
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇരയായ യുവതി പരാതി നല്‍കിയതോടെ മുഖം നഷ്ടപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം. ഗുരുതരമായ ആരോപണങ്ങളുയര്‍ന്നിട്ടും, ശബ്ദരേഖയും വാട്സ്ആപ്പ് സന്ദേശങ്ങളുമെല്ലാം പുറത്തുവന്നിട്ടും രാഹുലിനെ സംരക്ഷിക്കുകയായിരുന്നു കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വം. ഒടുവില്‍ സ്വന്തം പാര്‍ട്ടിയിലെ വനിതാ നേതാക്കള്‍ തന്നെ രാഹുലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പരസ്യമായി രംഗത്തുവന്നു.
തുടര്‍ന്നാണ് നില്‍ക്കക്കള്ളിയില്ലാതെ നടപടി എടുത്തുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം കെപിസിസി നടത്തിയത്. പാര്‍ട്ടിയില്‍ നിന്നുള്ള സസ്പെന്‍ഷനില്‍ മാത്രമായി നടപടി ഒതുക്കുകയും എംഎല്‍എ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുകയും ചെയ്ത് തല്‍ക്കാലം പുകമറ സൃഷ്ടിക്കാനുള്ള നീക്കമായിരുന്നു നേതൃത്വത്തിന്റേത്. നടപടി പുകമറയാണെന്നതിനുള്ള കൂടുതല്‍ തെളിവുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാന നേതാക്കള്‍ നടത്തിയ പ്രതികരണങ്ങളിലൂടെ പുറത്തുവന്നിരുന്നു.
കുറച്ചുകാലം മാളത്തിലൊളിച്ച രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ എന്ന നിലയില്‍ പാലക്കാട് സജീവമാക്കി കൊണ്ടുവരാനും ഇതുവഴി പാര്‍ട്ടിയില്‍ തിരിച്ചുകൊണ്ടുവരാനുമുള്ള നീക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് പുതിയ സംഭവവികാസങ്ങള്‍.
രാഹുല്‍ മാങ്കൂട്ടത്തിലിനെ പൂര്‍ണമായും പിന്തുണച്ചുകൊണ്ടുള്ള പ്രതികരണമാണ് മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കഴിഞ്ഞ ദിവസം നടത്തിയത്. സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനം താന്‍ അറിഞ്ഞിട്ടില്ലെന്നും മാങ്കൂട്ടത്തില്‍ നിരപരാധിയാണെന്നും സുധാകരന്‍ പറഞ്ഞു.
പാര്‍ട്ടി നടപടിയെടുത്തുവെന്നും തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ രാഹുല്‍ പങ്കെടുക്കുന്നത് പ്രാദേശിക നേതാക്കള്‍ മറുപടി പറയേണ്ട വിഷയമാണെന്നുമായിരുന്നു മറ്റ് നേതാക്കളുടെ വാദം. രാഹുലിനെതിരെ പൊലീസിന് ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നുള്‍പ്പെടെയാണ് നേതാക്കള്‍ വാദിച്ചത്. ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആദ്യംമുതല്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുകയായിരുന്നു.
തെരഞ്ഞെടുപ്പായതുകൊണ്ടാണ് രാഹുലിന്റെ വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്നും അഴിമതി മറയ്ക്കാനുള്ള നീക്കമാണെന്നുമൊക്കെയാണ് കഴിഞ്ഞ ദിവസം പോലും കോണ്‍ഗ്രസ് നേതാക്കള്‍ വാദിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രംഗത്തുവന്ന ഉമ തോമസ് ഉള്‍പ്പെടെയുള്ള വനിതാ നേതാക്കള്‍ക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് കോണ്‍ഗ്രസിന്റെ സൈബര്‍ ഹാന്‍ഡിലുകളില്‍ നിന്നുണ്ടായത്. ഇതിനെതിരെ ശക്തമായ പ്രതികരണമൊന്നും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ഏറ്റവുമൊടുവില്‍ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി സജന ബി സാജന്‍ രാഹുലിനെതിരെ പ്രതികരണവുമായി രംഗത്തുവന്നപ്പോള്‍ രൂക്ഷമായ ആക്രമണമാണ് കോണ്‍ഗ്രസ് അണികള്‍ ഉയര്‍ത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.