26 June 2024, Wednesday
KSFE Galaxy Chits

Related news

June 22, 2024
June 14, 2024
June 12, 2024
June 11, 2024
June 11, 2024
June 10, 2024
June 10, 2024
June 9, 2024
June 8, 2024
June 8, 2024

കേരളത്തിലെ കോൺഗ്രസ് പുനഃസംഘടന താരിഖ് അൻവറിന്റെ തലയിൽ വെച്ച് സോണിയാഗാന്ധി കൈകഴുകി

Janayugom Webdesk
കൊച്ചി
August 19, 2021 4:00 pm

ഡിസിസി അധ്യക്ഷന്മാരെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍നിന്നുയരുന്ന പരാതികളില്‍ മനം മടുത്തു പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി. പട്ടികയുടെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ഹൈക്കമാന്‍ഡിന് നല്‍കിയ പരാതികളിലാണ് സോണിയാഗാന്ധി നിലയില്ലാ കയത്തിലായത് .ഇക്കാര്യത്തില്‍വ്യക്തത വരുത്താൻ  കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനെ ചുമതലപ്പെടുത്തി.
ആരെയും പിണക്കാതെ മുന്നോട്ടുപോകണമെന്ന നിര്‍ദ്ദേശമാണ് സോണിയ പൊതുവായി മുന്നോട്ടുവെച്ചിരിക്കുന്നത്. കേരളത്തിന്റെ കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണെന്ന് താരിഖ് അന്‍വര്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും കെസി വേണുഗോപാലും ചേര്‍ന്ന് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം മാനിക്കാതെ ഡിസിസി പട്ടിക തയ്യാറാക്കി സമര്‍പ്പിച്ചു എന്നാണ് പാര്‍ട്ടിയിലെ എ,ഐ ഗ്രൂപ്പുകളുടെ പൊതുവികാരം. കൂടിയാലോചനകള്‍ നടത്തിയിട്ടില്ലെന്നും തങ്ങള്‍ നിര്‍ദ്ദേശിച്ച നോമിനികളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും കാണിച്ച് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഹൈക്കമാന്‍ഡിന് വ്യത്യസ്ത പരാതികള്‍ നല്‍കിയിരുന്നു.പാര്‍ട്ടി നേതൃത്വം ഹൈക്കമാന്‍ഡിന് നല്‍കിയിരിക്കുന്ന ഡിസിസി സാധ്യതാ പട്ടികയിലെ പേരുകളെ ചൊല്ലിയാണ് വിയോജിപ്പ് രൂക്ഷമാവുന്നത്. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നിര്‍ദ്ദേശിച്ച പേരുകള്‍ ഉള്‍പ്പെടുത്താത്തതിലാണ് പരാതികളുയരുന്നത്. വിഡി സതീശനും കെസി വേണുഗോപാലും തീരുമാനിച്ച പേരുകള്‍ മാത്രമാണ് ഹൈക്കമാന്‍ഡിന് നല്‍കിയിരിക്കുന്നതെന്നാണ് ആരോപണം. കോട്ടയത്തും ആലപ്പുഴയിലും ഇതുവരെ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമായിരുന്നു ജില്ലാ നേതൃത്വങ്ങളിലേക്ക് അന്തിമ തീരുമാനമെടുക്കാറുണ്ടായിരുന്നത്. ആലപ്പുഴയില്‍ ഇത്തവണ ബാബു പ്രസാദിന്റെ പേര് ചെന്നിത്തല നിര്‍ദ്ദേശിച്ചെങ്കിലും കെസി വേണുഗോപാല്‍ എംജെ ജോബിന്റെ പേരുകൂടി പട്ടികയില്‍ ചേര്‍ത്തു. കോട്ടയത്ത് ഉമ്മന്‍ ചാണ്ടി മൂന്നിലേറെ പേരുകള്‍ നോമിനേറ്റ് ചെയ്തെങ്കിലും ഹൈക്കമാന്‍ഡിന് പട്ടിക നല്‍കുന്നതിന് മുമ്പ് ആലോചിച്ചില്ലെന്നാണ് പരാതി. ഹൈക്കമാന്‍ഡിന് കൈമാറിയിരിക്കുന്ന സാധ്യതാ പട്ടികയില്‍ മിക്ക ജില്ലകളിലും സതീശനെയും വേണുഗോപാലിനെയും പിന്തുണയ്ക്കുന്നവരാണെന്നാണ് എ,ഐ ഗ്രൂപ്പുകള്‍ ഒരുപോലെ ആരോപിക്കുന്നത്.

നേതൃമാറ്റത്തിന് പിന്നാലെ പാര്‍ട്ടിയില്‍ തങ്ങളെ അപ്രസക്തരാക്കുകയാണെന്ന പരാതി ചെന്നിത്തലയ്ക്കും ഉമ്മന്‍ ചാണ്ടിക്കുമുണ്ട്. ഇതിന് ആക്കം കൂട്ടിയാണ് ഇപ്പോഴത്തെ വിവാദങ്ങളും ഉടലെടുത്തിരിക്കുന്നത്. പുനഃസംഘടനാ ചര്‍ച്ചകളില്‍ പരിഗണന ലഭിക്കുന്നില്ലെന്ന് ഇരുനേതാക്കളും ഹൈക്കമാന്‍ഡിനോട് പരാതിപ്പെട്ടിട്ടുണ്ട്. ഡിസിസി പട്ടികയില്‍ ഇരുവരും പേരുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും പാനലില്‍ പരിഗണനയുണ്ടായിട്ടില്ലെന്നാണ് പ്രധാന ആക്ഷേപം. ഡല്‍ഹിയിലെ അന്തിമഘട്ട ചര്‍ച്ചയിലേക്കും ഇരുവര്‍ക്കും ക്ഷണമുണ്ടായിരുന്നില്ല. എന്നാല്‍, ഡല്‍ഹിയിലെ ചര്‍ച്ചകളില്‍ കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും പങ്കെടുക്കുന്നതാണ് കീഴ് വഴക്കമെന്നു സതീശനെ പിന്തുണയ്ക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ ചര്‍ച്ചയ്ക്കിടെ ഡിസിസി പട്ടിക ഉടന്‍ നല്‍കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെടുകയായിരുന്നെന്നും ഇവര്‍ പറയുന്നു.

കോണ്‍ഗ്രസ് പുനസംഘടനയില്‍നിന്നും ഒഴിവാക്കുന്നെന്ന ആരോപണമുന്നയിച്ച് കൂടുതല്‍ നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തെത്തിയത് നിലവിലുള്ള നേതാക്കെളെ പ്രതിസന്ധിയിലാക്കി .പുനഃസംഘടനയുമായി ബന്ധപ്പെട്ട പരാതികള്‍ വ്യക്തമാക്കി രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിന് കത്ത് നല്‍കി. കെ സുധാകരന്‍ തെറ്റിദ്ധരിപ്പിച്ചെന്നും കൂടിയാലോചനകള്‍ ഇല്ലാതെയാണ് തീരുമാനങ്ങളെടുക്കുന്നതെന്നുമാണ് ചെന്നിത്തലയുടെ ആരോപണം. ഡിസിസി പട്ടികയോട് യോജിപ്പില്ലെന്നും അദ്ദേഹം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്.യിരരുന്നു.
ചില കാര്യങ്ങളില്‍ തര്‍ക്കങ്ങളുണ്ടെന്ന് തുറന്നുസമ്മതിച്ച കെ മുരളീധരന്‍ എംപി മുതിര്‍ന്ന നേതാക്കളെ വിശ്വാസത്തിലെടുക്കണമെന്ന ആവശ്യമാണ് മുന്നോട്ടുവെച്ചത്. സുധാകരന്‍ മുന്‍ കെപിസിസി അധ്യക്ഷന്മാരെ മൊത്തമായി തഴയുകയാണെന്നാണ് വിഎം സുധീരന്റെ ആക്ഷേപം. രാഷ്ട്രീയകാര്യ സമിതി യോഗത്തിന് മുമ്പ് ചേര്‍ന്ന നേതൃയോഗങ്ങളില്‍നിന്ന് താനുള്‍പ്പെടെയുള്ള മുന്‍ കെപിസിസി അധ്യക്ഷന്മാര്‍ തഴയപ്പെട്ടു. ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക തയ്യാറാക്കുന്ന ഒരുഘട്ടത്തിലും തന്നോട് ഉത്തരവാദിത്വപ്പെട്ടവര്‍ യാതൊരു തരത്തിലുള്ള ആശയവിനിമയവും നടത്തിയിട്ടില്ല. മാധ്യമങ്ങളില്‍ക്കൂടിയാണ് ഇക്കാര്യം അറിഞ്ഞതെന്നും സുധീരന്‍ കുറ്റപ്പെടുത്തിയിരുന്നു.

You may also like this video:

TOP NEWS

June 26, 2024
June 26, 2024
June 26, 2024
June 26, 2024
June 26, 2024
June 26, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.