6 January 2026, Tuesday

Related news

December 27, 2025
December 11, 2025
October 25, 2025
October 22, 2025
October 15, 2025
September 25, 2025
September 24, 2025
September 17, 2025
September 14, 2025
September 3, 2025

തദ്ദേശ തിരഞ്ഞെടുപ്പില്‍ സുരേഷ്ഗോപിക്കും, കുടുംബത്തിനും വോട്ട് തിരുവനന്തപുരത്തെന്ന് കോണ്‍ഗ്രസ്

Janayugom Webdesk
തൃശൂര്‍
September 3, 2025 12:47 pm

തദ്ദേശ തിരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും കുടുംബത്തിനും വോട്ട് തിരുവനന്തപുരത്തെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിക്കാനായി മാത്രമായി സുരേഷ് ഗോപി തൃശൂരിലേക്ക് വോട്ട് മാറ്റിയെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ അനില്‍ അക്കര പറഞ്ഞു. ഇന്നലെയാണ് തദ്ദേശ തിരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍ പട്ടിക പുറത്തുവന്നത്. ബിഹാറില്‍ രാഹുല്‍ ഗാന്ധി ഉയര്‍ത്തിവിട്ട വോട്ട് കൊള്ള ആരോപണക്കൊടുങ്കാറ്റിന്റെ ചുവടുപിടിച്ചാണ് തൃശ്ശൂരിലും വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണം ഉയര്‍ന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ സുരേഷ് ഗോപിയും കുടുംബവും തൃശൂരിലേക്ക് വോട്ടുകള്‍ മാറ്റിയെന്നായിരുന്നു എല്‍ഡിഎഫും യുഡിഎഫും ഉന്നയിച്ച ആരോപണം. ജയിക്കാന്‍ സാധ്യതയുള്ള സീറ്റുകളില്‍ കശ്മീരില്‍ നിന്ന് വരെ ആളുകളെ കൊണ്ടുവന്ന് വോട്ട് ചെയ്യിക്കുമെന്ന് പറഞ്ഞുകൊണ്ട് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ ഈ ആരോപണത്തെ പ്രതിരോധിക്കാന്‍ ശ്രമിച്ചതും ഏറെ ചര്‍ച്ചയായിരുന്നു. അതിന് പിന്നാലെയാണ് അനില്‍ അക്കര ഒരു പടികൂടി കടന്ന് സുരേഷ് ഗോപിയുടെ തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടും ചര്‍ച്ചയ്ക്ക് വിധേയമാക്കിയിരിക്കുന്നത്. 

വോട്ടര്‍ പട്ടിക ക്രമക്കേടെന്ന പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നതിന് ഇടയില്‍ക്കൂടിയാണ് ആരോപണവുമായി അനില്‍ അക്കര രംഗത്തെത്തിയിരിക്കുന്നത്. സുരേഷ് ഗോപിക്കും കുടുംബത്തിനും തിരുവനന്തപുരം ശാസ്തമംഗലത്താണ് വോട്ടെന്ന് തെളിയിക്കുന്ന രേഖകളും അനില്‍ അക്കര പുറത്തുവിട്ടിട്ടുണ്ട്. ശാസ്തമംഗലത്തെ 41-ാം വാര്‍ഡിലാണ് സുരേഷ് ഗോപിക്കും കുടുംബത്തിനും വോട്ട്. അങ്ങനെയിരിക്കെ തൃശൂരിലേക്ക് വോട്ടുമാറ്റിയത് ചട്ടവിരുദ്ധമാണ്. സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടെ തെറ്റിദ്ധാരണ പരത്തിയെന്നും സുരേഷ് ഗോപിക്കെതിരെ നടക്കുന്ന അന്വേഷണത്തില്‍ നിര്‍ണായകമായി തദ്ദേശ തിരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍ പട്ടിക മാറുമെന്നും അനില്‍ അക്കര കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.