
സംസ്ഥാനത്ത് അനധികൃതവും അശാസ്ത്രീയവുമായ കുഴൽക്കിണർ നിർമ്മാണം വ്യാപകമാകുന്ന പശ്ചാത്തലത്തിൽ നിർമ്മാണ കരാറുകാർക്ക് സർക്കാർ ലൈസൻസ് നിർബന്ധമാക്കി. ജലചൂഷണം തടയുന്നതിനും പരിസ്ഥിതിക്ക് ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ തടയുന്നതിനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതര സംസ്ഥാന ലോബികൾ ഈ മേഖലയിൽ നടത്തുന്ന അനധികൃത നിർമ്മാണത്തിന് ഇതോടെ പിടിവീഴും. 2015 ൽ സർക്കാർ കുഴൽക്കിണർ നിർമ്മാതാക്കൾക്ക് ലൈസൻസ് ഏർപ്പെടുത്തിയെങ്കിലും വിവിധ പരാതികളുടെ അടിസ്ഥാനത്തിൽ 2018ൽ അത് നിർത്തിവയ്ക്കുകയായിരുന്നു. ഈ രംഗത്തെ തദ്ദേശീയരായ നിർമ്മാതാക്കളുടെ നിരന്തര ഇടപെടലാണ് ഇപ്പോൾ പഴയ നിയമം പരിഷ്കരിച്ച് ഉത്തരവായിരിക്കുന്നത്.
ഏപ്രിൽ ഒന്നുമുതൽ ലൈസൻസിനുള്ള അപേക്ഷ സ്വീകരിച്ചുതുടങ്ങും. ഭൂജല വകുപ്പ് ലൈസൻസ് ഇല്ലാതെ കുഴൽക്കിണർ നിർമ്മാണ പ്രവൃത്തിയിൽ ഏർപ്പെട്ടാൽ ഒരു ലക്ഷം രൂപ പിഴയായി നൽകേണ്ടിവരും. ലൈസൻസ് എടുക്കുന്നതിന് 60,000 രൂപ ലൈസൻസ് ഫീസും നിർമ്മാണ യൂണിറ്റിന് 12,000 രൂപയും നൽകണം. ഓരോ വർഷവും പുതുക്കുമ്പോൾ ഇതിന്റെ 10ശതമാനം ഫീസ് നൽകണം. നിർമ്മാണ പ്രവൃത്തികൾക്കും ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളത്തിനും ജനങ്ങൾ കുഴൽക്കിണർ നിർമ്മിക്കുന്നത് വർധിച്ചിട്ടുണ്ട്. സ്ഥല പരിമിതി മൂലവും ഉപരിതല ജലം കൂടുതൽ മലിനവുമാകുന്ന പ്രദേശങ്ങളില്‍ ഇതല്ലാതെ മറ്റു മാർഗങ്ങളില്ലാത്ത സ്ഥിതിയാണ്. ജലജീവൻ മിഷനിലൂടെ സർക്കാർ തന്നെ കുഴൽക്കിണർ അധിഷ്ഠിത കുടിവെള്ള പദ്ധതിയും നടപ്പിലാക്കുന്നുണ്ട്.
കുഴൽക്കിണർ നിർമ്മാണ കരാറുകാർക്ക് ലൈസൻസ് ഏർപ്പെടുത്തിയ നടപടി സ്വാഗതാർഹമാണെന്നും അനധികൃത നിർമ്മാണങ്ങൾ തടയാൻ സഹായകമാണെന്നും ഓൾ കേരള ബോർവെൽ ഡ്രില്ലിങ് കോൺട്രാക്‌ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് വർഗീസ് പുത്തൂർ പറഞ്ഞു.
ഈ മേഖലയിൽ 400ഓളം കരാറുകാരാണ് പ്രവർത്തിക്കുന്നത്. അതിൽ 221 പേർക്കാണ് നിലവിൽ ലൈസൻസ് ഉള്ളത്. ആയിരത്തിലേറെ വിദഗ്ധരായ തൊഴിലാളികളും കുഴൽക്കിണർ നിർമ്മാണ രംഗത്തെ ആശ്രയിച്ച് തൊഴിലെടുക്കുന്നുണ്ട്. സംസ്ഥാനത്ത് ഏകദേശം 30,000ത്തോളം കുഴൽ കിണറുകൾ ഉപയോഗത്തിലുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.ഭൂജല വകുപ്പിന്റെ ജില്ലാ ഓഫീസുകളിലായി 4000 അപേക്ഷകളാണ് ഭൂജല പര്യവേഷണം നടത്തുന്നതിനായി കെട്ടിക്കിടക്കുന്നത്. വരൾച്ച രൂക്ഷമാകുന്നത് കണക്കിലെടുത്ത് സേഫ് ബ്ലോക്കുകളിൽ 100 മീറ്റർ ആഴത്തിൽ കുഴൽക്കിണർ നിർമ്മാണത്തിന് ഭൂജല വകുപ്പിന്റെ ഫീസിബിലിറ്റി സർട്ടിഫിക്കറ്റ് നിർബന്ധമില്ലെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം 100 മീറ്ററിൽ കൂടുതൽ ആഴത്തിൽ കുഴിക്കേണ്ട സാഹചര്യത്തിൽ ഫീസിബിലിറ്റി സർട്ടിഫിക്കറ്റ് ആവശ്യമാണ്.
English Summary;Construction of illegalbore wells will catch on
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.