വര്‍ഗീയ അജണ്ടയുയര്‍ത്തി ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളെ നേരിടാനുറച്ച് കോണ്‍ഗ്രസ്. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന വികസന‑ക്ഷേമ പ്രവര്‍ത്തനങ്ങളെ മറികടക്കാന്‍ പതിവ് വ്യാജപ്രചാരണങ്ങള്‍ കൊണ്ടാകില്ലെന്ന് തിരിച്ചറിഞ്ഞാണ് മതത്തെ കൂട്ടുപിടിച്ച് പ്രചാരണം നടത്താനുള്ള തീരുമാനം.
ഇന്നലെ നടന്ന കെപിസിസി എക്സിക്യൂട്ടീവ് യോഗത്തിലും ബുധനാഴ്ച നടന്ന രാഷ്ട്രീയകാര്യസമിതിയിലും വിഷയം ചര്‍ച്ച ചെയ്താണ് സംസ്ഥാന സര്‍ക്കാരിനെതിരെ പോരാട്ടത്തിനിറങ്ങാന്‍ തീരുമാനിച്ചത്. ശബരിമലയും ഗണപതിയുമായി ബന്ധപ്പെട്ട വിവാദവും നാമജപഘോഷയാത്രയും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാകണം ഇനിയുള്ള ദിവസങ്ങളിലെ പ്രചാരണമെന്നാണ് യോഗങ്ങളിലെ തീരുമാനം. ഇതുവഴി ഹിന്ദു വോട്ടുകള്‍ സമാഹരിക്കാമെന്നാണ് പ്രതീക്ഷ.
മുസ്ലിം, ക്രിസ്ത്യന്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനും മതവുമായി ബന്ധപ്പെട്ട വിഷയങ്ങളും വിവാദങ്ങളും ഉയര്‍ത്തണമെന്നാണ് കെപിസിസിയുടെ നിര്‍ദേശം. കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഈശ്വര നിഷേധവും വിശ്വാസത്തിന് എതിരായ നിലപാടുമാണുള്ളതെന്ന പ്രചരണത്തിലൂന്നി മുന്നോട്ടുപോകാനാണ് തീരുമാനം.
പുനഃസംഘടനയുള്‍പ്പെടെ എങ്ങുമെത്താതെ നില്‍ക്കുന്ന സാഹചര്യത്തില്‍, സംഘടനാപരമായി ദുര്‍ബലമാണെന്ന് സ്വയം തിരിച്ചറിഞ്ഞുകൊണ്ടായിരുന്നു രണ്ട് ദിവസങ്ങളിലായി നടന്ന ചര്‍ച്ചകള്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയം നേടാനായില്ലെങ്കില്‍ പാര്‍ട്ടിയുടെയും യുഡിഎഫിന്റെയും സ്ഥിതി വളരെ ദയനീയമായിരിക്കുമെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തിയുള്ള പ്രചാരണങ്ങള്‍ വിലപ്പോകുന്നില്ലെന്ന തിരിച്ചറിവും നേതൃത്വത്തിനുണ്ട്.
കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള എല്‍ഡിഎഫ് പ്രതിഷേധങ്ങളിലും ക്യാമ്പയിനുകളിലും ഒരു കാരണവശാലും പങ്കുചേരരുതെന്ന് കെപിസിസി കര്‍ശന നിര്‍ദേശം നല്‍കി. സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള കേന്ദ്രത്തിന്റെ നീക്കങ്ങള്‍ക്കെതിരെപ്പോലും, സംയുക്ത സമ്മേളനങ്ങളോ സമരങ്ങളോ നടത്തരുതെന്നും നിര്‍ദേശിച്ചു. ഈ മാസം 19 മുതൽ നവംബര്‍ ഏഴ് വരെ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും സംയുക്തമായി ജില്ലാപര്യടനങ്ങൾ നടത്തും. ജനുവരി-ഫെബ്രുവരി മാസങ്ങളിലായി കെപിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കേരള ജാഥ നടത്താനും തീരുമാനിച്ചു.
രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനഗേലുവിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസിന്റെ പുതിയ തീരുമാനങ്ങള്‍. എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ തുടങ്ങിയ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.
English Summary: Congress says religious sentiment is enough for Lok Sabha election campaign
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.