സംഘടനാ തിരഞ്ഞെടുപ്പ് നടത്താൻ കഴിഞ്ഞ ദിവസം നടന്ന കോൺഗ്രസ്സ് പ്രവർത്തക സമിതി യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നു. അധ്യക്ഷ പദവിയിലേക്കുള്ള രാഹുൽ ഗാന്ധിയുടെ തിരിച്ചുവരവും യോഗത്തിൽ ചർച്ചയായിയരിക്കുന്നു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് തിരിച്ചുവരുന്നത് രാഹുൽ ഗാന്ധി പരിഗണിക്കുമെന്ന് ലഭിക്കുന്ന റിപ്പോർട്ട്. എ.കെ.ആന്റണിയും, പഞ്ചാബ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാർ തുടങ്ങിയവർ യോഗത്തിൽ രാഹുൽ ഗാന്ധി അധ്യക്ഷപദവി ഏറ്റെടുക്കണമെന്ന് നിർബന്ധിക്കുകയും തുടർന്ന് ചർച്ചയിൽ ഉയർന്ന ആവശ്യം പരിഗണിക്കാമെന്ന് രാഹുൽ സമ്മതിച്ചുവെന്നുമാണ് ലഭിക്കുന്ന വിവരം. അടുത്ത വർഷം സെപ്റ്റംബറോടെ പൂർണതോതിൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്താൻ പ്രവർത്തകസമിതി യോഗത്തിൽ തീരുമാനിച്ചു. എന്നാല്‍ സംഘടനാ തിരഞ്ഞെടുപ്പ് പാര്‍ട്ടി സംസ്ഥാന ഘടകത്തില്‍ വലിയ തരത്തില്‍ ചര്‍ച്ചയാകാനാണ് സാധ്യത. നിലവിലുള്ള കെപിസിസി അദ്ധ്യക്ഷന്‍ കെ.സുധാകരനെതിരെ ഗ്രൂപ്പുകള്‍ സജീവമായി രംഗത്ത് നില്‍ക്കുമ്പോള്‍ കേരളത്തില്‍ അതു പുതിയ പോര്‍മുഖമാണ് സൃഷ്ടിക്കുന്നത്. സംസ്ഥാനങ്ങളിൽ ബൂത്തുതലം മുതൽ പിസിസി വരെ തിരഞ്ഞെടുപ്പ് നടത്താൻ എഐസിസി തീരുമാനിച്ചുകഴിഞ്ഞു. പാർട്ടി അംഗത്വമുള്ള ആർക്കും മത്സരിക്കാം. ഇത്തരമൊരു സാഹടര്യത്തില്‍ കേരളത്തിനും കേന്ദ്രത്തിനൊപ്പം നില്‍ക്കേണ്ട സാഹചര്യമാണുള്ളത്.
കേരളത്തിൽ നിലവിലെ പിസിസി പ്രസിഡന്റ് കെ. സുധാകരൻ അടക്കം സംഘടനാ തിരഞ്ഞെടുപ്പിനെ നേരിടേണ്ടി വരും. സുധാകരന്റെ നേതൃത്വത്തിനെതിരെ എ, ഐ ഗ്രൂപ്പുകൾ സ്വന്തം സ്ഥാനാർത്ഥികളെ രംഗത്തിറക്കും എന്ന കാര്യത്തില്‍ സംശയില്ല. കേരളത്തില്‍ അവസാനായി കെപിസിസി അദ്ധ്യക്ഷനെ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ എ.കെ ആന്‍റണിയും, വയലാര്‍ രവിയും തമ്മിലാണ് മത്സരിച്ചത് . വയലാര്‍ രവി വിജയിച്ചു. എന്നാല്‍ അന്നത്തെ സാഹചര്യമല്ല. എ ഐ ഗ്രൂപ്പുകള്‍ ഒന്നിച്ചാണ്. പ്രതിപക്ഷനേതാവ്, കെപിസിസി അദ്ധ്യക്ഷന്‍, വര്‍ക്കിംഗ് പ്രസിഡന്‍റുമാര്‍ എന്നിവരെ നിയമിച്ച ഹൈക്കമാന്‍ഡ് ഗ്രൂപ്പുകളെ അംഗീകരിച്ചില്ല. മുറിവേറ്റിരിക്കുകയാണ് ഗ്രൂപ്പുകള്‍.
ഇത്തരമൊരു സാഹചര്യത്തില്‍ എ, ഐ ഗ്രൂപ്പുകൾ താഴെത്തട്ടിൽ പരസ്പരം മൽസരിച്ചാലും കെപിസിസി പ്രസിഡന്റ് പദവിയിലേയ്ക്ക് പൊതുസ്ഥാനാർത്ഥിയെ നിർത്താനുള്ള സാധ്യതകളാണ് കാണുന്നത്. വിജയം ഉറപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ മൽസരരംഗത്ത് നിന്ന് സുധാകരൻ പിന്മാറാനുള്ള സാധ്യതകളുമുണ്ട്.കേരളത്തിൽ ബ്ലോക്ക് കമ്മിറ്റികൾ ഒഴിവാക്കി നിയോജകമണ്ഡലം കമ്മിറ്റികൾ കൊണ്ടുവരാനുള്ള കെപിസിസി നേതൃത്വത്തിന്റെ ശ്രമത്തിന് ഒരു തിരിച്ചടി കൂടിയായിരിക്കും സംഘടനാ തെരഞ്ഞെടുപ്പ്. കോൺഗ്രസ് ഭരണഘടന പ്രകാരം ബ്ലോക്ക് കമ്മിറ്റികളാണുള്ളത്. ബ്ലോക്ക് കമ്മിറ്റികളുടെ അടിസ്ഥാനത്തിൽ അഖിലേന്ത്യതലത്തിൽ തെരഞ്ഞെടുപ്പ് നടത്തുമ്പോൾ കേരളത്തിന് മാത്രം നിയോജകമണ്ഡലം കമ്മിറ്റിയെന്ന് പറഞ്ഞ് എങ്ങനെ ഒഴിഞ്ഞുനിൽക്കാൻ കഴിയുമെന്ന ചോദ്യവും ഉയരുന്നുണ്ട്.
എന്തായാലും കേരളത്തിൽ ഇപ്പോൾ നിലവിൽ വരുന്ന ഡിസിസികൾക്കും കെപിസിസി ഭാരവാഹികൾക്കും ഏതാനും മാസം മാത്രമായിരിക്കും ആയുസ്. ഈ ഡിസംബറിനുള്ളിൽ നിയോജക മണ്ഡലം, മണ്ഡലം, ബൂത്ത്, യൂണിറ്റ് കമ്മിറ്റികൾ പുനഃസംഘടിപ്പിക്കാൻ രാഷ്ട്രീയകാര്യസമിതി തീരുമാനമെടുത്തിരുന്നു. ഇനി എന്തായാലും സംഘടനാ തെരഞ്ഞെടുപ്പിനൊപ്പം മതി നേതൃമാറ്റം എന്ന് തീരുമാനിക്കാനാകും സാധ്യത.എന്തായാലും കോൺഗ്രസിൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചതോടെ, കേരളത്തിലടക്കം വാശിയേറിയ പോരാട്ടത്തിനു കളമൊരുങ്ങുകയാണ്. 2017ലെ കണക്കുപ്രകാരം രാജ്യത്തുടനീളം 8,86,358 ബൂത്ത് കമ്മിറ്റികളാണു കോൺഗ്രസിലുള്ളത്. ഇതിലേക്കുള്ള ഭാരവാഹികളെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പാണ് ആദ്യം നടക്കുക. ആകെയുള്ള ബ്ലോക്ക് കമ്മിറ്റികൾ 9531. ജില്ലാ (ഡിസിസി)/ സിറ്റി കമ്മിറ്റികൾ 931.
ആകെയുള്ള പിസിസി അംഗങ്ങൾ 12,441. എഐസിസി അംഗങ്ങൾ 2430. കേരളത്തിൽനിന്ന് 65 എഐസിസി അംഗങ്ങളാണുള്ളത്. എംപിമാർ എഐസിസി അംഗങ്ങളാണെന്നതിനാൽ, രാഹുൽ ഗാന്ധിയെ കേരളത്തിൽനിന്നുള്ള എഐസിസി അംഗമായി പരിഗണിക്കും. .സംഘടനാ തിരഞ്ഞെടുപ്പു നടത്തിപ്പിനായി സംസ്ഥാനതലങ്ങളിൽ വൈകാതെ കമ്മിറ്റികൾക്കു രൂപം നൽകും. പുതിയ ദേശീയ പ്രസിഡന്റിനെ തിരഞ്ഞെടുത്ത ശേഷം 24 അംഗ പ്രവർത്തക സമിതിയെ തീരുമാനിക്കാൻ അടുത്ത സെപ്റ്റംബർ അവസാനമോ ഒക്ടോബറിലോ പ്ലീനറി സമ്മേളനം ചേരും. സമിതിയിൽ 12 അംഗങ്ങളെ പ്രസിഡന്റ് നാമനിർദ്ദേശം ചെയ്യും. ബാക്കിയുള്ളവരെ തിരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കും.2017ൽ കോൺഗ്രസ് അധ്യക്ഷനായിരുന്ന രാഹുൽ ഗാന്ധി, 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയോടെ അധ്യക്ഷ സ്ഥാനം രാജിവെക്കുകയായിരുന്നു.
തുടർന്ന് സോണിയ ഗാന്ധിയെ താൽക്കാലിക പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ശേഷം പല സന്ദർഭത്തിലും അധ്യക്ഷ സ്ഥാനത്തേക്ക് രാഹുലിന്റെ പേര് ഉയർന്ന വന്നെങ്കിലും അദ്ദേഹം വിസമ്മതിക്കുകയായിരുന്നു. എന്നാൽ ഇന്ന് നടന്ന യോഗത്തിൽ നേതാക്കളുടെ ആവശ്യത്തോട് അനുകൂലമായാണ് അദ്ദേഹം പ്രതികരിച്ചത്. അതേസമയം, കോൺഗ്രസിന് ഒരു മുഴുവൻ സമയ പ്രസിഡന്റില്ലെന്ന് ആരോപണമുന്നയിച്ച ജി23 നേതാക്കൾക്കുള്ള മറുപടിയായി താൻ പാർട്ടിയുടെ മുഴുവൻ സമയ പ്രസിഡന്റ് തന്നെയാണെന്ന് സോണിയ ഗാന്ധി പ്രവർത്തകസമിതി യോഗത്തിൽ പറയുകയുണ്ടായി. ആർക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് തന്നോട് നേരിട്ടാവാം എന്നും മാധ്യമങ്ങളിലൂടെ തന്നോട് സംസാരിക്കേണ്ട എന്നും കടുത്ത ഭാഷയിൽ സോണിയ മറുപടി നൽകിയിരുന്നു.
English Summary : congress party elections may lead to new warfront in kerala
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.