22 February 2026, Sunday

Related news

February 22, 2026
February 19, 2026
February 16, 2026
February 14, 2026
February 13, 2026
February 12, 2026
February 8, 2026
February 8, 2026
February 7, 2026
February 4, 2026

വോട്ടിനു വേണ്ടി കോൺഗ്രസ് നുണക്കൊട്ടാരമുണ്ടാക്കുന്നു: പന്ന്യൻ രവീന്ദ്രൻ

Janayugom Webdesk
തൃശൂര്‍
February 22, 2026 10:01 pm

കേരളത്തിൽ നുണ പറയാനുള്ള ലൈസൻസുള്ള ഏക പാർട്ടി കോൺഗ്രസാണെന്ന് സിപിഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ. വോട്ടിനു വേണ്ടി നുണകൾക്കൊണ്ട് കൊട്ടാരമുണ്ടാക്കുകയാണ് കോൺഗ്രസും യുഡിഎഫും. റവന്യൂ മന്ത്രി കെ രാജൻ നയിച്ച എൽഡിഎഫ് ഒല്ലൂർ മണ്ഡലം വികസന സന്ദേശ ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നുണ ആവർത്തിച്ചാവർത്തിച്ച് പറഞ്ഞ് സത്യമാക്കാൻ പരിശ്രമിക്കുകയാണ് പ്രതിപക്ഷ നേതാവ്. നുണ പറയുന്ന പ്രതിപക്ഷ നേതാവിന്റേത് രാഷ്ട്രീയമല്ല, കാടത്തമാണ്. കേരളത്തിലെ ദേശീയ പാതകളെല്ലാം കുണ്ടും കുഴിയും നിറഞ്ഞതാണെന്നാണ് ഇന്നലെ പറഞ്ഞ നുണ. ഈ നാട്ടിലെ വികസനം ഇവർ കാണുന്നില്ല. ഇടതു മുന്നണി സർക്കാർ ചെയ്യുന്ന ക്ഷേമ, വികസന പ്രവർത്തനങ്ങൾ ജനങ്ങൾ കാണുന്നുണ്ട്; എന്നാൽ കോൺഗ്രസും ബിജെപിയും അത് അംഗീകരിക്കുന്നില്ല.

അയ്യപ്പനെ കട്ടുകൊണ്ടു പോയി എന്നാണ് കോൺഗ്രസ് പറഞ്ഞ ഒരു നുണ. എന്നിട്ടവർ പാടിയത്, പോറ്റിയെ കേറ്റിയത് സഖാക്കളാണെന്നാണ്. ഹൈക്കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ എസ്ഐടി അന്വേഷിച്ചപ്പോൾ പാട്ട് മാറ്റേണ്ടി വന്നു. പോറ്റിയെ കേറ്റിയത് യുഡിഎഫ് നേതാക്കളാണ് എന്ന് വ്യക്തമായി. ശബരിമലയിൽ മാത്രമല്ല, കെ കരുണാകരനു പോലും കയറാൻ പറ്റാതിരുന്ന കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വീട്ടിൽ വരെ പോറ്റിയെ അവർ കയറ്റി. ഇതിൽ ബിജെപിക്ക് ഒരു ആക്ഷേപവും പറയാനില്ല. കോൺഗ്രസിനും ബിജെപിയോട് ഒരു ശത്രുതയില്ലെന്നും പന്ന്യൻ പറഞ്ഞു. മാടക്കത്തറ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഇന്ദിര മോഹൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സണ്ണി ചെന്നിക്കര സ്വാഗതം പറഞ്ഞു. എൽഡിഎഫ് നേതാക്കളായ എം എം അവറാച്ചൻ, പി ഡി റെജി, വർഗീസ് കണ്ടംകുളത്തി, പ്രസാദ് പാറേരി, കെ ആർ രവി, മാത്യു നൈനാൻ, സി വി ജോസുട്ടി, ഷാജൻ ജോസ്, നിഷാദ് അമ്പലത്ത്, അർജുൻ മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു. ജാഥാ ക്യാപ്റ്റന്‍ മന്ത്രി കെ രാജൻ, മാനേജർ എം എസ് പ്രദീപ്കുമാർ എന്നിവർ സ്വീകരണത്തിന് നന്ദി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.