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള ബിൽ കേരള നിയമസഭയിൽ പാസാക്കി ചരിത്രത്തിൽ ഇടം നേടിയത്. വനിതകൾക്ക് 50 ശതമാനം സംവരണം നൽകുന്ന കേരള പഞ്ചായത്ത് രാജ് ഭേദഗതിബില്ലും കേരള മുനിസിപ്പാലിറ്റി ഭേദഗതി ബില്ലും 2017 സെപ്റ്റംബർ 17ന് സഭ ഐക്യകണ്ഠേന പാസാക്കി.

Eng­lish Sum­ma­ry: Con­gress has only one woman can­di­date in the Lok Sab­ha elections
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.