12 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 4, 2025
March 13, 2024
March 1, 2023
October 26, 2022
October 7, 2022
July 20, 2022
July 20, 2022
July 16, 2022
March 18, 2022

നിയമസഭയിലെ വിവാദ പരാമര്‍ശം: തെറ്റായ ആശയമുണ്ടെന്ന് സ്പീക്കര്‍

പിന്‍വലിച്ച് എം എം മണി
Janayugom Webdesk
July 20, 2022 11:22 pm

നിയമസഭാ പ്രസംഗത്തിലെ കെ കെ രമയ്ക്കെതിരായ പരാമര്‍ശം പിന്‍വലിക്കുന്നതായി എം എം മണി. മണിയുടെ പ്രസംഗത്തില്‍ തെറ്റായ ഒരു ആശയം അന്തര്‍ലീനമായിട്ടുണ്ടെന്നും അത് പുരോഗമനപരമായ മൂല്യബോധവുമായി ചേര്‍ന്നുപോകുന്നതല്ലെന്നും സ്പീക്കറുടെ റൂളിങ്. അനുചിതമായ പ്രയോഗം അദ്ദേഹം പിന്‍വലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സ്പീക്കര്‍ പറഞ്ഞു. തുടര്‍ന്നാണ് മണിയുടെ പ്രസ്താവനയുണ്ടായത്.
അത് അവരുടേതായ വിധി എന്ന് ഒരു കമ്മ്യൂണിസ്റ്റുകാരനായ താന്‍ പറയരുതായിരുന്നുവെന്നും അത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും മണി പറഞ്ഞു. പ്രസംഗത്തില്‍ തന്നെ തന്റെ ഉദ്ദേശശുദ്ധി വെളിപ്പെടുത്താന്‍ ശ്രമിച്ചതാണെങ്കിലും ബഹളത്തില്‍ അത് മുങ്ങിപ്പോവുകയായിരുന്നു. രേഖകള്‍ പരിശോധിച്ചാല്‍, ആരെയും അപമാനിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും ഒരിക്കലും അങ്ങനെ ചിന്തിച്ചിട്ടില്ലെന്നും ബോധ്യപ്പെടുമെന്ന് മണി പറഞ്ഞു.
‘സഭയിൽ ഉപയോഗിക്കാൻ പാടില്ലാത്തത് എന്ന് പൊതുവിൽ അംഗീകരിച്ചിട്ടുള്ള ചില വാക്കുകള്‍ ഉപയോഗിച്ചില്ലെങ്കിലും ചില പരാമര്‍ശങ്ങള്‍ അനുചിതവും അസ്വീകാര്യവുമാകാ‘മെന്ന് സ്പീക്കര്‍ എം ബി രാജേഷ് ചൂണ്ടിക്കാട്ടി. ‘മുമ്പ് സാധാരണമായി ഉപയോഗിച്ചിരുന്ന ചില വാക്കുകളും പ്രയോഗങ്ങളും ഇന്നത്തെ കാലത്ത് ഉപയോഗിക്കാന്‍ പാടില്ലാത്തവയായി കണക്കാക്കുന്നുണ്ട്. വാക്കുകളുടെ വേരും അര്‍ത്ഥവും അതിന്റെ സാമൂഹിക സാഹചര്യത്തിലാണ്. ഒരേ വാക്കിനു തന്നെ എല്ലാ സാമൂഹിക സാഹചര്യങ്ങളിലും ഒരേ അര്‍ത്ഥമാവണമെന്നില്ല. വാക്കുകള്‍ അതതു കാലത്തിന്റെ മൂല്യബോധത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഫ്യൂഡല്‍ മൂല്യബോധത്തെ പ്രതിനിധീകരിക്കുന്ന വാക്കുകളും പ്രയോഗങ്ങളും ആധുനിക ജനാധിപത്യ ലോകത്തിന്റെ മൂല്യബോധത്തിന് വിരുദ്ധമായിരിക്കും. അതുകൊണ്ടാണ് നേരത്തെ സാര്‍വത്രികമായി ഉപയോഗിച്ചിരുന്ന പഴഞ്ചൊല്ലുകള്‍, തമാശകള്‍, പ്രാദേശിക വാങ്മൊഴികള്‍ എന്നിവ പലതും ഇന്ന് കാലഹരണപ്പെട്ടതും ഉപയോഗിച്ചു കൂടാത്തതുമാകുന്നത്.

മനുഷ്യരുടെ നിറം, ശാരീരിക പ്രത്യേകതകള്‍, പരിമിതികള്‍, ചെയ്യുന്ന തൊഴില്‍, കുടുംബപശ്ചാത്തലം, ജാതി, മതം, ലിംഗപരമായ സവിശേഷതകള്‍, ജീവിതാവസ്ഥകള്‍ എന്നിവയെ മുന്‍നിര്‍ത്തിയുള്ള പരിഹാസ പരാമര്‍ശങ്ങള്‍, ആണത്തഘോഷണങ്ങള്‍ എന്നിവയെല്ലാം ആധുനിക ലോകത്ത് അപരിഷ്കൃതമായിട്ടാണ് കണക്കാക്കപ്പെടുന്നത്. അവയെല്ലാം സാമൂഹിക വളര്‍ച്ചയ്ക്കും ജനാധിപത്യ ബോധത്തിന്റെ വികാസത്തിനുമനുസരിച്ച് ഉപേക്ഷിക്കപ്പെടേണ്ടവയാണ് എന്ന ഒരു അവബോധം സമൂഹത്തിലാകെ വളര്‍ന്നു വരുന്നുണ്ട്.’
‘സ്ത്രീകൾ, ട്രാൻസ്ജെന്‍ഡറുകൾ, അംഗപരിമിതർ, കാഴ്ചപരിമിതർ, പാർശ്വവൽകൃത ജനവിഭാഗങ്ങൾ എന്നിവരെക്കുറിച്ച് പരാമർശിക്കുമ്പോൾ പരിഗണന പ്രധാനമാണ്. എന്നാൽ ജനപ്രതിനിധികളിൽ പലർക്കും ഈ മാറ്റം വേണ്ടത്ര മനസിലാക്കാനായിട്ടില്ല. ഇക്കാര്യങ്ങളെല്ലാം മുമ്പില്ലാത്തവിധം സാമൂഹിക ഓ‍ഡിറ്റിങ്ങിന് ഇന്ന് വിധേയമാകുന്നുണ്ടെന്ന് എല്ലാവരും ഓർക്കേണ്ടതാണ്. നമ്മുടെ സഭയ്ക്ക് ഇക്കാര്യത്തിൽ കാലത്തിന്റെ മാറ്റം ഉൾക്കൊള്ളാനാവണം. വാക്കുകൾ വിലക്കാനും നിരോധിക്കാനുമുളള ചെയറിന്റെ അധികാരം പ്രയോഗിച്ച് അടിച്ചേല്പിക്കേണ്ടതാണ് ആ മാറ്റം എന്ന് കരുതുന്നില്ല. സ്വയം തിരുത്തലുകളും നവീകരണവും അംഗങ്ങളുടെ ഭാഗത്തുനിന്ന് നിരന്തരമായി ഉണ്ടാവുകയാണ് വേണ്ടതെന്ന്’ സ്പീക്കര്‍ പറഞ്ഞു.

പ്രതിപക്ഷത്തിനും വിമര്‍ശനം

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ നടപടികള്‍ക്കെതിരെയും സ്പീക്കറുടെ റൂളിങ്ങില്‍ വിമര്‍ശനം.
എം എം മണിയുടെ വിവാദ പരാമര്‍ശത്തിന്റെ വിഷയത്തില്‍ നടപടിക്രമങ്ങൾ വ്യക്തമാക്കുകയും പ്രശ്നം പരിശോധിക്കുമെന്ന് അറിയിക്കുകയും അത് പ്രതിപക്ഷനേതാവ് അംഗീകരിക്കുകയും ചെയ്തതിനുശേഷവും പ്രതിപക്ഷത്തെ ഒരു മുതിർന്ന അംഗം പുറത്തിറങ്ങി മാധ്യമങ്ങളോട് പ്രത്യേകിച്ച് പ്രകോപനമൊന്നുമില്ലാതെ ചെയറിനെ സംബന്ധിച്ച് അങ്ങേയറ്റം ദുസ്സൂചനയോടെ ചില പരാമർശങ്ങൾ നടത്തിയത് മാധ്യമങ്ങളിൽ കാണുകയുണ്ടായി.
സൗമ്യനും മിതഭാഷിയുമെന്ന് കരുതപ്പെടുന്ന അദ്ദേഹം സഭയ്ക്കു പുറത്ത് ചെയറിനെ സംബന്ധിച്ച് നടത്തിയ പരാമർശങ്ങൾ ഉചിതമായോ എന്ന് ശാന്തമായി സ്വയം വിലയിരുത്തട്ടെ എന്നു മാത്രമേ അഭിപ്രായപ്പെടുന്നുള്ളൂവെന്ന് സ്പീക്കര്‍ പറഞ്ഞു.

Eng­lish Sum­ma­ry: Con­tro­ver­sial remarks in Assem­bly: Speak­er has wrong idea

You may like this video also

YouTube video player

TOP NEWS

April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025
April 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.