19 December 2024, Thursday
KSFE Galaxy Chits Banner 2

യാഥാസ്ഥിതിക ചിന്തകളെ തളയ്ക്കണം

Janayugom Webdesk
May 13, 2022 5:00 am

യാഥാസ്ഥിതിക, പിന്തിരിപ്പന്‍ മനോഭാവമുള്ള പണ്ഡിതരും പുരോഹിതരും എത്രയെല്ലാം അടിച്ചമര്‍ത്തുവാന്‍ ശ്രമിച്ചിട്ടും വേലിക്കെട്ടുകള്‍ തകര്‍ത്ത് ശാസ്ത്ര, സാങ്കേതിക, സാഹിത്യ മേഖലകളുള്‍പ്പെടെയുള്ള ഉന്നത രംഗത്തേയ്ക്ക് കടന്നുവന്ന നിരവധി മുസ്‌ലിം സ്ത്രീകളുടെ പേരുകള്‍ കേരളത്തിന് സുപരിചിതമാണ്. രാഷ്ട്രീയ സാമൂഹ്യ രംഗത്തും അവരുടെ സാന്നിധ്യം ഏറിവരുന്നുണ്ട്. എന്നിട്ടും യാഥാസ്ഥിതിക നിലപാടുകളും ആക്രോശങ്ങളും ആവര്‍ത്തിക്കുന്നുവെന്നത് അപമാനകരമാണ്. മലപ്പുറം പെരിന്തല്‍മണ്ണയില്‍ ഉപഹാരം വാങ്ങുന്നതിനായി വേദിയിലേക്ക് ക്ഷണിച്ച പത്താംതരം വിദ്യാര്‍ത്ഥിനിയെ അപമാനിക്കുകയും തിരിച്ചയക്കുകയും ചെയ്ത സംഭവം അതില്‍ ഒടുവിലത്തേതാണ്. ജാതീയവും ചിന്താപരവുമായ തൊട്ടുകൂടായ്മയും ഉച്ചനീചത്വങ്ങളും നിലനിന്നിരുന്ന കാലത്തു നടന്ന നവോത്ഥാന പോരാട്ടങ്ങളുടെയും സ്വാതന്ത്ര്യ സമരത്തിന്റെയും ഫലമായി ശക്തിപ്പെട്ട പുരോഗമന ചിന്തകള്‍ വിവിധ സമുദായങ്ങള്‍ക്കകത്ത് മാറ്റങ്ങളുണ്ടാക്കി. അതോടൊപ്പം സ്വാതന്ത്ര്യാനന്തരം ആവിഷ്കരിക്കപ്പെട്ട വിദ്യാഭ്യാസ പദ്ധതികള്‍ എല്ലാ മതങ്ങളിലുമെന്നതുപോലെ മുസ്‌ലിം സമുദായത്തിനകത്തും പരിഷ്കരണ പ്രക്രിയയ്ക്ക് ശക്തിയേറ്റി. കേരളത്തില്‍ മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള മലബാര്‍ മേഖലയില്‍ 1954ല്‍ അധികാരമേറ്റ സിപിഐ നേതൃത്വത്തിലുള്ള മലബാര്‍ ജില്ലാബോര്‍ഡ് ആവിഷ്കരിച്ച വിദ്യാഭ്യാസ വ്യാപന പദ്ധതി ആ ദിശയില്‍ വഹിച്ച പങ്ക് വളരെ വലുതാണ്. മലബാര്‍ ജില്ലയുടെ ഭാഗമായിരുന്ന മലപ്പുറം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ കുഗ്രാമങ്ങളില്‍ പോലും വിദ്യാലയങ്ങള്‍ സ്ഥാപിച്ച് എല്ലാ കുട്ടികളെയും സ്കൂളുകളിലെത്തിക്കുകയെന്ന ദൗത്യനിര്‍വഹണം അക്കാലത്തുണ്ടായി. ന്യൂനപക്ഷ സമുദായങ്ങളെ വിദ്യാഭ്യാസമേഖലയിലേക്കും അതുവഴി പൊതു സമൂഹത്തിന്റെ മുഖ്യധാരയിലേക്കുമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് കൈ ക്കൊണ്ട തീരുമാനവും പുരോഗമനപരമായെന്നുമാത്രമല്ല മതപഠനത്തിനപ്പുറം പൊതു വിദ്യാഭ്യാസ മേഖലയിലേക്ക് ആ വിഭാഗങ്ങളുടെ കടന്നുവരവിനു കാരണമായി. കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിക്കുശേഷം ആരംഭിച്ച വിദ്യാഭ്യാസ മുന്നേറ്റം അവസാന ദശകങ്ങളോടെ ശക്തമാവുകയും പരമ്പരാഗത മത ചിന്താഗതികളെയും യാഥാസ്ഥിതിക തിട്ടൂരങ്ങളെയും മറികടന്ന് ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള കുട്ടികള്‍, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ പൊതുജീവിതത്തിന്റെ മുഖ്യധാരയിലെത്തുകയും ചെയ്തു. കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ എല്ലാ വിരുദ്ധ സാഹചര്യങ്ങളെയും അവഗണിച്ച് ഉന്നത വിദ്യാഭ്യാസം നേടുകയും പിന്നീട് പരമോന്നത കോടതി ജഡ്ജി വരെ ആയി പ്രവര്‍ത്തിക്കുകയും ചെയ്ത ജസ്റ്റിസ് ഫാത്തിമാ ബീവി, ഇതേ കാലയളവില്‍ തന്നെ ഉന്നത വിദ്യാഭ്യാസം നേടുകയും രാഷ്ട്രീയരംഗത്ത് പ്രവേശിച്ച് നിയമസഭയുടെ ഡപ്യൂട്ടി സ്പീക്കറായി പ്രര്‍ത്തിക്കുകയും ചെയ്ത എ നഫീസത്തുബീവി ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ ഇവിടെ ഓര്‍ത്തെടുക്കാവുന്നതാണ്.


ഇതുകൂടി വായിക്കാം; നിന്ദ്യവും നീചവുമായ വിദ്വേഷ രാഷ്ട്രീയം


അതിന്റെ ഉയര്‍ന്ന ഘട്ടമെന്ന നിലയില്‍ പ്രാകൃത ചിന്താഗതിയുള്ള ചിലര്‍ നിശ്ചിത മതത്തിന്റേതെന്ന് വേലികെട്ടി വേര്‍തിരിക്കുവാന്‍ ശ്രമിച്ച നാട്യരംഗത്തേക്ക് കടന്നുവന്ന മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരെയും എടുത്തുപറയാവുന്നതാണ്. അത്തരം പുരോഗമന നിലപാടുകളെ നൂറ്റാണ്ടുകള്‍ പിന്നിലേക്ക് തിരിച്ചുനടത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ചെറുതായെങ്കിലും എല്ലാ കാലത്തുമുണ്ടായിരുന്നു. ക്ഷേത്രത്തില്‍ മുസ്‌ലിം പെണ്‍കുട്ടിക്ക് നൃത്തമവതരിപ്പിക്കുവാന്‍ അനുമതി നിഷേധിച്ച സംഭവം അടുത്ത കാലത്താണുണ്ടായത്. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ സാമൂഹ്യമായ പ്രതിഷേധത്തിന്റെ ശക്തി കൂടിയിട്ടുണ്ടെന്നത് ആശ്വാസകരമാണ്. പെരിന്തല്‍മണ്ണ പനങ്കാങ്കരക്കടുത്തുള്ള ഒരു മദ്രസ കെട്ടിട ഉദ്ഘാടന വേദിയിൽ സർട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസിലെ പെൺകുട്ടിയെ വേദിയിലേക്ക് വിളിച്ചതില്‍ ഇ കെ സമസ്ത നേതാവ് എം ടി അബ്ദുള്ള മുസ്‌ലിയാരാണ് പ്രകോപിതനാവുകയും ‘ആരാടോ പത്താം ക്ലാസിലെ പെൺകുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചത്? സമസ്തയുടെ തീരുമാനം അറിയില്ലേ?, പെൺകുട്ടിയാണെങ്കിൽ രക്ഷിതാവിനെയല്ലേ വിളിക്കേണ്ടത്’, എന്ന് പരസ്യമായി ഉച്ചഭാഷിണിയിലൂടെ വിളിച്ചുപറയുകയും ചെയ്തത്. മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ഈ സംഭവം. വലിയ പ്രതിഷേധങ്ങള്‍ക്കാണ് ഇത് വഴിവച്ചത്. വിദ്യാര്‍ത്ഥിനിയെ വിലക്കിയ സമസ്ത നേതാവിനെതിരെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തിട്ടുമുണ്ട്. സമൂഹത്തിന്റെ പൊതുചിന്ത ഇത്തരം പ്രാകൃത — യാഥാസ്ഥിതിക നിലപാടുകള്‍ക്കെതിരാണെന്ന് വ്യക്തമാക്കുന്ന പ്രതികരണങ്ങളാണ് എല്ലാ കോണുകളില്‍ നിന്നും ഉണ്ടായത്. അതേസമയം ഈ വിഷയത്തെ സാമുദായികവല്ക്കരിക്കുവാനും രാഷ്ട്രീയവല്ക്കരിക്കുവാനുമുള്ള ശ്രമങ്ങള്‍ ആശാസ്യമല്ല. ഒരു മതത്തിനെതിരെ തിരിച്ചുവിടാനുള്ള ചില വര്‍ഗീയ സംഘടനകളുടെ ശ്രമങ്ങളെ തിരിച്ചറിയുകയും വേണം. എല്ലാ മതങ്ങളിലും ഇത്തരം യാഥാസ്ഥിതിക — പിന്തിരിപ്പന്‍ നിലപാടുകളില്‍ സമാന മനസ്കതയുള്ള ഒരു വിഭാഗമുണ്ടെന്നത് വസ്തുതയാണ്. ആധുനിക — നവോത്ഥാന കേരളത്തില്‍ ഒരുതരത്തിലും വച്ചുപൊറുപ്പിക്കുവാന്‍ പാടില്ലാത്ത ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ അതേ സമുദായങ്ങള്‍ക്കകത്തുനിന്നുതന്നെ പ്രതിരോധമുയരണം. എങ്കില്‍ മാത്രമേ ഇത്തരം യാഥാസ്ഥിതിക ശക്തികളെ എല്ലാകാലത്തേക്കും ഇല്ലാതാക്കുവാന്‍ സാധിക്കുകയുള്ളൂ.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.