
പേരാമ്പ്രയിൽ സംഘർഷമുണ്ടാക്കാൻ കോൺഗ്രസ് പ്രവർത്തകർ ബോധപൂർവം ശ്രമിച്ചതിന്റെ തെളിവുകൾ പുറത്ത്. പ്രവർത്തകർ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പൊലീസിനുനേരെ സ്ഫോടക വസ്തു എറിയുന്നതും വലിയ കല്ലുകളുമായി പ്രകടനത്തിനെത്തുന്നതും വടി ഉപയോഗിച്ച് അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സര്‍ക്കാരിനെതിരായ പ്രചരണങ്ങളെല്ലാം പരാജയപ്പെട്ട സാഹചര്യത്തിലാണ് കോൺഗ്രസ് അക്രമത്തിന്റെ പാതയിലേക്ക് നീങ്ങുന്നത്. മുതിർന്ന നേതാക്കള്‍ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതും തുടരുകയാണ്. ഭരണം മാറുമെന്നും അധികാരത്തിലേറിയാൽ തിരിച്ചടി നൽകുമെന്നുമാണ് ഭീഷണി. ലൈംഗികാരോപണങ്ങളെത്തുടർന്ന് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടി സ്വീകരിക്കേണ്ടിവന്നത് ഷാഫി പറമ്പിലിന് വലിയ തിരിച്ചടിയായിരുന്നു. ആരോപണങ്ങൾ ഷാഫിക്ക് നേരെയും ഉയരുന്ന സാഹചര്യത്തിലാണ് പ്രതിച്ഛായ വർധിപ്പിക്കാനുള്ള കുതന്ത്രങ്ങൾ ആരംഭിച്ചത്.
കോൺഗ്രസുകാർക്ക് പുറമെ ലീഗ് ക്രിമിനലുകളെ ഉൾപ്പെടെ അണിനിരത്തിയാണ് പേരാമ്പ്രയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചത്. ഷാഫിയെ മർദിച്ചുവെന്ന് പ്രചരിപ്പിച്ച് സംസ്ഥാന വ്യാപക അക്രമ സമരങ്ങൾ സംഘടിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ രാഹുലിനെ പൊതുവേദികളിൽ സജീവമാക്കാനുള്ള പദ്ധതിയും ഷാഫി നടത്തുന്നു. രാഹുൽ കോഴിക്കോട്ടെത്തി ഷാഫിയെ സന്ദർശിക്കുകയും മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തിരുന്നു. പേരാമ്പ്ര സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം എംപിക്കെതിരെ നടന്ന പൊലീസ് നടപടിയിൽ ദുരൂഹതയുണ്ടെന്ന് റൂറൽ എസ്‌പി കെ ഇ ബൈജു പറഞ്ഞു. പൊലീസിലെ ചിലർ പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചതായി സംശയിക്കുന്നതായാണ് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ ദിവസം കെ ഇ ബൈജുവിനെയും ഡിവൈഎസ്‌പി സുനിലിനെയും ഉൾപ്പെടെ വെല്ലുവിളിച്ചായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രംഗത്തുവന്നത്. പേരാമ്പ്ര ഡിവൈഎസ് പി സുനിൽ, വടകര ഡിവൈഎസ് പി ഹരിദാസൻ എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.