27 May 2024, Monday

Related news

May 17, 2024
May 15, 2024
May 13, 2024
May 12, 2024
May 12, 2024
May 11, 2024
May 10, 2024
May 9, 2024
May 9, 2024
May 9, 2024

മൃദുഹിന്ദുത്വം വിടാതെ കോണ്‍ഗ്രസ്

Janayugom Webdesk
റായ്‍പൂര്‍
February 26, 2023 11:30 pm

അധികാരത്തിലെത്തിയാൽ ഒബിസി വിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്നും ജാതി സെൻസസ് നടത്തുമെന്നും കോൺ​ഗ്രസ് പ്ലീനറി സമ്മേളനം. മോഡിയുടെ ചങ്ങാത്ത മുതലാളിത്തം രാജ്യത്തെ അപകടത്തിലാക്കിയെന്നും അതിനെതിരെ സമാനചിന്താഗതിക്കാരായ പാര്‍ട്ടികളുടെ ഐക്യം വേണമെന്നും ആഹ്വാനം ചെയ്ത പ്രമേയം പക്ഷേ, ഹിന്ദുത്വവല്‍ക്കരണത്തിനെതിരെ മൗനം പാലിച്ചു. തങ്ങള്‍ തുടങ്ങിവച്ച നവഉദാരവല്‍ക്കരണ നയങ്ങള്‍ വഴി വളര്‍ന്ന ചങ്ങാത്തമുതലാളിത്തം അവസാനിപ്പിക്കുമോ എന്ന കാര്യവും പ്രമേയത്തിലില്ല. ദുർബലരുടെ അന്തസ് സംരക്ഷിക്കാൻ രോഹിത് വെമുല നിയമം പ്രാവർത്തികമാക്കുമെന്നും വനിതാ കമ്മിഷന് ഭരണഘടന പദവി നൽകുമെന്നും പ്രമേയത്തിൽ പറയുന്നുണ്ട്. മദ്യപിക്കുന്നതിന് പ്രവർത്തകർക്ക് ഏർപ്പെടുത്തിയ വിലക്കിൽ നേരിയ ഇളവ് നല്‍കി. മദ്യം ഉപയോഗിക്കരുതെന്ന പാർട്ടി ഭരണഘടനയിലെ വ്യവസ്ഥ ഒഴിവാക്കിയെങ്കിലും മറ്റു ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിൽ വിലക്ക് തുടരുമെന്ന് പാർട്ടി വ്യക്തമാക്കി. 

ഭാരത് ജോഡോ യാത്രയ്ക്കു ശേഷം മറ്റൊരു യാത്രയ്ക്ക് കോൺഗ്രസ് പദ്ധതിയിടുന്നു. രാജ്യത്തിന്റെ കിഴക്കു നിന്ന് പടിഞ്ഞാറോട്ടുള്ള യാത്രയാണ് പദ്ധതിയിടുന്നത്. അരുണാചലിലെ പസിഘട്ടിൽ നിന്ന് ഗുജറാത്തിലെ പോർബന്തറിലേക്കാണ് യാത്ര. പദയാത്ര തന്നെയാണ് ഉദ്ദേശിക്കുന്നതെങ്കിലും ജോഡോ യാത്രപോലെ ബൃഹത്തായ ഒന്നായിരിക്കില്ല. ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നവംബറിന് മുമ്പ് യാത്ര തുടങ്ങാനാണ് പദ്ധതിയിടുന്നത്.
നാല് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിന് സജ്ജമാവാൻ അണികള്‍ക്ക് സമ്മേളനം ആഹ്വാനം നല്‍കി. രാജസ്ഥാൻ, കർണാടക, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകൾ അതി നിർണായകമാണെന്ന് പ്ലീനറി സമ്മേളനം ചൂണ്ടിക്കാട്ടി. ഈ തെരഞ്ഞെടുപ്പുകളിലെ ഫലം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നിർണായകമാവുമെന്നും ഇതിൽ വിജയിക്കാനായാൽ പാർട്ടിയുടെ പ്രതാപം തിരിച്ചു പിടിക്കാനാവുമെന്നുമാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.
മോഡി-അഡാനി വിഷയം രാഹുൽ ഗാന്ധി ആവർത്തിച്ചു. പാർലമെന്റിൽ അഡാനിയെക്കുറിച്ചു സംസാരിക്കുമ്പോൾ സര്‍ക്കാരിലെ എല്ലാ മന്ത്രിമാരും പ്രതിരോധിക്കുകയാണ്. അഡാനിയെ ചോദ്യം ചെയ്യുന്നവർ രാജ്യദ്രോഹികളായി ചിത്രീകരിക്കപ്പെടുന്നു. സത്യം പുറത്തു വരുന്നതു വരെ അഡാനിയെക്കുറിച്ചുള്ള ചോദ്യങ്ങൾ പാർലമെന്റില്‍ തുടരുമെന്നും രാഹുൽ വ്യക്തമാക്കി. 

താഴേത്തട്ട് മുതൽ പ്രസ്ഥാനം ശക്തിപ്പെടണമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. പ്രവർത്തകർ ഗ്രാമങ്ങളിലേക്ക് പോകണം. ഭാരത് ജോഡോ യാത്രയുടെ വികാരം പ്രവർത്തകർക്ക് ഊർജമാകണം. ‘ഒരു വർഷം മാത്രമാണ് നമുക്ക് മുന്നിലുള്ളത്. പ്രതിപക്ഷത്തിന് ഒന്നിച്ചുനിൽക്കാൻ കഴിയുമെന്നാണ് പൊതുവെയുള്ള പ്രതീക്ഷ. ബിജെപിയുടെ ആശയങ്ങളെ എതിർക്കുന്ന എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ചുനിൽക്കുകയും ഒന്നിച്ചു പോരാടുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്‘പ്രിയങ്ക പറഞ്ഞു. വൈകുന്നേരം പൊതുസമ്മേളനത്തോടെയാണ് പ്ലീനറി സമ്മേളനം അവസാനിച്ചത്.

Eng­lish Summary;congress plenary
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.