27 March 2025, Thursday
KSFE Galaxy Chits Banner 2

മണ്ഡല പുനർനിർണയം: പ്രശ്നങ്ങളും പ്രത്യാഘാതങ്ങളും

ഡി രാജ
March 26, 2025 4:30 am

2023 മേയ് 28ന് പുതിയ പാർലമെന്റ് സമുച്ചയം സമർപ്പിച്ചുകൊണ്ട് രാജ്യത്തിന് പുതിയ പാർലമെന്റ് മന്ദിരം ആവശ്യമായി വരുന്നത് എന്തുകൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കുകയുണ്ടായി. സമീപഭാവിയിൽ മണ്ഡലങ്ങളുടെയും അംഗങ്ങളുടെയും എണ്ണം വർധിക്കുമ്പോൾ അവര്‍ എവിടെ ഇരിക്കുമെന്ന കാര്യം പരിഗണിക്കേണ്ടതുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന 2026ൽ അവസാനിക്കുന്ന മണ്ഡല പുനർനിർണയ കാലാവധിയെയും മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണയത്തെയും കുറിച്ചുള്ള ചർച്ച ഉയർത്തിക്കൊണ്ടുവരുന്നതായിരുന്നു. ജനസംഖ്യാപരമായ മാറ്റങ്ങൾക്കനുസരിച്ച് മണ്ഡലങ്ങളുടെ അതിർത്തികൾ പുനർനിർണയിച്ചുകൊണ്ട് സന്തുലിത പ്രാതിനിധ്യം ഉറപ്പാക്കുക എന്നതാണ് ഈ പ്രക്രിയയുടെ ലക്ഷ്യമെങ്കിലും, പലർക്കും പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കിടയിൽ ഇത് ആശങ്കകൾക്ക് കാരണമായി. ഫെഡറലിസം സംബന്ധിച്ച് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ തെറ്റായ സമീപനങ്ങളും ആനുപാതികമല്ലാത്ത ജനസംഖ്യാ വളർച്ചയുമാണ് നീതിപൂർവകവും തത്തുല്യവുമായ പ്രക്രിയയെ സംബന്ധിച്ച ആശങ്കകൾ വർധിക്കുവാൻ ഇടയാക്കുന്നത്. 

ഈ സാഹചര്യത്തിലാണ് നിലവിലുള്ള മാനദണ്ഡങ്ങളനുസരിച്ച് അതിർത്തി നിർണയം നടപ്പിലാക്കിയാൽ പ്രതികൂലമായി ബാധിച്ചേക്കാവുന്ന സംസ്ഥാനങ്ങളായ തമിഴ്‌നാട്, കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡിഷ, പഞ്ചാബ് എന്നിവിടങ്ങളിലെ പ്രധാന രാഷ്ട്രീയ പാർട്ടികളുടെ യോഗം തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വിളിച്ചുചേർത്തത്. ഈ യോഗം തങ്ങളുടെ ജനപ്രാതിനിധ്യത്തിനുനേരെ ബിജെപി വാളോങ്ങുന്നതിനെതിരായ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്മയായി മാറി. ഈ സാഹചര്യത്തിൽ അതിർത്തി നിർണയം, ഇതുവരെ അത് മരവിപ്പിച്ചതിന്റെ കാരണം, നമ്മുടെ രാഷ്ട്രീയ ഘടനയിൽ അതിന്റെ പ്രത്യാഘാതങ്ങൾ എന്നിവയെക്കുറിച്ചുള്ള ധാരണയും അതുസംബന്ധിച്ച അർത്ഥപൂർണമായ സംവാദവും അനിവാര്യമാണ്. 

മണ്ഡല പുനർനിർണയം സംബന്ധിച്ച് ഭരണഘടനാ ചട്ടക്കൂട്ടിൽ കൃത്യമായ രൂപരേഖ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അനുച്ഛേദം 82 ഓരോ ജനസംഖ്യാ കണക്കെടുപ്പിനുശേഷവും മണ്ഡല പുനർനിർണയ നിയമമുണ്ടാക്കണമെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നു. ജനസംഖ്യാ കണക്കനുസരിച്ച് നിയമസഭാ മണ്ഡലങ്ങളുടെ ഘടന നിർണയിക്കുന്നത് അനുച്ഛേദം 170 അനുസരിച്ചായിരിക്കണം. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സംസ്ഥാനങ്ങൾക്കുള്ള പ്രാതിനിധ്യം വ്യക്തമാക്കുന്നത് അനുച്ഛേദം 55ലാണ്. ലോക്‌സഭയിലെ പരമാവധി സീറ്റുകളുടെ എണ്ണം, സംസ്ഥാനാടിസ്ഥാനത്തിലുള്ള വിഭജനം എന്നിവ സംബന്ധിച്ച് അനുച്ഛേദം 81ലാണ് നിഷ്കർ‍ഷിച്ചിട്ടുള്ളത്. 1976ലെ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് പാർലമെന്റ് സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നത് മരവിപ്പിച്ചത്. അതിനുള്ള കാരണം ദേശീയ കുടുംബാസൂത്രണ പദ്ധതി ഫലപ്രദമായി നടപ്പിലാക്കിയ സംസ്ഥാനങ്ങൾക്ക് ശിക്ഷയാകരുത് എന്നതായിരുന്നു. വാജ്പേയ് സർക്കാർ 2001ൽ 84-ാം ഭരണഘടനാ ഭേദഗതിയിലൂടെ ഇത് 2026 വരെ ദീർഘിപ്പിക്കുകയും ചെയ്തിരുന്നു. 

എന്നാൽ 2026ലെ കാനേഷുമാരിക്കുശേഷം വരാനിരിക്കുന്ന മണ്ഡല പുനർനിർണയം നിലവിലെ ജനസംഖ്യാ പ്രവണതയനുസരിച്ച് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വൻതോതിലുള്ള കുറവിനും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഗണ്യമായ വർധനയ്ക്കും ഇടയാക്കുമെന്നാണ് ആശങ്ക. പ്രധാന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ബിഹാർ, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവ ചേർന്നാൽ ആകെയുള്ള 543ൽ 174 ലോക്‌സഭാ മണ്ഡലങ്ങളായി. അതായത് നാല് സംസ്ഥാനങ്ങളുടെ ലോക്‌സഭയിലെ പ്രാതിനിധ്യം 32 ശതമാനം. തമിഴ്‌നാട്, കേരളം, ആന്ധ്രാ പ്രദേശ്, തെലങ്കാന, കർണാടക എന്നീ അഞ്ച് സംസ്ഥാനങ്ങങ്ങളിൽ നിന്നായി 129 സീറ്റുകളാണുള്ളത്- 24 ശതമാനം. 

നിലവിലുള്ള 543 നിലനിർത്തുകയും ജനസംഖ്യാനുപാതികമായി മണ്ഡല പുനർനിർണയം നടത്തുകയും ചെയ്യുകയാണെങ്കിൽ അസമത്വം വർധിക്കുകയാണ് ചെയ്യുക. അതനുസരിച്ചാണെങ്കിൽ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ ഗണ്യമായി നേട്ടമുണ്ടാക്കുകയും ആകെ സീറ്റുകളുടെ 38 ശതമാനം അഥവാ 205 സീറ്റുകൾ കയ്യടക്കുമെന്നും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം 103 സീറ്റുകൾ അഥവാ 19 ശതമാനമായി ചുരുങ്ങുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം സീറ്റുകളുടെ എണ്ണം പാർലമെന്റിന്റെ പുതിയ കെട്ടിടത്തിലെ നിർദിഷ്ട ഇരിപ്പിടങ്ങളുടെ എണ്ണത്തിനനുസരിച്ച് 848 ആയി ഉയർത്തുകയാണെങ്കിൽ വടക്കേയിന്ത്യൻ സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളുടെ എണ്ണം 324 (39 ശതമാനം) ആകുകയും തെക്കേ ഇന്ത്യയുടേത് 164 ആയി കുറയുകയും ചെയ്യുമെന്നാണ് അനുമാനം. ജനസംഖ്യാപരവും പ്രാതിനിധ്യപരവുമായ വൈരുധ്യം വളരെ പ്രകടമാകുമെന്നർത്ഥം. 

1971ൽ ബിഹാറിനും തമിഴ്‌നാടിനും ഏകദേശം സമാനമായ ജനസംഖ്യയും സീറ്റുകളുമാണുണ്ടായിരുന്നത്. തുടർന്നുള്ള ദശകങ്ങളിൽ ബിഹാറിലെ ജനസംഖ്യ ഗണ്യമായി വളരെ വേഗത്തിൽ വർധിച്ചു. അതിന്റെ ഫലമായി ഇന്ന് തമിഴ്‌നാടിനെ അപേക്ഷിച്ച് ബിഹാറിൽ ഒരു എംപി വളരെയധികം വോട്ടർമാരെ പ്രതിനിധീകരിക്കുന്ന സാഹചര്യമുണ്ടായി. സമാനാവസ്ഥയിൽ വടക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള എംപിമാർ തെക്കൻ സംസ്ഥാനങ്ങളിലെ അംഗങ്ങളെക്കാൾ വലിയ മണ്ഡലങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. വരാനിരിക്കുന്ന അതിർത്തി നിർണയ പ്രക്രിയയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ നേരിടാൻ പോകുന്ന വെല്ലുവിളിയെയാണ് ഈ അസമത്വം അടിവരയിടുന്നത്. നിലവിലെ ജനസംഖ്യാ കണക്കനുസരിച്ച് വടക്കൻ സംസ്ഥാനങ്ങൾ നിലവിൽ രാജ്യത്തിന്റെ 50 ശതമാനം ഉൾക്കൊള്ളുന്നു. 1971ലെ 43 ശതമാനത്തിൽ നിന്നാണ് ഇത് വർധിച്ചത്. അതേസമയം തെക്കൻ സംസ്ഥാനങ്ങളുടെ പങ്കാളിത്തം 25 ശതമാനത്തിൽ നിന്ന് 20 ആയി കുറയുകയാണ് ചെയ്യുക. ഇതെല്ലാം കൊണ്ടുതന്നെ നിലവിലുള്ള മാനദണ്ഡമാണ് പിന്തുടരുന്നതെങ്കിൽ പ്രക്രിയയുടെ ന്യായാന്യായതയെ കുറിച്ചുള്ള ആശങ്കകൾ വർധിക്കുന്നു. 

2026നു ശേഷം നടക്കാനിരിക്കുന്ന മണ്ഡല അതിർത്തി പുനർനിർണയ പ്രക്രിയയെ ക്കുറിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ പല കാരണങ്ങളാൽ ശക്തമായ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. ആനുപാതികമല്ലാത്ത ജനസംഖ്യാ വളർച്ച തന്നെയാണ് അതിലെ പ്രധാന ഘടകം. കുടുംബാസൂത്രണ നടപടികളിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ മികവ് പുലർത്തിയിട്ടുണ്ട്. അതിലൂടെ അവരുടെ ജനസംഖ്യ നിയന്ത്രിക്കുന്നതിൽ വിജയിക്കാനുമായി. അതേസമയം വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഉയർന്ന ജനസംഖ്യാ വളർച്ചയാണ് രേഖപ്പെടുത്തിയത്. അതുകൊണ്ടുതന്നെ ജനസംഖ്യയെ മാത്രം അടിസ്ഥാനമാക്കിയുള്ള അതിർത്തി നിർണയം ജനസംഖ്യാ നിയന്ത്രണമെന്ന ദേശീയ ലക്ഷ്യം പിന്തുടർന്ന് വിജയിച്ച സംസ്ഥാനങ്ങളെ ശിക്ഷിക്കുന്നതിന് തുല്യമാകും. 

രാഷ്ട്രീയമായി പറഞ്ഞാൽ കർണാടക ഒഴികെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇതുവരെ ബിജെപിക്ക് കാര്യമായ നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. ഈ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രാതിനിധ്യം കുറയ്ക്കുക വഴി തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ബിജെപിയെ നിരസിച്ചതിന് ജനങ്ങളെ ശിക്ഷിക്കുന്നതിനുള്ള ഒരു മാർഗമാണ് അവർ അവലംബിക്കാൻ പോകുന്നതെന്ന് കരുതേണ്ടിവരും. ഫെഡറലിസത്തിന് നേരെയുള്ള ഭീഷണിയാണ് മറ്റൊരു പ്രധാന ആശങ്ക. അധികാര കേന്ദ്രീകരണത്തിന്റെയും ഫെഡറൽ ഘടനയെ ദുർബലപ്പെടുത്തുന്നതിന്റെയും നിലപാടുകൾ ഇതിനകം തന്നെ ബിജെപി പ്രകടിപ്പിച്ചിട്ടുണ്ട്. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ഭാഷ അടിച്ചേല്പിക്കൽ, കേരളം പോലുള്ള സംസ്ഥാനങ്ങൾക്കെതിരായ സാമ്പത്തിക വിവേചനം, ദേശീയ വിദ്യാഭ്യാസ നയത്തിന്റെ നിർബന്ധിത നടപ്പിലാക്കൽ, സംസ്ഥാനങ്ങളുടെ സാമൂഹ്യക്ഷേമ നയങ്ങളിൽ ഇടപെടൽ എന്നിവ ഉദാഹരണങ്ങളാണ്. ഈ നടപടികളുടെ തുടർച്ചയായാണ് അതിർത്തി നിർണയം വരുന്നത് എന്നതിനാൽ ഇത് ഫെഡറലിസത്തെ കൂടുതൽ ദുർബലപ്പെടുത്തുകയും രാഷ്ട്രീയാധികാരത്തെ അനുപാതരഹിതമാക്കുകയും ചെയ്യുമെന്ന ആശങ്കകൾക്ക് കാരണമാകുന്നു.
(അവസാനിക്കുന്നില്ല)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.