25 December 2024, Wednesday
KSFE Galaxy Chits Banner 2

ആനക്കാംപൊയിൽ- കള്ളാടി ‑മേപ്പാടി തുരങ്കപാത നിര്‍മാണം; ആശങ്ക ഒഴിവാക്കണമെന്ന ആവശ്യം ശക്തം

തുരങ്ക നിർമാണക്കരാര്‍ 1341 കോടി രൂപയ്ക്ക് ദിലിപ് ബിൽഡ്കോൺ കമ്പനിക്ക്
Janayugom Webdesk
കോഴിക്കോട്
September 7, 2024 9:39 pm

ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായ നിര്‍ദ്ദിഷ്ട ആനക്കാംപൊയിൽ — കള്ളാടി — മേപ്പാടി തുരങ്കപാത നിര്‍മാണത്തിനുമുമ്പ് ജനങ്ങളിലെ ആശങ്ക പരിഹരിക്കണമെന്ന ആവശ്യം ശക്തം. വയനാട് ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ തുരങ്കപാത നിര്‍മാണം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ പരിസ്ഥിതി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകുന്ന മേഖലയാണെന്നതിനാല്‍ എല്ലാവിധ പഠനങ്ങളും നടത്തിയ ശേഷമേ തുരങ്കപാത നിര്‍മാണവുമായി മുന്നോട്ട് പോകാവൂവെന്ന് ഹൈക്കോടതിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. വയനാട്ടിലെ ദുരന്ത മേഖലകളിൽ നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾക്ക് കോടതിയുടെ അനുമതി വേണമെന്നും ഹൈക്കോടതി നിർദേശം നൽകിയിരുന്നു.
ഇതിനിടെ ആനക്കാംപൊയിൽ‑മേപ്പാടി തുരങ്കപാത പദ്ധതി നിര്‍ത്തിവെയ്ക്കണമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതിയും ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതി പ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവെക്കണമെന്നാണ് സമിതിയുടെ ആവശ്യം. അതീവ സംരക്ഷിത മേഖലയായ വനഭൂമിയിൽ തുരങ്കപാത നിർമിച്ചാൽ അതുണ്ടാക്കാവുന്ന പ്രത്യാഘാതം വലുതാവുമെന്നാണ് പരിസ്ഥിതി സംഘടനകളുടെ അഭിപ്രായം. ചെമ്പ്രമല, വെള്ളരിമല, ക്യാമൽ ഹംപ് കോംപ്ലക്‌സ് എന്നിവയുടെ ഭാഗവും ചാലിയാറിന്റെ പ്രഭവകേന്ദ്രമായ മലനിരകളുടെ അടിയിലൂടെയാണ് തുരങ്കം കടന്നു പോകുക. ഈ പ്രദേശം ജൈവവൈവിധ്യത്താൽ സമ്പന്നമാണെന്നും ഇവര്‍ വ്യക്തമാക്കുന്നു.

ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിൽ സോൺ ഒന്നിലും കസ്തൂരിരംഗൻ റിപ്പോർട്ടിൽ നാച്വറൽ ലാൻഡ്‌സ്‌കേപ്പിലും ഉൾപ്പെടുത്തിയ പരിസ്ഥിതിലോല പ്രദേശത്തുകൂടിയാണ് തുരങ്കപാത കടന്നുപോകുന്നത്. ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയും പുത്തുമലയും ഈ മലനിരകളുടെ കിഴക്കൻ ചെരുവിലാണ്. പടിഞ്ഞാറൻ ചെരുവിലാണ് കവളപ്പാറയും പാതാറും. ഈ പ്രദേശങ്ങളും ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന മേഖലകളാണ്. വയനാട് ജില്ലയിൽ പെയ്യുന്ന ശരാശരി മഴയുടെ അഞ്ചിരട്ടി ലഭിക്കുന്ന പ്രദേശമാണ് ചെമ്പ്രമലയും താഴ് വാരവും. തുരങ്കം നിർമിക്കാൻ കൂറ്റൻ പാറകൾ പൊട്ടിച്ചുനീക്കേണ്ടി വരും. പാറ പൊട്ടിക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനം മലമുകളിലേക്കു വരെ എത്താം. ഇതോടെ മണ്ണിന് കൂടുതൽ ബലക്ഷയം സംഭവിക്കും. ഇത് ഉരുൾപൊട്ടലിന് ആക്കം കൂട്ടാമെന്നും പരിസ്ഥിതി പ്രവർത്തകർ ആശങ്കപ്പെടുന്നു. 

ആനക്കാംപൊയിൽ‑മേപ്പാടി റോഡ് പദ്ധതിയിലാണ് തുരങ്കപാത കൂടി ഉൾപ്പെടുന്നത്. കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തിലെ സ്വർഗംകുന്ന് മുതൽ മേപ്പാടി പഞ്ചായത്തിലെ കള്ളാടി വരെ നീളുന്നതാണ് തുരങ്കപാത. സമുദ്രനിരപ്പിൽ നിന്ന് 52 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്വർഗംകുന്നിനെയും 784 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കള്ളാടിയെയും ബന്ധിപ്പിച്ച് തുരങ്കപാത നിർമിക്കുന്നതിലെ യുക്തിയെയാണ് പശ്ചിമഘട്ട സംരക്ഷണ സമിതി ചോദ്യം ചെയ്യുന്നത്. പരിസ്ഥിതി ദുർബല പ്രദേശത്ത് കൂടിയാണ് തുരങ്കം നിർമിക്കുന്നതെന്നും ആവശ്യമായ പാരിസ്ഥിതികാഘാത പഠനം നടത്താതെയും ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ അനുമതി നേടാതെയുമാണ് പദ്ധതി നടപ്പിലാക്കുന്നതെന്നുമാണ് പ്രധാന ആരോപണം. അടുത്ത കാലങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങൾ സംഭവിച്ച ചൂരല്‍മല, മുണ്ടക്കൈ, കവളപ്പാറ, പുത്തുമല, പാതാർ തുടങ്ങിയ പ്രദേശങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലത്താണ് തുരങ്കപാതക്കായി മല തുരക്കേണ്ടി വരുന്നതെന്നും ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലെ ജലസുരക്ഷയെയും കാർഷിക ജീവിതത്തെയും ദോഷകരമായി ബാധിക്കുമെന്നും പശ്ചിമഘട്ട സംരക്ഷണ സമിതി ചൂണ്ടിക്കാട്ടുന്നു.
കോഴിക്കോട്- വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാത. രാജ്യത്തെ മൂന്നാമത്തെ വലിയ തുരങ്കപാതയാണിത്. സ്വര്‍ഗംകുന്നിലേക്ക് 7.82 കിലോമീറ്റര്‍ നീളത്തിലാണ് തുരങ്കം നിര്‍മിക്കേണ്ടത്. വയനാടിനേയും കോഴിക്കോടിനെയും ബന്ധിപ്പിക്കുന്ന പ്രധാനപാതയായ താമരശ്ശേരി ചുരത്തില്‍ ഒമ്പത് ഹെയര്‍പിന്‍ വളവുകളുള്ള 12 കിലോമീറ്റര്‍ പശ്ചിമഘട്ട മലമ്പാതയാണ്. ഇവിടെ ഗതാഗതക്കുരുക്ക് പതിവാണ്. മഴക്കാലത്ത് മണ്ണിടിച്ചിലും യാത്രാ തടസ്സമുണ്ടാകുന്നു. വയനാട്ടില്‍ നിന്നുള്ള രോഗികളെപ്പോലും കോഴിക്കോട്ടേക്ക് എത്തിക്കാനാവാത്ത സ്ഥിതിയാണ്. ഈ യാത്രാദുരിതത്തിന് പരിഹാരമുണ്ടാക്കാനാകുമനെന്നതിനാലാണ് സര്‍ക്കാര്‍ പുതിയ പാതാ നിര്‍മാണവുമായി മുന്നോട്ട് പോയത്. ഈ പാത യാഥാര്‍ത്ഥ്യമാകുന്നതോടെ വയനാട്ടിലേക്ക്
40 കിലോമീറ്റര്‍ ദൂരം കുറയുമെന്നാണ് കണക്കുകൂട്ടുന്നത്.
ടെന്‍ഡറിലൂടെ കള്ളാടി – മേപ്പാടി തുരങ്കപ്പാതയുടെ നിർമാണം രണ്ടു കമ്പനികൾക്കാണ് ലഭിച്ചത്. 1341 കോടി രൂപയ്ക്ക് ദിലിപ് ബിൽഡ്കോൺ തുരങ്കത്തിന്റെ നിർമാണവും 160 കോടി രൂപയ്ക്ക് റോയൽ ഇൻഫ്രാസ്ട്രക്ചർ കമ്പനി അപ്രോച്ച് റോഡിന്റെ നിർമാണവുമാണ് ഏറ്റെടുക്കുക. ടെൻഡറിൽ രണ്ടു പദ്ധതികൾക്കും കുറഞ്ഞ തുക ക്വോട്ട് ചെയ്തത് ഈ രണ്ടു കമ്പനികളാണെങ്കിലും ഇവരുമായി കൊങ്കൺ റെയിൽവേ കരാർ ഒപ്പിട്ടിട്ടില്ല. പ്രദേശത്തെ പ്രതികൂല സാഹചര്യങ്ങൾ മാറിയ ശേഷമേ കരാറുകൾ ഒപ്പിട്ട് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കൂ. 1643.33 കോടി രൂപയാണ് തുരങ്കത്തിന്റെ നിർമാണത്തിന് കൊങ്കൺ റെയിൽവേ ചെലവു കണക്കാക്കിയിരുന്നത്. ഇതിൽ നിന്ന് 18 ശതമാനം കുറഞ്ഞ തുകയാണ് ദിലിപ് ബിൽഡ്കോൺ ആവശ്യപ്പെട്ടിട്ടുള്ളത്. നിർമാണം തുടങ്ങാൻ 85 ശതമാനം ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കണം. ഈ നടപടികൾ കഴിഞ്ഞാലും കരാറിലെ വ്യവസ്ഥ പ്രകാരം കമ്പനിയുടേതല്ലാത്ത കാരണത്താൽ നിർമാണം വൈകിയാൽ കമ്പനിക്കു നഷ്ടപരിഹാരം നൽകേണ്ടി വരും. അതിനാൽ കാലാവസ്ഥ ഉൾപ്പെടെ എല്ലാ സാഹചര്യങ്ങളും അനുകൂലമായതിനു ശേഷമേ കരാർ ഒപ്പിടുകയുള്ളൂ. രാജസ്ഥാനിലെ കോട്ട തുരങ്കപ്പാത, ഋഷികേശ് ബ്രോഡ്ഗേജ് പാത, ദേശീയ പാതയിലെ ചുരാഹത് ബൈപാസ് തുരങ്കം, ബിലാസ്പൂർ – ബേരി തുരങ്കം തുടങ്ങി വിവിധ പദ്ധതികൾ ഏറ്റെടുത്തിട്ടുള്ള കമ്പനിയാണ് ദിലിപ് ബിൽഡ്കോൺ.
വയനാട്ടിലെ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ സാഹചര്യങ്ങൾ തുരങ്കപ്പാത നിർമാണത്തെ ബാധിക്കില്ലെന്ന നിലപാടിലാണ് കൊങ്കൺ റെയിൽവേയിലെ വിദഗ്ധർ. തുരങ്കം നിർമിക്കുന്നത് പ്രദേശത്ത് കൂടുതൽ ഭീഷണി ഉയർത്തിയേക്കില്ലെന്നും വീണ്ടും പഠനം നടത്താൻ സർക്കാർ തലത്തിൽ നിന്ന് ആവശ്യമൊന്നും ഉയർന്നിട്ടില്ലെന്നും അവർ വ്യക്തമാക്കുന്നു. രണ്ടു ഭാഗങ്ങളായാണു തുരങ്കപ്പാത നിർമാണത്തിന് ടെൻഡർ ക്ഷണിച്ചിരുന്നത്. ആകെ 13 കമ്പനികളാണ് പങ്കെടുത്തത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.